You are here

ചുരത്തിൽ മണ്ണിടിഞ്ഞു; വയനാട് ഒറ്റപ്പെട്ടു

16:06 PM
14/06/2018
vythiri-churam.

വൈത്തിരി: കനത്ത മഴയിൽ ചുരത്തിൽ മണ്ണിടിഞ്ഞതോടെ വയനാട് ഒറ്റപ്പെട്ടു. ഒന്നാം വളവിന്​ സമീപത്തെ ചിപ്പിലിത്തോടാണ് വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി മണ്ണിടിഞ്ഞത്. ചുരം റോഡ് അപകടാവസ്ഥയിലായ സാഹചര്യത്തിൽ​ വലിയ വാഹനങ്ങൾക്ക്​​ നിയന്ത്രണം ഏർപ്പെടുത്തി​. കാറുകളും ഇരുചക്ര വാഹനങ്ങളും വൺവേ അടിസ്ഥാനത്തിൽ കടത്തിവിടുന്നു. കോഴിക്കോട്​ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളെല്ലാം മാനന്തവാടി, കുറ്റ്യാടി വഴിയാണ് സർവിസ് നടത്തുന്നത്. ചുരം പൂർണ രൂപത്തിലാക്കാൻ ആഴ്ചകളെടുക്കും. 30-40 ടൺ ഭാരമുള്ള ലോറികൾ ഇതിലൂടെ കടത്തിവിടുന്നതിനെതിരെ പൊതുമരാമത്ത്​ എൻജിനീയർമാരും ചുരം സംരക്ഷണ സമിതിയും ജില്ല ഭരണകൂടത്തിന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇക്കാര്യം ഉയർത്തിക്കാട്ടി ‘മാധ്യമം’ നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, ജില്ല ഭരണകൂടം ഇടക്കിടെ ഭാരം നിയന്ത്രിക്കാൻ ഉത്തരവ്​ ഇറക്കുകയല്ലാതെ ഇത്തരം വാഹനങ്ങൾ നിരോധിക്കാൻ നടപടിയെടുത്തില്ല. ഇടിഞ്ഞ ഭാഗം താഴെനിന്നു കെട്ടിയുയർത്തണം. ഗതാഗത നിയന്ത്രണം കാരണം കോഴിക്കോട്ടേക്ക്​ ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയാണ്​. ബദൽ സംവിധാനം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന്​ കെ.എസ്.ആർ.ടി.സി കോഴിക്കോട് ഓഫിസ് അധികൃതർ അറിയിച്ചു. 1982ൽ ചുരം റോഡ് ഒലിച്ചുപോയപ്പോഴുണ്ടായ അവസ്ഥയാണിപ്പോൾ. അന്ന് ബസുകളിൽ ആളെ കൊണ്ടുവന്ന് ജീപ്പുകളിൽ ഷട്ടിൽ സർവിസ് നടത്തിയാണ്​ യാത്ര പ്രശ്നം പരിഹരിച്ചത്​.


ചുരമിടിയു​ന്നു, ആശങ്കയുടെ മുനമ്പിൽ വയനാട്​

കൽപറ്റ: എട്ടു ലക്ഷത്തിലേറെ വരുന്ന ജനത വീണ്ടും ദുരിതങ്ങളുടെ മലമുകളിൽ ഒറ്റപ്പെടുന്നു. ഒരു ചുരവും ഒരായിരം പ്രശ്​നങ്ങളുമായി ജീവിതം തള്ളിനീക്കുന്ന വയനാടിന്​ ഇടിത്തീയായി വീണ്ടും ചുരമിടിഞ്ഞു. ചികിത്സക്കും മറ്റു അടിയന്തരാവശ്യങ്ങൾക്കു​മടക്കം ദിനേന ചുരമിറങ്ങുന്ന വയനാട്ടുകാരുടെ ദൈന്യതക്കുമേൽ കനത്ത പ്രഹരം നൽകിയാണ്​ കനത്ത മഴയിൽ വ്യാഴാഴ്​ച ചിപ്പിലിത്തോട്​ ചുരം റോഡ്​ ഇടിഞ്ഞത്​. മഴക്കാലങ്ങളിൽ മുമ്പ്​ ചുരമിടിയുന്നത്​ പതിവു കാഴ്​ചയായിരുന്നെങ്കിൽ ഇക്കുറി അപകടത്തി​​െൻറ ആഴം ഏറെ കൂടുതലാണ്​. ചുരം റോഡ്​ പൂർവസ്​ഥിതിയിലാകാൻ ആഴ്​ചകളെടുക്കുമെന്ന്​ ബന്ധപ്പെട്ടവർതന്നെ വ്യക്​തമാക്കു​േമ്പാൾ അവശ്യ സർവിസുകൾക്ക്​ വയനാടൻ ജനത ചുറ്റിത്തിരിയേണ്ടിവരുമെന്നതുറപ്പ്​. 

നാലുപാടും ചുരത്തിനാൽ ചുറ്റപ്പെട്ട വയനാടൻ ജനത ബദൽ റോഡെന്ന ന്യായമായ ആവശ്യത്തിന്​ മുറവിളികൂട്ടാൻ തുടങ്ങിയിട്ട്​ പതിറ്റാണ്ടുകളായെങ്കിലും മാറിമാറിവരുന്ന സർക്കാറുകൾ അതു ഗൗനിക്കാറേയില്ല. വയനാടി​​െൻറ വികസനം അനന്തപുരിയിലെ അധികാരക്കസേരകളിലിരിക്കുന്നവർക്ക്​ മുഖ്യ അജണ്ടയല്ലാതായി മാറിയ സാഹചര്യത്തിൽ ചുരത്തിലെ മണ്ണിടിച്ചിലുകളും ഗതാഗതസ്​തംഭനങ്ങളും മലമുകളിൽ ആയിരങ്ങളുടെ സ്വൈരജീവിതത്തെയാണ്​ ബാധിക്കുന്നത്​. ഉല്ലാസയാത്രക്കും കച്ചവടത്തിനും ഇൗ മലഞ്ചെരിവുകൾ താണ്ടിവരുന്നവർക്ക്​ ചുരത്തിനുമുകളിൽ ജീവിക്കുന്നവരുടെ ദുരിതം ഒരു വിഷയമേയല്ല. കൊടുംവളവുകളിലെ മലഞ്ചരിവുകളിൽ അശാസ്​ത്രീയ കെട്ടിടങ്ങൾ വേണ്ടുവോളം പണിയുന്നതിന്​ നിർബാധം അനുമതി നൽകാൻ​ പുതുപ്പാടി പഞ്ചായത്തിനും അതേക്കുറിച്ച്​ മൗനം പാലിക്കാൻ കോഴിക്കോട്​ ജില്ലയിലെ അധികാരികൾക്കും സ്വാതന്ത്ര്യം നൽകുന്നത്​ ഇൗ പാത ഉപയോഗിക്കുന്നവർ അതു നിലകൊള്ളുന്ന ഭൂമിക്ക്​  അപ്പറുമുള്ളവരാണെന്നതുകൊണ്ടാണ്​. 

ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന തരത്തിൽ മരണക്കിടക്കയിലായിട്ടും ഇൗ ചുരത്തെ സംരക്ഷിക്കേണ്ടവർ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ലെന്ന്​ ‘മാധ്യമം’ ഇൗയി​െട നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ചുരം റോഡ് ​പൊട്ടിപ്പൊളിഞ്ഞ്​ ഗതാഗതതടസ്സം പതിവായി മാറിയ സന്ദർഭത്തിൽപോലും അതു നന്നാക്കിയെടുക്കാൻ മാസങ്ങളാണ്​ അധികൃതർ അലംഭാവംകാട്ടിയത്​. ചുരം റോഡ്​ ഇൗവിധം തകരാൻ വഴിയൊരുക്കിയത്​ നിർബാധം കൂറ്റൻ ട്രക്കുകളും കണ്ടെയ്നർ ലോറികളും ടിപ്പറുകളുമടക്കമുള്ളവ ഇൗ മലമ്പാതയിലൂടെ മരണപ്പാച്ചിൽ നടത്തിയതുകൊണ്ടു മാത്രമാണെന്ന്​ വൈത്തിരിയിലും ലക്കിടിയിലുമടക്കമുള്ള നാട്ടുകാർ കുറ്റപ്പെടുത്തുന്നു. 

പേരിന്​ ചില നിയന്ത്രണങ്ങൾ കോഴിക്കോട്​ ജില്ല ഭരണകൂടം പുറപ്പെടുവിക്കുമെങ്കിലും അ​തിനൊക്കെ പുല്ലുവിലയേ ട്രക്​​, ടിപ്പർ ഡ്രൈവർമാർ കൽപിക്കാറുള്ളൂ. ടൺകണക്കിന്​ ഭാരംവഹിച്ച നൂറുകണക്കിന്​ ടിപ്പറുകളാണ്​ ദിവസേന മുക്കം മേഖലയിലെ ക്രഷറുകളിൽനിന്ന്​ വയനാട്​ ചുരം കയറുന്നത്​. ഇതിന്​ നിയന്ത്രണമേർപ്പെടുത്തിയെന്ന്​ റോഡ്​ സാരമായി തകരാറിലായ സന്ദർഭത്തിൽ കോഴിക്കോട്​ ജില്ല ഭരണകൂടം പറഞ്ഞിരു​െന്നങ്കിലും നിർബാധം തുടർന്ന ഇൗ സഞ്ചാരത്തിന്​ നിയന്ത്രണമൊന്നുമുണ്ടായില്ല. ടിപ്പറുകളുടെ ​സ്വൈരവിഹാരത്തിന്​ കൂച്ചുവിലങ്ങിട്ടിരുന്നെങ്കിൽ ചുരം റോഡ്​ ഇൗ വിധം ഇടിയുമായിരുന്നില്ലെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 


 

Loading...
COMMENTS