കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ലോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിൻെറ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞുനിൽക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. വയലേലകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ് പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ ഭൂപ്രദേശമാണ് തേവലക്കര. മതസൗഹാർദത്തിന് ഏറെ പ്രസിദ്ധമായ ഗ്രാമം കൂടിയാണ് ഈ നാട്. ഇവിടെ പ്രസിദ്ധമായ ദേവീക്ഷേത്രവും മസ്ജിദും ചർച്ചും തോളോടുതോളുരുമ്മി നിൽക്കുന്നു. അഞ്ഞൂറിലധികം വർഷങ്ങൾ പഴക്കമുള്ള ശിലാലിഖിതങ്ങൾ തേവലക്കര ദേവീക്ഷേത്ര പരിസരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടത്രെ. പുരാതനകാലത്തുതന്നെ ക്ഷേത്ര സംസ്കാരം കൊണ്ട് സമ്പൽ സമൃദ്ധമായതും ക്ഷേത്രത്തിനു ചുറ്റും ബ്രാഹ്മണ സമൂഹത്തിന് വേരോട്ടമുള്ളതുമായ ഗ്രാമം 'ദേവലോകക്കര'എന്ന പേരിലറിയപ്പെട്ടു. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. ക്രിസ്തുവിൻെറ ശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ സ്ഥാപിച്ച ഏഴര പള്ളികൾ കഴിഞ്ഞാൽ, ക്രിസ്ത്യൻ വ്യാപാരികളായ വിശ്വാസികൾ തേവലക്കരയിൽ സ്ഥാപിച്ച ഓർത്തോഡോക്സ് പള്ളി, പരിശുദ്ധമായ 'മാർ ആബോ' അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലയിലും ഏറെ പ്രാധാന്യമുള്ളതാണ്. ഏകദേശം ഏഴ് ശദാബ്ദങ്ങൾക്കുമുമ്പ് സ്ഥാപിതമായ ചാലിയത്ത് മുസ്ലിം ജമാഅത്ത് മസ്ജിദ്, കോഴിക്കോട് സാമൂതിരിയുടെ സൈനിക ഉദ്യോഗസ്ഥരിൽ പ്രമുഖനായിരുന്ന ചാലിയത്ത് മരക്കാരാൽ നിർമിച്ചതാണെന്നതും ചരിത്രം. പൂർണമായും കാർഷികഗ്രാമമായിരുന്ന തേവലക്കരയിൽ ഒരുകാലത്ത് കയർ റാട്ടുകളുടെ ശബ്ദം കേൾക്കാത്ത ഒരു ഇടവഴിയും ഉണ്ടായിരുന്നില്ല. മാറ്റം അനിവാര്യമായതുകൊണ്ടാകാം, ഇന്ന് തേവലക്കരയെന്ന കാർഷിക ഗ്രാമവും അടിമുടി മാറി. സമസ്ത മേഖലയിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ തേവലക്കരയും തയാറെടുത്തുകഴിഞ്ഞു. നിരവധി സാമൂഹിക പരിഷ്കർത്താക്കൾക്ക് ജന്മം നൽകിയ നാട് കൂടിയാണ് തേവലക്കരയെന്നത് ഈ നാട്ടിലെ ജനങ്ങൾക്ക് ഏറെ അഭിമാനത്തിന് വക നൽകുന്നു. - തേവലക്കര ബാദുഷ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 11:58 PM GMT Updated On
date_range 2020-12-19T05:28:04+05:30സൗഹാർദ സമ്പന്നമായ ഗ്രാമം തേവലക്കര
text_fieldsNext Story