ആറ്റിങ്ങല്‍: തീരദേശപഞ്ചായത്തായ അഞ്ചുതെങ്ങില്‍ ഭരണം നേടാന്‍ പതിനെട്ടടവും പയറ്റി രാഷ്ട്രീയപാര്‍ട്ടികള്‍. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. 10 വാര്‍ഡുകളില്‍ ബി.ജെ.പിയും മത്സരരംഗത്തുണ്ട്. നിലവില്‍ യു.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്താണിത്. ഇത് നിലനിര്‍ത്തുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മാത്രമാണ് ഇവിടെയുള്ളതും. എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലം കൈവശമിരുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. ഇടതുപക്ഷത്തിൻെറ ചുവപ്പുകോട്ടയായിരുന്ന പഞ്ചായത്താണ് അഞ്ചുതെങ്ങ്. 2010ല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇരുമുന്നണികള്‍ക്കും ഏഴ് സീറ്റ് വീതം. അന്ന് ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവന്നെങ്കിലും വൈകാതെ വന്ന ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. 2015 ല്‍ യു.ഡി.എഫ് 14ല്‍ ഒമ്പത് സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തി. എല്‍.ഡി.എഫ് അഞ്ച് സീറ്റില്‍ ഒതുങ്ങി. വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ മുന്നണികള്‍ നേരിടുന്നത് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. തെരഞ്ഞെടുപ്പ് രംഗത്ത് പ്രാദേശികവിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലയാണിത്. മത്സ്യ, കയര്‍ മേഖലകളിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരന്തരമുള്ള കടലാക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിച്ച പ്രശ്‌നങ്ങളും നേരിടുന്നവരാണ് ഭൂരിഭാഗം ജനതയും. കോവിഡ് വ്യാപനം വരുത്തിയ ബുദ്ധിമുട്ടുകളും ഇതോടൊപ്പം ഉണ്ട്. ഓരോ വിഷയങ്ങളിലും തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ എടുത്ത് പറഞ്ഞാണ് രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് തേടുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹസംസ്‌കാരം ഉള്‍പ്പെടെ ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ജാതിമത വിഷയങ്ങളും ചര്‍ച്ചയാക്കി വോട്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സ്ഥാനാർഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളും തുടര്‍ന്നുണ്ടായ വിമത സ്ഥാനാർഥികളും പലരുെടയും പ്രതീക്ഷകളെ തകിടംമറിക്കുന്നുണ്ട്. യു.ഡി.എഫില്‍ നിലവിലെ പഞ്ചായത്തംഗങ്ങല്‍ ഉള്‍പ്പെടെ നാലുപേര്‍ വിമതരായി രംഗത്തുണ്ട്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന സന്ധ്യ സുജയ് വാര്‍ഡ് മൂന്നിലും നിലവിലെ ഗ്രാമപഞ്ചായത്തംഗമായിരുന്ന അര്‍ച്ചന രാജീവ് ബ്ലോക്ക് പഞ്ചായത്ത് കായിക്കര വാര്‍ഡിലും സ്ഥാനാർഥിയാണ്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറും പ്രസിഡൻറ് സ്ഥാനാർഥിയായി പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന യേശുദാസന്‍ സ്റ്റീഫന്‍ മത്സരിക്കുന്ന പന്ത്രണ്ടാം വാര്‍ഡില്‍ രണ്ട് വിമതരുണ്ട്. 2010ല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നയാളും 2015ല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നയാളും ഇവിടെ വിമതരായി മത്സരിക്കുന്നു. ഏഴാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും വിമതനായി. വിമതഭീഷണിയാണ് യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. ശക്തരായ വിമതരില്ലെങ്കിലും എല്‍.ഡി.എഫിൻെറ ചില സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് വേണ്ടത്ര ശോഭിക്കുന്നില്ല. ഇത് എല്‍.ഡി.എഫ് നേതൃത്വത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമണ്‍ പത്താം വാര്‍ഡില്‍ യു.ഡി.എഫിന് വേണ്ടിയും മുന്‍ പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിന് വേണ്ടിയും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമപഞ്ചായത്ത് എട്ട് കുറക്കട വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാർഥി അഡ്വ. ആര്‍. ശ്രീകണ്ഠന്‍ നായര്‍, ബ്ലോക്ക് സ്ഥാനാര്‍ഥി ഒ.എസ്. അംബിക, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥി അഡ്വ. ഷൈലജ ബീഗം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പുകയിലത്തോപ്പില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൻെറ ഉദ്ഘാടനം അഡ്വ. ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. എസ്.ആര്‍. അനില്‍കുമാറിൻെറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഒ.എസ്. അംബിക, അഡ്വ. ആര്‍. ശ്രീകണ്ഠന്‍ നായര്‍, പ്രഭാകരന്‍ പിള്ള, രാധമ്മ ടീച്ചര്‍, ബി. ലാലു, സുകുമാരന്‍, കോരാണി സനല്‍, ചന്ദ്രബാബു, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2020 11:59 PM GMT Updated On
date_range 2020-11-29T05:29:36+05:30അഞ്ചുതെങ്ങില്‍ ഭരണം നേടാന്‍ പതിനെട്ടടവും പയറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍
text_fieldsNext Story