പട്ന: അനിശ്ചിതത്വവും ആകാംക്ഷയും മുറ്റിനിന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു കക്ഷികളടങ്ങുന്ന എൻ.ഡി.എ സഖ്യം കേവല ഭൂരിപക്ഷം ഉറപ്പാക്കി. 243 അംഗ സഭയിൽ മാന്ത്രിക അക്കമായ 122 പിന്നിട്ട എൻ.ഡി.എ 125 സീറ്റുകളിൽ മുന്നിലെത്തി. ആർ.ജെ.ഡി-കോൺഗ്രസ്-ഇടത് കക്ഷികളടങ്ങിയ മഹാസഖ്യത്തിൻെറ പോരാട്ടം 110 സീറ്റുകളിൽ അവസാനിച്ചു. ബുധനാഴ്ച പുലർച്ച വരെ നീണ്ട വോട്ടെണ്ണലിനെക്കുറിച്ച് മഹാസഖ്യം വ്യാപക പരാതിയുയർത്തിയതിനിടയിലും ഫലം പ്രഖ്യാപിച്ച 234 സീറ്റുകളിൽ എൻ.ഡി.എ 119 സീറ്റുകൾ സ്വന്തമാക്കി. ആറു സീറ്റുകളിൽ മുന്നിലാണ്. 106 ഇടങ്ങളിൽ വിജയമുറപ്പിച്ച മഹാസഖ്യം നാലു സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതിനകം 73 സീറ്റ് സ്വന്തമാക്കുകയും രണ്ടിടങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ലാലു പ്രസാദ് യാദവിൻെറ ആർ.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി 74 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായി. ഭൂരിപക്ഷം നേടിയാൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ആവർത്തിച്ച ബി.ജെ.പി ബിഹാറിൽ വിജയമവകാശപ്പെട്ട് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും വോട്ടർമാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. നിതീഷിൻെറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഭരണസാധ്യതയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷുമായി ചർച്ച നടത്തി. 2015ൽ 71 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിൻെറ ജെ.ഡി.യു 43 സീറ്റിൽ മാത്രമാണ് മുന്നിൽ. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 20 സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 27 സീറ്റ് ലഭിച്ചിരുന്നു. അഞ്ചിടങ്ങളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം മുസ്ലിം ഭൂരിപക്ഷപ്രദേശമായ സീമാഞ്ചൽ മേഖലയിലാണ് നേട്ടമുണ്ടാക്കിയത്. മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിച്ച ഇടതു പാർട്ടികൾ വൻ മുന്നേറ്റം നടത്തി. 12 സീറ്റുകൾ നേടിയ സി.പി.ഐ-എം.എൽ വൻ കുതിപ്പാണ് നടത്തിയത്. സി.പി.എമ്മും സി.പി.ഐയും രണ്ടു സീറ്റുകൾ വീതം നേടി ഇടതുകക്ഷികളുടെ തിരിച്ചുവരവിന് ബലം പകർന്നു. ലാലുവിൻെറ മകനും മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രഘോപുരിൽ വൻ വിജയം നേടി. ലാലുവിൻെറ മൂത്ത മകൻ തേജ് പ്രതാപ് യാദവ്, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി എന്നിവരും വിജയിച്ച പ്രമുഖരിൽ പെടും. ഭരണം നിലനിർത്താൻ എൻ.ഡി.എയും 15 വർഷത്തെ നിതീഷിൻെറ ഭരണത്തിന് അന്ത്യം കുറിക്കാൻ മഹാസഖ്യവും നടത്തിയ അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. എൻ.ഡി.എയുടെ ഭാഗമായിരുന്ന പാസ്വാൻെറ എൽ.ജെ.പി ഇത്തവണ ഒറ്റക്കു മത്സരിച്ച് ഒരു സീറ്റിലൊതുങ്ങിയെങ്കിലും ജെ.ഡി.യുവിന് കനത്ത പരിക്കേൽപിക്കാൻ സാധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 12:01 AM GMT Updated On
date_range 2020-11-11T05:31:34+05:30എൻ.ഡി.എ മുന്നിൽ
text_fieldsNext Story