Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവക്കം അബ്​ദുല്‍...

വക്കം അബ്​ദുല്‍ ഖാദര്‍: ദേശസ്‌നേഹികളുടെ രാജകുമാരന്‍

text_fields
bookmark_border
നാളത്തെ തലമുറ ഇങ്ങനെയൊരു ചോദ്യം നേരിടാം; 'കേരളത്തിലെ ദേശസ്‌നേഹികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?'. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ സമരപോരാളിയും രക്തസാക്ഷിയുമായ വക്കം അബ്​ദുല്‍ ഖാദറി​ൻെറ നേതാവായ സുഭാഷ് ചന്ദ്രബോസിനെ ഗാന്ധിജി വിശേഷിപ്പിച്ചത് 'ദേശസ്‌നേഹികളുടെ രാജകുമാരന്‍' എന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ആ വിശേഷണത്തിന് ഏറ്റവും യോഗ്യന്‍ വക്കം അബ്​ദുല്‍ ഖാദര്‍ തന്നെയാണ്. ഈ കുറിപ്പ് അവസാനിക്കുമ്പോഴേക്കും നിങ്ങളത് മനസ്സിലുറപ്പിച്ചിരിക്കും. സാമൂഹിക പരിഷ്‌കര്‍ത്താവായ വക്കം അബ്​ദുല്‍ഖാദര്‍ മൗലവിയുടെ സാന്നിധ്യംകൊണ്ട് സവിശേഷത നേടിയ ആറ്റിങ്ങല്‍ നഗരത്തിനടുത്തുള്ള വക്കം ഗ്രാമത്തിലാണ് വക്കം ഖാദര്‍ ജനിച്ചത്. പിതാവ് വാവാക്കുഞ്ഞ് മൗലവിയുടെ അടുപ്പക്കാരനും ആരാധകനുമായിരുന്നു. സീമന്തപുത്രന് ത​ൻെറ ആരാധ്യപുരുഷ​ൻെറ പേരുതന്നെ നല്‍കാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സാഹിത്യസംസ്‌കാരവും ഭാഷാ പ്രാവീണ്യവും തിങ്ങിവിളങ്ങിയിരുന്ന വക്കം മൗലവിയുടെ കുടുംബവുമായുള്ള വക്കം ഖാദറി​ൻെറ സംസര്‍ഗം അദ്ദേഹത്തി​ൻെറ ഭാഷാ ബോധത്തെ കാര്യമായി സ്വാധീനിച്ചു. മരണത്തി​ൻെറ തലേന്നാള്‍ ഖാദര്‍ പ്രിയ പിതാവിനെഴുതിയ കത്തിലെ ഭാഷയുടെ ശക്തിയും ഓജസ്സും തീവ്രതയും അദ്ദേഹം ഈവിധം ആര്‍ജിച്ചതായിരിക്കണം. 1925ല്‍ ഗാന്ധിജി വൈക്കം സത്യഗ്രഹത്തെ പിന്തുണക്കാന്‍ കേരളം സന്ദര്‍ശിച്ചു. തൊട്ടടുത്തുള്ള തലയോലപ്പറമ്പ് സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായിരുന്ന പില്‍ക്കാലത്ത് വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീര്‍ സാവധാനത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിനടുത്തേക്ക്​ പാഞ്ഞുചെന്ന് അദ്ദേഹത്തി​ൻെറ കൈയില്‍ സ്പര്‍ശിച്ചു. ആ സ്പര്‍ശം ത​ൻെറയുള്ളില്‍ നിത്യമായ ഊര്‍ജസ്രോതസ്സായി മാറിയെന്ന് അവസാനകാലം വരെ ബഷീര്‍ അഭിമാനിച്ചു, അതില്‍ അഭിരമിച്ചു. കൃത്യം പന്ത്രണ്ട് വര്‍ഷത്തിനുശേഷം വക്കത്തുകാരനും സ്‌കൂള്‍ ഫൈനല്‍ വിദ്യാർഥിയുമായ നമ്മുടെ കഥാപുരുഷനും ഇതേഅനുഭവം ലഭിച്ചു. ഗാന്ധിജി സഞ്ചരിച്ച തീവണ്ടി വെള്ളം നിറക്കാന്‍ കടയ്ക്കാവൂര്‍ റെയില്‍വേ സ്​റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് വക്കം ഖാദര്‍ ഓടിച്ചെന്ന് ഗാന്ധിജിയെ തൊട്ടത്. ദേശസ്‌നേഹത്തിൻെറയും മനുഷ്യ സ്‌നേഹത്തിൻെറയും പുത്തനുണര്‍വാണ് അതിലൂടെ ആ ചെറുപ്പക്കാരനിലേക്ക്​ പ്രവഹിച്ചത്. ഗാന്ധിജിയോടുള്ള ആരാധന പില്‍ക്കാലത്ത് ഗാന്ധിയില്‍നിന്ന്​ ഭിന്നിച്ച് സ്വന്തംവഴി തേടിയ സുഭാഷ്ചന്ദ്രബോസിൻെറ അനുയായിയാവാന്‍ ഖാദറിന് തടസ്സമായില്ല. ഗാന്ധിജിയെ രാഷ്​ട്രപിതാവെന്ന് ആദ്യമായി വിശേഷിപ്പിച്ചതും, 1944ല്‍ ഗാന്ധിജിയുടെ എഴുപത്തഞ്ചാം ജന്മദിനം സംഘടിപ്പിച്ചതും ഈ ഭിന്നിപ്പിന് ശേഷമുള്ള സുഭാഷ്ചന്ദ്രബോസ് തന്നെയായിരുന്നു എന്നത്​ ഓര്‍ക്കേണ്ടതാണ്. തദവസരത്തില്‍ ബോസ് നടത്തിയ ഗാന്ധിജിയെ വാഴ്ത്തിക്കൊണ്ടുള്ള പ്രഭാഷണത്തേക്കാള്‍ മികച്ചതൊന്നും ഈ ലേഖക​ൻെറ ശ്രദ്ധയിൽപെട്ടിട്ടില്ല. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചേക്കേറുന്നതുപോലെ അന്ന് തൊഴില്‍തേടി ഇവിടത്തുകാർ പൊയ്‌ക്കൊണ്ടിരുന്നത് മലയ, സിംഗപൂര്‍, സിലോണ്‍ എന്നീ ബ്രിട്ടീഷ് കോളനികളിലേക്കായിരുന്നു. അങ്ങനെ അവിടെയെത്തിയ ഖാദറും മറ്റ് ദേശസ്‌നേഹികളായ ഇന്ത്യന്‍ യുവാക്കള്‍ക്കൊപ്പം ജന്മനാടിൻെറ മോചനത്തിനായി ജീവിതം സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്തു. സ്വന്തം കുടുംബത്തിൻെറ സാമ്പത്തികക്ലേശം നിവര്‍ത്തിക്കാന്‍ അന്യനാട്ടിലെത്തിയ ആ ചെറുപ്പക്കാരന്‍ കാലത്തിൻെറ വിളിക്ക് വഴങ്ങി. കുടുംബത്തിൻെറ കഷ്​പ്പാടിലും വലുത് നാടിൻെറ മോചനമാണെന്ന് ഉറപ്പിച്ചു. കുടുംബം രാജ്യമായി പന്തലിച്ചു. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ രഹസ്യദൗത്യം നിര്‍വഹിക്കുന്നതിൻെറ ഭാഗമായാണ് ഖാദറിൻെറ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മലബാര്‍ തീരത്ത് വന്നിറങ്ങിയത്. അവര്‍ സഹായംതേടിയ ചില തദ്ദേശീയ പ്രമാണിമാരുടെ കുടിലത തിരിച്ചറിയാന്‍ കളങ്കമറ്റ ആ മനസ്സുകള്‍ക്ക് കഴിഞ്ഞില്ല. ആ പ്രദേശത്തെ പ്രമാണിയോട് സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യമാണ് പിന്നീട് ഖാദറിന് കഴുത്തില്‍ കുരുക്കായി മാറിയത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഭരണത്തെ അട്ടിമറിക്കാന്‍ ഖാദര്‍ സഹായം അഭ്യർഥിച്ചുവെന്നാണ് പ്രമാണി കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി മൊഴി നല്‍കിയത്. ഈ മൊഴി ഖാദറിന് ഒന്നാംപ്രതി പട്ടവും കഴുമരവും നേടിക്കൊടുത്തു. ഒറ്റുകാരനായ പ്രമാണിക്ക്​ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്കപ്പതക്കവും നല്‍കി. ഈ വിവരങ്ങളെല്ലാം വിധിന്യായത്തില്‍ പേര് സഹിതം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷേക്‌സ്പിയറിൻെറ പ്രയോഗം കടമെടുത്താല്‍ ഈ നീചവൃത്തിയുടെ ദുര്‍ഗന്ധം മാറ്റാന്‍ അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും പോരാതെ വരും. ഇത്തരം അനവധി നിന്ദ്യമായ വഞ്ചനകള്‍ സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഒറ്റുകൊടുത്തവരും മാപ്പുപറഞ്ഞ് സുരക്ഷിതരായവരും പിന്നീട് ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പലപ്പോഴും ഇപ്പോഴും അവരുടെ സന്താനങ്ങളും. ത​ൻെറ അവസാനശ്വാസം പിടഞ്ഞുതീരുന്നതിന് മുമ്പ് വക്കം ഖാദര്‍ ചെയ്തതെന്താണ്? മതാടിസ്ഥാനത്തില്‍ രാജ്യത്തിൻെറ സ്വരൂപം നിശ്ചയിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ദേശീയതലത്തില്‍ അക്കാലത്ത് ചില വിഭാഗങ്ങള്‍. സാഹോദര്യത്തിന്, ഹിന്ദു-മുസ്​ലിം മൈത്രിക്ക് വേണ്ടി എൻെറ സഹോദരനായ അനന്തന്‍നായരെയും എൻെറ ഒപ്പം തൂക്കിലേറ്റണമെന്നാണ് അവസാന ജീവിതാഭിലാഷമായി ഖാദര്‍ ജയില്‍ അധികൃതരെ അറിയിച്ചത്. ഒരു രക്തസാക്ഷിയില്‍നിന്ന്​ മഹാത്മാവായി ഖാദര്‍ ഉയരുന്നതീവിധമാണ്. ചിറയിന്‍കീഴ് താലൂക്ക് നാല് പുകള്‍പെറ്റ അബ്​ദുല്‍ഖാദര്‍മാര്‍ക്ക് ജന്മം നല്‍കി. ആദ്യത്തെയാള്‍ സാക്ഷാല്‍ വക്കം അബ്​ദുല്‍ഖാദര്‍ മൗലവി എന്ന സാമൂഹിക പരിഷ്‌കര്‍ത്താവും വിഖ്യാതമായ സ്വദേശാഭിമാനി പത്രത്തിൻെറ ഉടമയും. രണ്ടാമത്തെയാള്‍ അദ്ദേഹത്തിൻെറ മകനും വിശ്രുത സാഹിത്യകാരനും വൈജ്ഞാനിക മേഖലയില്‍ സവിശേഷ സംഭാവനകള്‍ നല്‍കിയ അബ്​ദുല്‍ഖാദര്‍, മൂന്നാമത് മലയാള സിനിമയിലെ നിത്യഹരിതനായകനും മനുഷ്യസ്‌നേഹിയുമായ സാക്ഷാല്‍ പ്രേം നസീര്‍. നാലാമത്തെയാളാണ് നമ്മുടെ സ്മര്യപുരുഷന്‍. നാലുപേരും നാലുതരത്തില്‍ വിവിധമേഖലകളിലാണ് തങ്ങളുടെ മഹത്വം തെളിയിച്ചത്. ദേശസ്‌നേഹത്തെക്കുറിച്ചും രാജ്യദ്രോഹത്തെക്കുറിച്ചുമുള്ള പലതരം ഭാഷണങ്ങള്‍ നടക്കുന്ന കാലമാണിത്. അതൊക്കെതന്നെ പലപ്പോഴും സങ്കുചിതവും വൈരുധ്യങ്ങള്‍ നിറഞ്ഞവയുമാണ്. എന്താണ് ദേശസ്‌നേഹമെന്ന് വരുംതലമുറയെ ബോധിപ്പിക്കാൻ അധികൃതര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത് വക്കം അബ്​ദുല്‍ ഖാദര്‍ ത​ൻെറ പിതാവിന് തൂക്കിലേറുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് എഴുതിയ കത്ത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ്. ഒരു കവിതയും ദേശസ്‌നേഹം സ്ഫുരിപ്പിക്കാന്‍ ഹൃദയസ്പര്‍ശിയായ ഈ കത്തിനോളം വരില്ല. കാലത്തിൻെറ അനന്തതയിലേക്ക് വിളംബരംചെയ്ത ആത്മത്യാഗത്തിൻെറ ആവിഷ്‌കാരമാണത്. വക്കം അബ്​ദുല്‍ ഖാദര്‍ എന്ന ഐ.എന്‍.എ രക്തസാക്ഷി മലയാളികളുടെ 'ദേശസ്‌നേഹികളുടെ രാജകുമാരനായി' വിരാജിക്കുകതന്നെ ചെയ്യും. ഭഗത് സിങ്ങിനെപ്പോലെ ദേശീയപ്രതീകമായി ആ നാമധേയവും വികസിക്കുമെന്ന് പ്രത്യാശിക്കാം. ഡോ.എന്‍. ഗോപകുമാരന്‍ നായര്‍ (ചരിത്രവിഭാഗം മേധാവി, ആര്‍ട്‌സ്‌ കോളജ്, തിരുവനന്തപുരം. ജനറല്‍ സെക്രട്ടറി, കേരള ഹിസ്​റ്ററി കോണ്‍ഗ്രസ്)
Show Full Article
TAGS:
Next Story