Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTക്രമസമാധാന പ്രശനമാക്കി കോവിഡിനെ ചുരുക്കി സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: പൊതുജനാരോഗ്യ പ്രവർത്തനത്തിൽ നിന്ന് ക്രമസമാധാന പ്രശ്നമായി കോവിഡ് പ്രതിരോധത്തെ ചുരുക്കി സർക്കാർ. ദേശീയ, അന്തർദേശീയ തലത്തിൽ കേട്ടുകേൾവി ഇല്ലാത്ത നടപടി ആരോഗ്യ, സാമൂഹ്യ രംഗത്ത് ആശങ്ക ഉയർത്തി. ഇത് ആദ്യഘട്ടത്തിലെ പൊലീസ് അതിക്രമ ആവർത്തനത്തിലേക്ക് നയിക്കുേമാന്നാണ് ആശങ്ക. അന്ന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ നടപടിയില്ലാതെ തുടരുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്നാണ് സർക്കാർ ആഹ്വാനം ചെയ്യുന്നത്. പക്ഷേ നഗര, ഗ്രാമ, തീര പ്രദേശങ്ങൾ അടച്ചുപൂട്ടുകയാണ്. നിലവിൽ ആരോഗ്യ പ്രവർത്തകർ നടത്തുന്ന രോഗി സമ്പർക്ക പട്ടിക തയ്യാറാക്കൽ, കണ്ടെയ്ൻമൻെറ് സോൺ അടയാളപെടുത്തൽ ഉൾപടെ പൊലീസിനെ ഏൽപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതല ആയിരുന്നിത്. സർക്കാറും ജനങ്ങളും തമ്മിലെ പരസ്പര വിശ്വാസം നഷ്ടപെടുത്തിയാൽ രോഗപ്രതിരോധ പ്രവർത്തനം പരാജയപെടാനാണ് സാധ്യത. ആരോഗ്യ മന്ത്രിയിൽ നിന്ന് ഏകോപന ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി പ്രവർത്തനം ഫലത്തിൽ ആഭ്യന്തര വകുപ്പിന് കൈമാറിയെന്നാണ് ആക്ഷേപം. ആദ്യഘട്ട പൊലീസിനെ ഉപയോഗിച്ച കണ്ണൂരിലും കാസർകോടും ഏത്തമീടീക്കൽ ഉൾപടെ നിരവധി പരാതി ഉയർന്നു. കാസർകോട് പൊലീസ് പ്രവർത്തനമാണ് ഗുണം ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉൗണും ഉറക്കവുമൊഴിഞ്ഞ് പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരിലെ അവിശ്വാസം രേഖപെടുത്തലെന്നാണ് ആക്ഷേപം. കമാൻഡോറൂട്ട് മാർച്ച് നടത്തിയ തിരുവനന്തപുരത്തെ തീരപ്രദേശത്ത് ഒടുവിൽ ജനങ്ങളുടെ വിശ്വാസം നേടാനായത് മത, സാമുദായിക, തദ്ദേശ ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമാണ്. 'ലോകത്ത് ആരോഗ്യ പ്രവർത്തകരാണ് മഹാമാരി പ്രതിരോധ പ്രവർത്തനം നടത്തുന്നതെന്നും പൊലീസിനെ ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്നും'പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. വി. രാമൻകുട്ടിയും പറയുന്നു. 'നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ പ്രതിരോധ പ്രവർത്തനം അടിച്ചേൽപ്പിക്കാൻ പറ്റില്ല.' ആദ്യഘട്ടത്തിൽ ടെസ്റ്റ് ചെയ്യാൻ അസൗകര്യം,പി.പി.ഇ കിറ്റ് ക്ഷാമവും ആശുപത്രികൾ സജ്ജമാവും ആയിരുന്നില്ല. വ്യത്യസ്തമാണ് ഇന്ന് സ്ഥിതി. കൂടുതൽ ടെസ്റ്റും രോഗികളെ കണ്ടെത്തലുമാണ് പോംവഴിയെന്ന് കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. 'നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ കഴിയുക ആരോഗ്യ പ്രവർത്തകർക്കാണ്. നിപ്പ വൈറസ് ബാധയിലും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനമാണ് നിർണ്ണായകമായത്. ക്രമസമാധാന പ്രശ്നമാണ് പൊലീസിനെ ഏൽപ്പിക്കേണ്ടത്. രോഗ പ്രതിരോധമല്ലെ'ന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story