നൂറിലെത്താൻ മത്സരിച്ച് സവാളയും ചെറിയ ഉള്ളിയും; പച്ചക്കറി വില കൂടുന്നു
text_fieldsതൃശൂർ: ശബരിമല സീസണും ഉത്സവങ്ങളും വരാനിരിക്കെ പച്ചക്കറി വിലയിൽ കുതിപ്പ്. അടുക്കളയിലെ അവിഭാജ്യ ഘടകമായ സവാളയും ചെറിയ ഉള്ളിയും നൂറിലെത്താൻ മത്സരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തും വിലവർധനവുണ്ട്. തമിഴ്നാട് മാർക്കറ്റിനെ ആശ്രയിച്ച് വില നിലനിൽക്കുന്ന പച്ചക്കറികൾ ക്കും വില കയറിത്തുടങ്ങി. പയർ, ബീൻസ് ഉൾപ്പെടെയുള്ളവയും വിലക്കയറ്റ പട്ടികയിലുണ്ട്. ഉത്സവ സീസണുകളും ശബരിമല മണ്ഡലകാലവും വരാനിരിക്കെ പച്ചക്കറിയുടെ വിലവർധന അടുക്കള ബജറ്റിനെ ബാധിച്ചു തുടങ്ങി. ഉള്ളിവില വർധനയിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ വൈകാതെ 100 കടക്കുമെന്നതാണ് സ്ഥിതി. രണ്ടാഴ്ചക്കിടെ അഞ്ചിരട്ടിയോളം വില വർധിച്ചിട്ടുണ്ട്.
മിക്കവാറും വിഭവങ്ങളിൽ ഉള്ളി പ്രധാന ഘടകമായതിനാൽ വിലക്കയറ്റം കാര്യമായി ബാധിക്കും. കിട്ടുന്നവക്ക് നിലവാരവും കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വിൽപനശാലകളിൽ സവാളക്ക് 60 മുതൽ 70 രൂപ വരെയാണ് വില. ചെറിയ ഉള്ളി 80 കടന്നു. വെണ്ടക്കായക്കും 70 മുതലാണ് വില. ബീറ്റ്റൂട്ട്, കാബേജ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവക്കും വില 50 കടന്നു. നേരത്തേ ഓണത്തിന് മുമ്പും പച്ചക്കറി വില വൻതോതിൽ വർധിച്ചിരുന്നു. പിന്നീട് ഓണത്തോടെ വിലകുറഞ്ഞു. അന്ന് തക്കാളിയുടെ വിലയും വൻതോതിൽ ഉയർന്നിരുന്നു. വില ഉയരുന്നത് മുൻകൂട്ടി കണ്ട് സർക്കാർ സംവിധാനം ഉണർന്നില്ലെങ്കിൽ നേരത്തേയുണ്ടായതുപോലെ വലിയ വിലവർധനയാകും ഉണ്ടാവുക.
സപ്ലൈക്കോയിലും ക്ഷാമം
അവശ്യ സാധനങ്ങളുടെ ക്ഷാമത്തിൽനിന്ന് സപ്ലൈകോ, മാവേലി സ്റ്റോറുകൾ ഇനിയും മുക്തമായിട്ടില്ല. പലതും സ്റ്റോക്ക് പരിമിതമാണ്. സബ്സിഡി സാധനങ്ങൾ പോലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.
അരി, മുളക്, മല്ലി, പരിപ്പ്, ഉഴുന്ന് തുടങ്ങിയവക്കാണ് ക്ഷാമം നേരിടുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം ഉൾപ്പെടെ നടത്തിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

