ചാവക്കാട്: കൂരിരുട്ട്, 12 മണിക്കൂർ, 25 കിലോമീറ്റർ.... ആഴക്കടലിെൻറ കൂരിരുട്ടിൽനിന്ന് നാസറുദ്ദീൻ നീന്തിക്കയറിയത് ജീവിതത്തിെൻറ വെള്ളിവെളിച്ചത്തിലേക്ക്. വരുംവരായ്ക ഒന്നും വകവെക്കാതെയാണ് കടലിെൻറ മക്കൾ കോവിഡിനോടുപോലും പടപൊരുതി കടലിലേക്കിറങ്ങുന്നത്. ആ പതിവിലാണ് താനൂർ ചാപ്പപ്പട്ടിക്കാരുടെ ലൈലാൻഡ് വള്ളക്കാരുടെ ഒപ്പം അവരുടെ കാരിയർ വള്ളത്തിൽ കയറി എളാരൻ കടപ്പുറത്തെ ഏനിെൻറ പുരക്കൽ നാസറുദ്ദീനും കൂട്ടിന് ജാറക്കടവത്ത് സിദ്ദീഖും പോയത്. വലിയ വള്ളക്കാർ പിടിക്കുന്ന മത്സ്യം അതിവേഗത്തിൽ കരയിലെ വിൽപന കേന്ദ്രത്തിലെത്തിക്കലാണ് കാരിയർ വള്ളത്തിെൻറ ദൗത്യം. വലിയ വള്ളത്തിന് യന്ത്രത്തകരാർ തോന്നിയതിനാൽ പെട്ടെന്ന് കരയിലെത്താനാണ് നാസറുദ്ദീനെ ഏൽപിച്ചത്. ഇരുകൂട്ടരും അകന്ന് കഴിഞ്ഞപ്പോഴാണ് അപകടമെത്തിയത്. പടിക്കൊപ്പം നിറഞ്ഞ മത്സ്യം കാരണം വള്ളത്തിലേക്ക് വെള്ളം കയറാൻ തുടങ്ങി. എന്തെങ്കിലും ചെയ്യും മുമ്പെ വള്ളം താഴ്ന്നു. ഉയർന്ന് വന്നത് അവർ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന രണ്ട് കന്നാസുകൾ മാത്രം. അതുമായി അവർ നീന്തി. പൊന്നാനിക്ക് വടക്ക് കൂട്ടായി പണ്ടാഴിക്ക് നേരെയായിരുന്നു നീന്തിയത്.
നേരം ഇരുട്ടായപ്പോൾ സിദ്ദീഖ് (29) നാസറുദ്ദീനോട് (22) മുന്നോട്ട് പോയി രക്ഷപ്പെടാൻ പറഞ്ഞു. താൻ പിന്നാലെ വരുമെന്നും. ഇടക്ക് എപ്പോഴോ അവർ വഴിപിരിഞ്ഞു. ഇതിനിെട തീരക്കടലിൽ പൊലീസും ഫിഷറീസ് വകുപ്പും ബോട്ടുമായി നാട്ടുകാർക്കൊപ്പം തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ ഒരു രാത്രി മുഴുവൻ നാസറുദ്ദീൻ നീന്തി. പുലർച്ചയായപ്പോൾ മന്ദലാംകുന്ന് തീരത്തെത്തി. തിരിഞ്ഞ് നോക്കുമ്പോൾ സിദ്ദീഖിനെ കാണാനില്ല. തീരത്ത് വീശുവലയുമായി നിരവധിയാളുകൾ. മൂന്നാഴ്ച മുമ്പ് ഒരാളെ രക്ഷിക്കാൻ ശ്രമിച്ച മൂന്നുപേർ തൊട്ടപ്പുറത്ത് ചാവക്കാട് കടപ്പുറത്ത് കടലിൽ മുങ്ങി മരിച്ചതിനാൽ ഭയത്തിലായിരുന്നു എല്ലാവരും. എന്നാൽ, ഇത് വകവെക്കാതെ ഷുക്കൂർ, താഹിർ, അലിക്കുട്ടി എന്നിവർ കടലിലേക്ക് ചാടി. ആ മൂന്ന് യുവാക്കളുടെ തക്കസമയത്തെ ഇടപെടൽ കൂടിയാണ് നാസറുദ്ദീന് രക്ഷയായത്. എന്നാൽ, ഒപ്പം നീന്തി വഴിയിലെവിടയോ കാണാതായ സിദ്ദീഖിനെക്കുറിച്ചുള്ള നീറുന്ന നൊമ്പരമായിരുന്നു ജീവശ്വാസത്തിനൊപ്പം നാസറുദ്ദീെൻറയുള്ളിൽ.