കുടിവെള്ളം കിട്ടാക്കനി; പത്തനംതിട്ട നഗരസഭയിൽ 22ഒാളം വാർഡുകളിൽ കടുത്ത കുടിവെള്ളക്ഷാമം
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരസഭയിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. വേനൽക്കാലമായില്ലെങ്കിലും കടുത്ത കുടിവെള്ളക്ഷാമത്തിൽ വലയുകയാണ് ഭൂരിഭാഗം വാർഡുകളും. നഗരസഭയുടെ പരിധിയിലുള്ള 22-ഒാളം വാർഡുകളിലും കുടിവെള്ള വിതരണം പ്രതിസന്ധിയിലാണ്. കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ.
ചുരുളിക്കോട് വാർഡിലെ ഉയർന്ന പ്രദേശങ്ങളായ വാലശ്ശേരിക്കോളനി, വളവെട്ടുംപാറ, മുതുമരത്തിൽ കോളനി, ഹൗസിങ് ബോർഡ് കോളനി, പ്ലാപ്പടി-പാറമുരുപ്പേൽ ഭാഗം, പടിഞ്ഞാറ്റേമുറി ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളം ലഭിച്ചിട്ട് 10 മാസത്തിലേറെയായി. നഗരസഭ ഒന്നാം വാർഡിലെ വാളുവെട്ടുംപാറ, മൂന്നാം വാർഡിലെ വഞ്ചിക പൊയ്ക, ആറാം വാർഡിലെ വല്യന്തി, ഏഴാം വാർഡിലെ പൂവൻപാറ എന്നിവിടങ്ങളിൽ മാസത്തിൽ ഒരിക്കലാണ് വെള്ളമെത്തുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ മിക്കയിടത്തും വെള്ളം എത്തുന്നില്ല.
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തെ വാർഡുകളായ തൈക്കാവ്, പട്ടംകുളം, പേട്ട നോർത്ത്-സൗത്ത്, വെട്ടിപ്പുറം, കരിമ്പനാക്കുഴി, ചുട്ടിപ്പാറ തുടങ്ങിയ വാർഡുകളിലും സ്ഥിതി വിഭിന്നമല്ല. പക്ഷേ, ഈ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്ന പ്രദേശങ്ങളിൽ മിക്ക ആഴ്ചകളിലും രണ്ടുതവണ വെള്ളം ലഭിക്കുന്നുണ്ട്. എന്നാൽ, വളരെ കുറച്ച് സമയം തീരെ ശക്തിയില്ലാത്ത ഒഴുക്കിലാണ് ലഭിക്കുന്നതും. കുമ്പഴ പനംതോപ്പ് ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയാണ്.
നഗരത്തിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും നഗരസഭ അധികൃതർക്ക് നിസ്സംഗഭാവമാണ്. ജനങ്ങളാകട്ടെ പരാതി പറഞ്ഞ് മടുത്തു. നഗരസഭ അധ്യക്ഷനോട് പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഫലമുണ്ടാകുന്നില്ലെന്ന് ജനങ്ങളും കൗൺസിലർമാരും പറയുന്നു.
പൊട്ടില്ല... പൊട്ടി...
പുതിയതായി സ്ഥാപിച്ച പൈപ്പുകൾ ഒന്നും പഴയതുപോലെ പൊട്ടില്ല എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, പുതിയ പൈപ്പുകൾ സ്ഥാപിച്ച് കുഴിമൂടുന്നതിന് മുമ്പ് തന്നെ പലഭാഗത്തെയും പൈപ്പുകൾ പൊട്ടിത്തുടങ്ങി.
പിന്നീട് പഴയ പൈപ്പ് കണക്ഷനുണ്ടായിരുന്ന പലഭാഗത്തും വെള്ളം കിട്ടാതായി. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ കുടിവെള്ള അതോറിറ്റിക്കെതിരെ സമരപരിപാടികൾ നടത്തിയിട്ടും ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല.
നിലവിൽ പലവീടുകളിലും 800 രൂപമുതൽ 1500 രൂപവരെ ആഴ്ചയിൽ രണ്ടും മൂന്നും തവണ മുടക്കി വാഹനങ്ങളിൽ വെള്ളമെത്തിക്കുകയാണ്. നഗരത്തിലെ ഓഫിസുകൾ, ആശുപത്രി, ശബരിമല ഇടത്താവളം എന്നിവിടങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്.
മുടക്കിയത് 11.5 കോടി
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.5 കോടിരൂപ മുടക്കിയാണ് പത്തനംതിട്ട നഗരത്തിലെ പൈപ്പുകളുടെ നവീകരണവും വിപുലീകരണവും നടത്തിയത്.
കുടിവെള്ള പൈപ്പുകളുടെ പണികൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ മുക്കിലും മൂലക്കും വരെ കുടിവെള്ള വിതരണമെത്തുമെന്നും മുഴുവൻ കുടിവെള്ളപ്രശ്നങ്ങൾക്കും പരിഹരമുണ്ടാകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.