You are here

പൊള്ളുന്ന വിലയില്‍ ആര്‍ക്കും വേണ്ടാതെ പമ്പ മണല്‍

12:49 PM
02/08/2020
പമ്പയില്‍ നിന്നുള്ള മണല്‍ അരിയ്ക്കകാവ് തടി ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുന്നു

പത്തനംതിട്ട: പമ്പയില്‍ മണല്‍ നീക്കം പൂര്‍ത്തിയാക്കി അവിടെനിന്ന് വടശ്ശേരിക്കര അരിയ്ക്കകാവ് തടി ഡിപ്പോയിലെത്തിച്ച മണല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ.

2018ലെ പ്രളയത്തില്‍ പമ്പ തൃവേണിയില്‍ അടിഞ്ഞുകൂടിയ വന്‍ ധാതുനിക്ഷേപത്തില്‍നിന്ന് 1000 ഘനമീറ്റര്‍(62 ലോഡ്) മണലാണ് പമ്പ ഉള്‍പ്പെടുന്ന റാന്നി ഫോറസ്​റ്റ്​ ഡിവിഷനിലെ തടി ഡിപ്പോയായ അരിയ്ക്കകാവില്‍ വില്‍പനക്കായി എത്തിച്ചത്. 

2019 ജൂലൈ 10നാണ് തിരുവനന്തപുരം സ്വദേശി കരാറുകാരൻ 5,93,340  രൂപക്ക്​ മണല്‍ നീക്കാന്‍ ലേലം കൊണ്ടത്. കിഴക്ക്-പടിഞ്ഞാറ്‌ ദിശയില്‍ ചരിവുള്ള ഭുപ്രകൃതിയാണ് അരിക്കകാവ് ഡിപ്പോയിലേത്. മണല്‍ ഒലിച്ചുപോകാതിരിക്കാന്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡിന് സമാന്തരമായി മണല്‍ കൂനക്ക്​ ചുറ്റുമതില്‍ പണിത വകയില്‍  രണ്ടുലക്ഷം രൂപ വേറെയും വനംവകുപ്പിന് ചെലവായി.

വനവിഭവങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന എം.എസ്.ടി.സി വെബ്‌ സൈറ്റ് വഴിയാണ് മണലിനും ടെൻഡര്‍ സമര്‍പ്പിക്കേണ്ടത്. അംഗികൃത വ്യാപാരികള്‍ അല്ലാത്തവര്‍ 575 രൂപ മുടക്കി ഈ സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്യണം. ഒരു ഘനമീറ്റര്‍ മണലിന് (35.12ഘന അടി )1200 രൂപയാണ് കുറഞ്ഞ റേറ്റ്.

ലേലം കൊള്ളുന്ന ആള്‍ ഉറപ്പിച്ചുകിട്ടിയ തുകക്ക്​ പുറമേ അഞ്ചുശതമാനം വനം വികസന നികുതിയും അഞ്ചുശതമാനം ജി. എസ്.ടിയും ഒരു ശതമാനം പ്രളയ സെസും അടയ്ക്കണം. പുറമെ ലോഡിങ്​ കൂലിയും വരും. ചളിയും ഉരുളന്‍ കല്ലുകളും പ്ലാസ്​റ്റിക് കുപ്പികളും അടക്കം പ്രളയത്തില്‍ ഒലിച്ചുവന്നതെല്ലാം മണല്‍ ശേഖരത്തിലുണ്ട്.

ഒരു ഘനമീറ്റര്‍ പാറമണല്‍ ലോഡിങ്​ കൂലിയടക്കം 1100 രൂപക്ക്​ കിട്ടുമെന്നതാണ് ആവശ്യക്കാരെ മണല്‍ ലേലത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. 2019 ആഗസ്​റ്റ്​ 27നായിരുന്നു ആദ്യലേലത്തീയതി. 24 തവണ അറിയിപ്പ് വന്നിട്ടും ഒരാള്‍പോലും ലേലത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല.

ആഗസ്​റ്റ്​ അഞ്ചിനും 17നും വീണ്ടും ലേലമുണ്ട്.   അധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മ കൊണ്ടാണ് മണല്‍ ആരും ലേലത്തില്‍ എടുക്കാത്തതെന്ന്‍ ഫോറസ്​റ്റ്​ ഡിപ്പോ തൊഴിലാളി യുനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രസിഡൻറ്​ ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ആരോപിച്ചു. 

Loading...
COMMENTS