Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാനസിക വൈകല്യമുള്ള...

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
തൃശൂർ: മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത 17 കാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി സുഖം പ്രാപിച്ച് വരികയാണ്​. കഴിഞ്ഞ 19നാണ് സംഭവം. ഒരു അനാഥാലയത്തിൽനിന്ന് പുറത്ത് കടന്ന പെൺകുട്ടിയെ ചാവക്കാട് ബസ് സ്​റ്റാൻഡിൽ വച്ച് രണ്ടംഗ സംഘം ബൈക്കിൽ കയറ്റികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒറ്റക്ക്​ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് രാമവർമ പുരത്തുള്ള വുമൺസ് ചിൽഡ്രസ് ഹോമിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റി കുന്നംകുളത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം രാമവർമ പുരത്ത് ചിൽഡ്രസ് ഹോമിന് സമീപം ഇറക്കി വിടുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന് തൊട്ടടുത്തുള്ള ജീവനക്കാര​ൻെറ വീടിൽ അഭയം തേടിയ പെൺകുട്ടിയെ അവിടെ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഗാന്ധിഭവൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന്​ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ പറഞ്ഞു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വേണ്ട നടപടികൾ സ്വീകരിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. നിയമപരമായ കാര്യങ്ങൾക്ക് പൊലീസിൽ ഉടൻ തന്നെ പരാതി നൽകുകയും ചെയ്​തുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ചാവക്കാട് സി.ഐ ആണ് അന്വേഷണം നടത്തുന്നത്. അമ്മ വനിത ജയിലിലാണെന്നും അച്ഛൻ ഇടുക്കിയിലാണെന്നും കുട്ടി പറയുന്നത്​. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. സംഭവത്തിൽ ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ഉണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണെന്നും​ ചാവക്കാട് പൊലീസ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ വ്യക്തമാക്കി.
Show Full Article
TAGS:
Next Story