You are here

പോസ്റ്റ് ഓഫിസിൽ സഹായം ചോദിച്ചെത്തിയയാൾ നാല് ലക്ഷം രൂപയുമായി കടന്നുകളഞ്ഞു

15:37 PM
13/06/2018
Tirur-Post-Office-Theft

തിരൂർ: പോസ്റ്റ് ഓഫിസിൽ സഹായം ചോദിച്ചെത്തിയയാൾ ഓഫിസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാല് ലക്ഷം കവർന്ന് ഓടിരക്ഷപ്പെട്ടു. തിരൂർ ഈസ് റ്റ്ബസാർ പോസ്റ്റ് ഓഫിസിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 

സംഭവത്തെ കുറിച്ച് പോസ് റ്റ് മാസ്റ്റർ ഭാർഗവി പറയുന്നത്- രാവിലെ ഓഫിസിലെത്തി ആർ.ഡി നിക്ഷേപം പിൻവലിച്ച ഇടപാടുകാരന് നൽകാൻ സൂക്ഷിച്ചിരുന്ന 744450രൂപയിൽ നിന്ന് നാല് ലക്ഷമാണ് നഷ്ടമായത്. ഒരു മണിയോടെ ഭക്ഷണം കഴിക്കാനായി തയാറാകുന്നതിനിടെ പാൻറും ഷർട്ടും ധരിച്ചെത്തിയയാൾ ഊമയാണെന്ന് രേഖ കാണിച്ച് സഹായം തേടി.

നാവ് പുറത്തേക്കിട്ട് സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. വരാന്തയിൽ നിന്ന് പെട്ടെന്ന് ഓഫിസിനകത്തേക്ക് പ്രവേശിച്ച ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. സഹായം നൽകിയവരുടെ പേര് വിവരമെന്ന നിലയിൽ വിവിധ തുകകൾ രേഖപ്പെടുത്തിയ പേപ്പറും കാണിച്ചു. 20 രൂപ എഴുതിക്കോളൂ എന്ന് പറഞ്ഞ് പണമെടുക്കാൻ പോസ്റ്റ്മോസ്റ്റർ മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോൾ ഇയാളും കൂടെ വന്നു.

ബാഗിൽ നിന്ന് പണമെടുത്ത് നൽകുന്നതിനിടെ പൊടുന്നനെ ഇയാൾ ഓടി മറയുകയായിരുന്നു. തുടർന്ന് പരിശോശന നടത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് മാസ്റ്റർ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. ഈ മേശയുടെ അരികിൽ നിന്നാണ് ഇയാൾ ഓടി മറഞ്ഞത്. ഈ സമയം പോസ്റ്റ് മാസ്റ്ററും ജീവനക്കാരനായ സുരേന്ദ്രനും ആർ.ഡി ഏജൻറ് സുജാതയും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രൻ മറ്റൊരു മുറിയിലായിരുന്നു. സുജാദ ഭാർഗവിയുമായി സംസാരത്തിലുമായിരുന്നു.

തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂർ അസി. പോസ്റ്റൽ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തിൽ തപാൽ വകുപ്പും അന്വേഷണം തുടങ്ങി.

തിരൂർ സ്വദേശി കൈപ്പാടത്ത് വാഹിദിന് നൽകാനായി സൂക്ഷിച്ചതായിരുന്നു പണം. പോസ്റ്റ് ഓഫിസിലുണ്ടായിരുന്ന ആർ.ഡി അക്കൗണ്ട് രാവിലെ വാഹിദെത്തി ക്യാൻസൽ ചെയ്തിരുന്നു. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് നാലര ലക്ഷം രൂപ വരുത്തുകയും ബാക്കി തുക ഇവിടെ നിന്ന് ചേർക്കുകയും ചെയ്തു. തുടർന്ന് എണ്ണിത്തിട്ടപ്പെടുത്തി വെച്ച ശേഷമാണ് ഭാർഗവി ഭക്ഷണം കഴിക്കാനിരുന്നത്. വാഹിദ് പണം കൈപ്പറ്റാനായി വരാനിരിക്കെയായിരുന്നു സംഭവം. അപരിചിതൻ ഓഫിസിനകത്ത് പ്രവേശിച്ചിട്ടും ജാഗ്രത പുലർത്താതിരുന്നതാണ് വിനയായത്. 

തിരൂർ-മഞ്ചേരി റോഡിൽ പാൻബസാറിലാണ് പോസ്റ്റ് ഓഫിസ്. മുകളിലത്തെ സ്ഥാപനത്തിലുള്ള സി.സിടി.വിയിൽ കവർച്ചക്കാരൻ പോസ്റ്റ് ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്. 

COMMENTS