മനുഷ്യാവകാശ കമീഷൻ ഇടപെടൽ: ക്വാറൻറീനിൽ പോയ ഡോക്ടർക്ക് ശമ്പളം
text_fieldsമലപ്പുറം: ഒ.പിയിൽ പ്രവർത്തിക്കവെ ക്വാറൻറീനിൽ പോയ ഡോക്ടർക്ക് നിഷേധിച്ച ശമ്പളം സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് ലഭിച്ചു. ഊർങ്ങാട്ടിരി ഓടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. എം.സി. ഷഹീനയുടെ പരാതിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിർദേശത്തെ തുടർന്ന് പരിഹാരമായത്. 15 ദിവസത്തെ തുകയായ 28,800 രൂപയാണ് അനുവദിച്ചത്. വ്യക്തമായ സർക്കാർ ഉത്തരവ് ഇല്ലാതിരുന്നതിനാലാണ് ക്വാറൻറീൻ കാലത്തെ വേതനം നൽകാതിരുന്നതെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ക്വാറൻറീൻ ശമ്പളം കൊടുക്കാമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വിശദീകരണത്തെ തുടർന്ന് കമീഷൻ അംഗം ബീനാ കുമാരി ചൊവ്വാഴ്ച മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിൽ കേസ് തീർപ്പാക്കി. കുറ്റിപ്പുറം ഗവ. ടെക്നിക്കൽ സ്കൂളിലെ ജീവനക്കാരനായിരുന്ന വി. രാജീവെൻറ പെൻഷൻ ആനുകൂല്യങ്ങളും ലഭ്യമായി. കോവിഡ് കാരണം ഓഫിസുകളുടെ പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്നാണ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത് വൈകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂൺ 14ന് പെൻഷൻ ആനുകൂല്യങ്ങൾ എ.ജി അനുവദിച്ചു. പെൻഷൻ അപേക്ഷ കാണാതായെന്ന പരാതി വസ്തുതാവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അദാലത്തിൽ ഇരുപതോളം പരാതികൾ പരിഗണിച്ചു.