You are here

കോഴിക്കോട്, വയനാട്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിലും പഞ്ചായത്തുകളിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്

07:21 AM
14/06/2018
Rain monsoon

കോഴിക്കോട്/കൽപ്പറ്റ/കോട്ടയം: കോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. കൂടാതെ ജില്ലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 

മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനൽ കോളജ്‌ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കനത്ത മഴയെ തുടർന്ന് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി നൽകിയിട്ടുള്ളത്. 

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ഇന്ന് അവധിയായിരിക്കും. കോട്ടയം നഗരസഭയിലെയും ആർപ്പൂക്കര, അയ്നമനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം, സംസ്ഥാന സർക്കാരോ വിവിധ ബോർഡുകളോ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല

കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രൊഫഷണൽ  കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയിലെ സി.ബി.എസ്.ഇ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉച്ചക്ക് ശേഷം കലക്ടർ അവധി നൽകി. 

ബുധനാഴ്ച രാത്രിയിലെ അതിശക്തമായ മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും അപകട സാധ്യത കണക്കിലെടുത്താണ് സ്കൂളുകൾക്ക് അവധി നൽകിയിട്ടുള്ളതെന്ന് ജില്ലാ അധികൃതർ അറിയിച്ചു.  

മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്‌. അതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Loading...
COMMENTS