വരുന്നു കോഴിക്കോട്ടും ഷീസൈക്ലിങ് പദ്ധതി
text_fieldsകോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച ഷീസൈക്ലിങ് പദ്ധതി കോഴിക്കോട്ടും വരുന്നു. സ്ത്രീകൾ തന്നെ വനിതകൾക്ക് സൗജന്യമായി സൈക്കിൾ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇന്ത്യ മുഴുവൻ പദ്ധതി നിലവിലുണ്ട്. ജില്ല പഞ്ചായത്തുമായി പ്രാഥമിക ചർച്ച നടന്നു.
കുടുംബശ്രീയുടെ സഹായത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ഏതെങ്കിലുമൊരു സ്കൂളിലാവും പദ്ധതി ആദ്യം തുടങ്ങുക. തുടർന്ന് ജില്ല മുഴുവൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം.
നെതർലൻഡ്സ്ആസ്ഥാനമായി ആഗോളതലത്തിൽ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ബി.വൈ.സി.എസ് മറ്റു നഗരങ്ങളെപ്പോലെ കോഴിക്കോട്ടും സൈക്കിൾ മേയറെ നിശ്ചയിച്ചിട്ടുണ്ട്. വനിതകൾക്കിടയിൽ സൈക്കിൾ സാക്ഷരത ലക്ഷ്യമിട്ടാണ് ഷീസൈക്ലിങ് പദ്ധതി നടപ്പാക്കുന്നതെന്ന് കോഴിക്കോട് സൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാർ അറിയിച്ചു.
കൊച്ചിയിൽ ആയിരത്തോളം വനിതകൾ പുതുതായി സൈക്കിൾ പഠിച്ചുകഴിഞ്ഞു. വനിതകൾക്ക് ശാസ്ത്രീയമായി സൈക്കിൾ പഠനം ഇപ്പോഴും ബാലികേറാമലയായി തുടരുന്നു. സൈക്കിൾ പഠനം സ്ത്രീകളിൽ കൂടുതൽ സുരക്ഷിത ബോധമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇതോടൊപ്പം മികച്ച ആരോഗ്യ സംരക്ഷണോപാധികൂടിയാണ്. സ്ഥിരമായ സൈക്കിൾ സവാരി ഹൃദയത്തിനും പേശികൾക്കും എല്ലിനും കരുത്തും മാനസിക പരിമുറുക്കങ്ങൾക്ക് അയവും വരുത്തും. നഗരങ്ങൾ കേന്ദ്രീകരിച്ച് സൈക്കിൾ ഉപയോഗിക്കുന്നവരെ കൂടുതൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സൈക്കിൾ യാത്രക്കാർ ഏറുന്നത് പരിസ്ഥിതിക്കും ജനാരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാവും.
പിങ്ക് റൈഡേഴ്സ് എന്ന പേരിൽ മാനാഞ്ചിറ സ്ക്വയറിൽ സൈക്കിൾ ലഭ്യമാക്കാൻ കോർപറേഷൻ പദ്ധതിയുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. എന്നാൽ, ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയിൽ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍ യാത്ര ഒരുക്കാൻ കോര്‍പറേഷന്റെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ആഭിമുഖ്യത്തിൽ ഓരോ വാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങാനായി സൈക്കിളുകൾ വാങ്ങാനാണ് കോർപറേഷൻ തീരുമാനം.
കോഴിക്കോട്ടെ സൈക്കിളുകളുടെ രക്ഷകൻ ഇപ്പോഴും സജീവം
കോഴിക്കോട്: നഗരത്തിലെ വലിയ ഉദ്യോഗസ്ഥരും ബാങ്ക് മാനേജർമാരും ഡോക്ടർമാരും വ്യാപാരികളുമൊക്കെ സൈക്കിളിൽ സവാരി ചെയ്തിരുന്ന കാലം മാറി സൈക്കിൾ ആരോഗ്യസംരക്ഷണോപാധിയായി മാറിയപ്പോഴും കോഴിക്കോട്ടെ സൈക്കിൾ നന്നാക്കുന്ന 71 കൊല്ലം പിന്നിട്ട കടയിൽ തിരക്കൊഴിയുന്നില്ല.
നൂറുകണക്കിന് സൈക്കിൾ ഷോപ്പുകളുണ്ടായിരുന്ന നഗരത്തിൽ അവശേഷിക്കുന്ന സൈക്കിൾ കടകളിലൊന്നാണ് കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിനടുത്ത മോഹൻദാസ് സൈക്കിൾ മാർട്ട്. നന്നാക്കാൻ പറ്റാത്ത ഏത് വണ്ടിയും മറ്റു കടക്കാർ റഫർ ചെയ്യുക മോഹനേട്ടന്റെ സൈക്കിൾ പീടികയിലേക്കാണ്. ഇടക്ക് തളർന്ന സൈക്കിൾ മേഖല വീണ്ടും സജീവമായതായി ഉടമ 72കാരൻ മൊകവൂർ നന്താത്ത് മോഹനൻ പറഞ്ഞു.
1952ൽ പിതാവ് എൻ. കുഞ്ഞിക്കണ്ണനാണ് കട തുടങ്ങിയത്. മക്കളായ മോഹനന്റെയും ദാസിന്റെയും പേരുചേർത്താണ് കടക്ക് മോഹൻദാസ് സൈക്കിൾ മാർട്ടെന്ന് പേരിട്ടത്. പിതാവും സഹോദരനും വിടപറഞ്ഞു. എങ്കിലും പിതാവിനെ സഹായിക്കാൻ 1970ൽ ഷോപ്പിൽ കയറിയ മോഹനൻ നഗരത്തിന്റെ പ്രിയ സൈക്കിൾ റിപ്പയറുകാരനായി ഇന്നും തുടരുന്നു.
പഴയ മീൻ വണ്ടിക്കാർ മുതൽ നഗരത്തിലെ ന്യൂജെൻ സൈക്കിൾ റൈഡർമാർവരെ മോഹനന്റെ കസ്റ്റമേഴ്സാണ്. താമരശ്ശേരി, വയനാട് എന്നിവിടങ്ങളിൽ നിന്നടക്കം സൈക്കിളുമായി ആളുകളെത്തുന്നു. സ്പോർട്സ് സൈക്കിളുകൾക്കാണ് ഇഷ്ടക്കാർ ഏറെ. ഗിയർ വർക്കടക്കം വലിയ പണിയാണെങ്കിൽപോലും രണ്ടാഴ്ചക്കുള്ളിൽ സൈക്കിൾ നന്നാക്കിക്കിട്ടും. ഇനി ഇലക്ട്രിക് സൈക്കിൾ മെക്കാനിസവും പഠിക്കണമെന്നാണ് മോഹനന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.