ഓണത്തിരക്കിനിടയിൽ ക്രമക്കേട് കണ്ടെത്താൻ കോർപറേഷൻ പരിശോധന
text_fieldsഓണത്തോടനുബന്ധിച്ച് കോർപറേഷന്റെ നേതൃത്വത്തിൽ വഴിയോരകച്ചവടം ചെയ്യുന്നവരെ പരിശോധിക്കുന്നു
കോഴിക്കോട്: ഓണാഘോഷത്തിരക്കിനിടയിൽ ക്രമക്കേടുകൾ കണ്ടെത്താൻ കോർപറേഷൻ പരിശോധന. മാലിന്യം തള്ളൽ, അനധികൃത കച്ചവടം, ഫൂട്പാത്ത് കൈയേറ്റം, ശുചിത്വമാനദണ്ഡം പാലിക്കാതെയുള്ള വിൽപന എന്നിവ നിയന്ത്രിക്കാനായാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തിന്റെ തിരക്ക് തീരുന്നതുവരെ നഗരത്തിൽ എല്ലാദിവസവും പരിശോധന കർശനമായി നടത്താനാണ് തീരുമാനം.
ഓണത്തിരക്ക് ഏറിയ പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഫൂട്പാത്ത് കൈയേറി വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നരീതിയിൽ അനധികൃത കച്ചവടം ചെയ്തവരെ ഒഴിപ്പിച്ചു. പാളയം ബസ് സ്റ്റാൻഡിൽനിന്ന് വാഹനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നവഴിയിൽ ഇരുവശങ്ങളിലുമായുള്ള കച്ചവടം അടിയന്തരമായി നീക്കംചെയ്യാൻ കർശനനിർദേശം നൽകി.
പൂർണമായി ഫൂട്പാത്ത് കൈയേറി കച്ചവടം ചെയ്ത പാളയത്തെ രണ്ട് കടകൾക്ക് നോട്ടീസ് നൽകി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീയുടെ നിർദേശാനുസരണം ഹെൽത്ത് ഓഫിസർ ഇൻചാർജ് കെ. പ്രമോദ്, ഹെൽത്ത് സൂപ്പർവൈസർ ബെന്നി മാത്യു, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡെയ്സൺ, ബിജു ജയറാം, ശൈലേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

