കുറ്റ്യാടി നക്സലൈറ്റ് ആക്രമണത്തിന് 53 വർഷം; പ്രതികളിൽ ഒരാൾമാത്രം ബാക്കി
text_fieldsകുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ നക്സൽ ആക്രമണത്തിന് നാളെ 53 വർഷം തികയുമ്പോൾ അതിൽ പങ്കെടുത്ത 16 പ്രതികളിൽ അവശേഷിക്കുന്നത് എഴുപത്തെട്ടുകാരൻ പാലേരി സി.എച്ച്. കടുങ്ങോൻ മാത്രം. 1969 ഡിസംബർ 18ന് പുലർച്ച രണ്ടിന് നടന്ന ആക്രമണ കേസിൽ കടുങ്ങോൻ മൂന്നാം പ്രതിയായിരുന്നു. അന്ന് പൊലീസ് വെടിവെപ്പിൽ മരിച്ച വേലായുധൻ പെരുവണ്ണാമൂഴി ഒന്നാംപ്രതിയും കഴിഞ്ഞ വർഷം ജൂലൈയിൽ മരിച്ച അപ്പു ബാലുശ്ശേരി രണ്ടാംപ്രതിയുമായിരുന്നു. പാലേരി ജി.കെ. കുഞ്ഞിരാമൻ നായർ, അച്യുതൻ കോഴിക്കോട്, ചൊത്തക്കൊല്ലി പൊക്കൻ, മൊകേരി കച്ചേരി കണ്ണൻ, കുറ്റിയിൽ കൃഷ്ണൻ, പൂക്കാട് ശ്രീനിവാസൻ, കോട്ടയം ശശി, പെരുവണ്ണാമൂഴി പാച്ചി എന്ന പായിച്ചി, തൊട്ടിൽപാലം മല്ലൻ കുട്ടപ്പൻ, കൊടക്കാരൻ വേലായുധൻ തുടങ്ങിയവരായിരുന്നു മറ്റു പ്രതികളെന്ന് കടുങ്ങോൻ ഓർക്കുന്നു. പൂക്കാട് ശ്രീനിവാസനെ കോടതി വെറുതെവിട്ടിരുന്നു.
സ്റ്റേഷന്റെ ജനലഴിക്കിടയിലൂടെ ബോംബെറിഞ്ഞപ്പോൾ അകത്ത് കിടക്കുകയായിരുന്ന എസ്.ഐ. പ്രഭാകരനാണ് കൊണ്ടത്. വലതു കൈ തകർന്നു. പൊലീസ് തിരിച്ചു വെടിവെച്ചപ്പോഴാണ് വേലായുധൻ മരിച്ചത്. ചിതറിയോടിയ പ്രതികൾ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു. പാലേരി പാറക്കടവിലെ ആൾത്താമസമില്ലാത്ത പറമ്പിൽ ഒളിവിൽകഴിഞ്ഞ തന്നെ രണ്ടുദിവസം കഴിഞ്ഞ് സമീപവാസിയായ ആളാണ് പൊലീസിന് കാണിച്ചുകൊടുക്കുന്നത്. രണ്ടുകൊല്ലം കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലും ആറു വർഷം കണ്ണൂർ സെൻട്രൽ ജയിലിലുമായിരുന്നു.
കസ്റ്റഡിയിലെയും ജയിലിലെയും മർദനങ്ങൾ കാരണവും മറ്റു രോഗങ്ങളാലും അവശതയിലായ കടുങ്ങോൻ ഇപ്പോൾ വിശ്രമത്തിലാണ്. ജയിലിൽ നിന്നിറങ്ങിയശേഷം പത്രം ഏജന്റായും ലോട്ടറി വിൽപനക്കാരനായും പ്രവർത്തിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മകൻ ഓട്ടോ ഡ്രൈവറും മകൾ അംഗൻവാടി ഹെൽപറുമാണ്. പുൽപള്ളി, തലശ്ശേരി സ്റ്റേഷൻ ആക്രമണങ്ങളിൽനിന്നുള്ള പ്രചോദനമായിരുന്നു കുറ്റ്യാടി ആക്രമണം നടത്തിയതിന് കാരണമെന്ന് ഇദ്ദേഹം പറഞ്ഞു. ആദ്യം കായണ്ണ പൊലീസ് സ്റ്റേഷൻ (ഇന്നത്തെ കൂരാച്ചുണ്ട്) ആക്രമണത്തിനായിരുന്നു പദ്ധതിയിട്ടത്. അതു നടക്കാതായപ്പോൾ കുറ്റ്യാടി തിരഞ്ഞെടുത്തു. 1976ൽ മറ്റൊരു സംഘം കായണ്ണ സ്റ്റേഷൻ ആക്രമിച്ച് ആയുധം കവർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.