12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസ്: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
text_fieldsകോഴിക്കോട്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ ഹാരിസ് (29), മാതാവ് സാക്കിറ (54) എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് ആദിൽ നവജാത ശിശുവിനെ കർണാടകയിലേക്ക് കടത്തിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. കുഞ്ഞിന്റെ മാതാവ് മങ്കട സ്വദേശി ആഷിഖയുടെ (23) പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാവിലെ 10.30ഓടെയാണ് പൂളക്കടവിലെ വീട്ടിൽനിന്ന് ആദിലും സാക്കിറയും കുഞ്ഞുമായി കടന്നത്. തുടർന്ന് 11.30ഓടെ ആഷിഖ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവിന് പരാതി നൽകി. 12 ദിവസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആഷിഖയുടെ പ്രസവം. ആശുപത്രിവാസത്തിനുശേഷം പൂളക്കടവിലെ ഭർതൃവീട്ടിലേക്ക് കൊണ്ടുവന്നു.
കുഞ്ഞിന്റെ പരിചരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ആദിലും സാക്കിറയും ആഷിഖയുമായി കലഹിച്ചിരുന്നു. ഇതുമൂലം ആഷിഖ കുഞ്ഞിനെയുമായി വീട്ടിലേക്ക് പോകാനൊരുങ്ങി. തുടർന്നാണ് തന്റെ ജോലിസ്ഥലമായ ബംഗളൂരുവിലേക്ക് ആദിലും മാതാവും ചേർന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്.
പരാതി ലഭിച്ചയുടൻ അന്വേഷണം നടത്തിയെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നതിനാൽ ഇവരെക്കുറിച്ച് വിവരം ലഭിച്ചില്ല. ബംഗളൂരുവിലേക്ക് പോകാൻ സാധ്യതയേറെയാണെന്ന് മനസ്സിലാക്കിയ ചേവായൂർ പൊലീസ് വിവിധ സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും പരിശോധിക്കാൻ നിർദേശം നൽകി.
ബത്തേരി എസ്.ഐ സജിമിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ വൈകീട്ട് നാലരയോടെ കുഞ്ഞുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും മുത്തങ്ങ അതിർത്തിയിൽവെച്ച് പിടികൂടി. ഉടൻ കുട്ടിയെ ബത്തേരിയിലെ ശിശു പരിചരണ കേന്ദ്രത്തിൽ എത്തിച്ച് ശുശ്രൂഷ നൽകി. ചേവായൂർ എസ്.ഐ. ഡി. ഷബീബ് റഹ്മാന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കുഞ്ഞിനെയും ഇരുവരെയും കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.