Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുന്നത്തുകളത്തിൽ...

കുന്നത്തുകളത്തിൽ ജ്വല്ലറി: പണയ സ്വർണം മടക്കിനൽകുന്നത്​ 1544 പേർക്ക്​

text_fields
bookmark_border
കോട്ടയം: സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന്​​ പൂട്ടിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിൽനിന്ന്​ പണയ സ്വർണം മടക്കിനൽകുന്നത്​ 1544 പേർക്ക്​. പണയ ഉരുപ്പടികൾ മുഴുവനും കണ്ടെടുക്കാനായിട്ടില്ല. ഇടപാടുകാർ പണയം വെച്ച സ്വർണം കാത്തലിക്​ സിറിയൻ ബാങ്കിൽ പണയം വെച്ചിരുന്നു. ഇവയിൽ പലതും ലേലത്തിൽ പോയി. ബാക്കിയുള്ളവ ബാങ്കിൽ പണമടച്ച്​ ഏറ്റെടുത്തശേഷമാണ്​ ഇടപാടുകാർക്ക്​ തിരിച്ചുനൽകുന്നത്​. 13 കിലോയിലേറെ സർണമാണ്​ തിരിച്ചുകിട്ടിയത്​. ഇവയിൽ ഭൂരിഭാഗവും ചെറിയ തൂക്കത്തിലുള്ളതാണ്​. സ്ഥാപനം പൂട്ടുന്ന കാലഘട്ടം വരേക്ക്​ 12 ശതമാനവും അതിനുശേഷം ആറു ശതമാനവും പലിശ ഈടാക്കാനാണ്​ കോടതി നിർദേശം. ഇടപാടുകാരെക്കൊണ്ട്​ ഈ പണം അടപ്പിച്ച ശേഷമാണ്​ ഉരുപ്പടികൾ തിരികെ നൽകുന്നത്​. ബാക്കി കണ്ടെത്താനുള്ള സ്വർണത്തി​ൻെറ കാര്യത്തിൽ കോടതിയെ സമീപിക്കേണ്ടിവരും. ജില്ല കോടതി ഔദ്യോഗിക റിസീവർ അഡ്വ. പി.​കെ. വിനോദ്​ കുമാറി​ൻെറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം 22 പേർക്ക്​ സ്വർണം തിരിച്ചുനൽകി. ബാക്കിയുള്ളവർക്ക്​ ചൊവ്വാഴ്​ച മുതൽ ഉരുപ്പടികൾ വിതരണം ചെയ്​തുതുടങ്ങും. മൂന്നുമാസമെങ്കിലുമെടുക്കും നടപടികൾ പൂർത്തിയാവാൻ എന്ന്​ അഡ്വ. പി.​കെ. വിനോദ്​ കുമാർ അറിയിച്ചു. ഇടപാടുകാർ അടക്കുന്ന പണം നിക്ഷേപകർക്ക്​ നൽകാനായാണ്​ ഉപയോഗിക്കുക. 5100 നിക്ഷേപകർക്കാണ്​​ പണം​ നഷ്​ടപ്പെട്ടത്​. ​ഫിനാൻസ്​, ചിട്ടിക്കമ്പനി, ജ്വല്ലറികൾ എന്നിവ നടത്തിയിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ് 2018 ജൂൺ 17നാണ്​ സബ്​ കോടതിയിൽ പാപ്പർ ഹരജി നൽകിയത്​. തുടർന്ന്​ കോട്ടയം, ചങ്ങനാശ്ശേരി, കുമരകം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളും ചിട്ടിക്കമ്പനിയും ​ഫിനാൻസും പൂട്ടി. ഗ്രൂപ്​ ഉടമ കെ.വി. വിശ്വനാഥൻ, ഭാര്യ, മകൾ, മരുമകൻ എന്നിവർ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്​റ്റിലാവുകയും ചെയ്​തു.​ കെ.വി. വിശ്വനാഥൻ നാലുമാസത്തിനുശേഷം ആശുപത്രി കെട്ടിടത്തിന്​ മുകളിൽനിന്ന്​ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Show Full Article
TAGS:
Next Story