പന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പന്തളത്തുനിന്ന് പുറപ്പെട്ടു. ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് അയ്യപ്പഭക്തരുടെ അകമ്പടിയോടെയാണ് പന്തളം വലിയ കോയിക്കൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽനിന്ന് യാത്രയായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെ ആചാരപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാണ് ഘോഷയാത്ര പുറപ്പെട്ടത്. കൊട്ടാരം കുടുംബാംഗങ്ങൾക്ക് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്. രാജപ്രതിനിധിക്ക് പകരം ഗുരുസ്വാമിയാണ് സംഘാംഗങ്ങളെ മാലയിട്ട് അനുഗ്രഹിക്കുക. ചൊവ്വാഴ്ച രാവിലെ 11ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എൻ. വാസു, ബോർഡ് അംഗം കെ.എസ്. രവി എന്നിവരുടെ നേതൃത്വത്തിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ, പി.എൻ. നാരായണ വർമ എന്നിവരിൽനിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഇവ ക്ഷേത്രത്തിലെത്തിച്ചു. ആചാര വിധിപ്രകാരം ശ്രീകോവിലിന് മുന്നിൽ തിരുവാഭരണ പേടകം തുറന്നുെവച്ചു. 12.45ന് മേല്‍ശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാർ പോറ്റി പേടകവാഹക സംഘാംഗങ്ങൾക്ക് മാലകൾ പൂജിച്ചുനൽകി. 12.55ന് മേല്‍ശാന്തി പേടകത്തിനു നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ക്ഷേത്രത്തിന് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഉച്ചക്ക് ഒന്നിന് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള പേടകം ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെട്ടു. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രക്കൊപ്പം യാത്രതിരിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാൻഡൻറ് പി.പി. സന്തോഷ് കുമാറിൻെറ നേതൃത്വത്തിൽ 42 അംഗ സായുധ പൊലീസ് സംഘവും അനുഗമിക്കുന്നുണ്ട്. ഘോഷയാത്ര രാത്രി അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ചു. ബുധനാഴ്ച പുലര്‍ച്ച രണ്ടിന് അവിടെനിന്ന് പുറപ്പെടുന്ന സംഘം രാത്രി ളാഹ വനംവകുപ്പിൻെറ സത്രത്തില്‍ വിശ്രമിക്കും. 14ന് പുലർച്ച യാത്ര തിരിക്കുന്ന സംഘം നീലിമല കയറി അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കർപ്പൂരാഴിയുഴിഞ്ഞ് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ആറുമണിയോടെ പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയില്‍നിന്ന് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദീപാരാധനക്കായി നടതുറക്കുമ്പോള്‍ കിഴക്കന്‍ചക്രവാളത്തില്‍ മകരസംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഇക്കുറി 5000 പേർക്ക് മാത്രമാണ് ശബരിമലയിൽ ദർശനത്തിന് അനുമതി. ചിത്രം: PTG Thiruvabharana Ghoshayathra പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:02 AM GMT Updated On
date_range 2021-01-13T05:32:34+05:30തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു
text_fieldsNext Story