Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊച്ചി-കോട്ടയം...

കൊച്ചി-കോട്ടയം ജലപാത: ആഭ്യന്തര ചരക്കുനീക്കം പൂർണമായി ജലഗതാഗതത്തിലേക്ക്​

text_fields
bookmark_border
കോട്ടയം: കൊച്ചി-കോട്ടയം ജലപാതയിലെ ആഭ്യന്തര ചരക്കുനീക്കത്തിന്​ 30 കണ്ടെയ്​നർ ഉൾക്കൊള്ളുന്ന ബാർജ്​ രണ്ടുമാസത്തിനകം കോട്ടയം തുറമുഖത്തെത്തും. ഇതുസംബന്ധിച്ച നടപടി അവസാനഘട്ടത്തിലാണ്​. ബാർജ്​ എത്തുന്നതോടെ ആഭ്യന്തര ചരക്കുനീക്കം പൂർണമായി ജലഗതാഗതത്തിലേക്ക്​ മാറുമെന്ന്​ മാനേജിങ്​ ഡയറക്​ടർ അബ്രഹാം വർഗീസ്​ പറഞ്ഞു. എട്ട്​ കണ്ടെയ്​നർ കൊള്ളുന്ന ബാർജാണ്​ നിലവിൽ കോട്ടയം പോർട്ടിനുള്ളത്​. വലിയ ബാർജ്​ എത്തുന്നതോടെ ചരക്കുനീക്കം എളുപ്പമാവുകയും വേഗത്തിലാവുകയും ചെയ്യും. വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം മാത്രമാണ്​ കോട്ടയം തുറമുഖം വഴി നടന്നിരുന്നത്​. കഴിഞ്ഞദിവസമാണ്​ ആഭ്യന്തര ചരക്കുനീക്കം തുടങ്ങിയത്​. റെയിൻബോ ഇൻഡസ്​ട്രീസിനായി റബർ അധിഷ്​ഠിത വ്യവസായത്തിനുള്ള അസംസ്​കൃതവസ്​തുക്കളുമായി​ ഗുജറാത്തിൽനിന്ന്​ 40 അടി നീളമുള്ള കണ്ടെയ്​നറാണ്​ ആദ്യമായി തുറമുഖത്തെത്തിയത്​. 350 കണ്ടെയ്​നർകൂടി അടുത്തദിവസങ്ങളിൽ എത്തും. സംസ്ഥാനത്ത്​ കൊച്ചി തുറമുഖത്ത്​ മാത്രമാണ്​ ആഭ്യന്തര ചരക്കുനീക്കം ഉള്ളത്​. കൊച്ചിയിലെത്തുന്ന ചരക്ക്​ അവിടെനിന്ന്​ മറ്റു സ്ഥലങ്ങളിലേക്ക്​ റോഡ്​ മാർഗം ട്രെയിലറുകളിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. എന്നാൽ, ബാർജ്​ വരുന്നതോടെ ചരക്ക്​ നേരിട്ട്​​ ജലപാത വഴി കോട്ടയം തുറമുഖത്തെത്തും. ഇതുവഴി ചരക്കുകൂലിയിൽ 30ശതമാനം കുറവുവരും. ഗതാഗതക്കുരുക്കും പണച്ചെലവും കുറയും. മധ്യതിരുവിതാംകൂറിലെ വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചക്കും ഇത്​ ഏറെ സഹായകമാകും. കോട്ടയത്തിനുപുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന്​​ കൊച്ചിയിലേക്ക്​ ചരക്കുനീക്കം എളുപ്പമാവുകയും ചെയ്യും. തുറമുഖത്തെ കസ്​റ്റംസ്​ പോർട്ടായി ഉയർത്തണമെന്ന അപേക്ഷ സെൻട്രൽ കസ്​റ്റംസ്​ ബോർഡിനുമുന്നിലാണ്​. ഇത്​ യാഥാർഥ്യമാവുന്നതോടെ എവിടെനിന്ന്​ ചരക്ക്​ എടുക്കാനാവും. ഡ്രൈ തുറമുഖമായ കോട്ടയത്തിന്​ കൊച്ചി, തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളിൽനിന്ന്​​ ചരക്കെടുക്കാനാണ്​ ഇപ്പോൾ അനുമതിയുള്ളത്​. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ്​ കോട്ടയത്തേത്​. കോട്ടയം നഗരത്തിന്​ അഞ്ചു കി.മീ. മാറി നാട്ടകം പഞ്ചായത്തിൽ​ കൊടൂരാറിന്​ തീരത്ത്​ 10 ഏക്കറിലാണ്​ തുറമുഖം സ്ഥിതിചെയ്യുന്നത്​. 2009ൽ നാടിന്​ സമർപ്പിച്ചെങ്കിലും പ്രവർത്തനസജ്ജമായത്​ 2013 മുതലാണ്​. 40,000 ചതുരശ്ര അടി ഉള്ള വെയർഹൗസും രണ്ട്​ യാർഡും അടക്കം സൗകര്യങ്ങൾ ഇവിടെയുണ്ട്​.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story