Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴക്കെടുതിയിൽ മലയോരം

മഴക്കെടുതിയിൽ മലയോരം

text_fields
bookmark_border
* പേമാരിയും ഉരുൾപൊട്ടലും മലയോര മേഖലയിൽ വൻ നാശം * പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി * വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു പുനലൂർ: കനത്ത മഴയിലും ഉരുൾപൊട്ടലിലും കിഴക്കൻ മലയോര മേഖലയിൽ വ്യാപകമായ നാശം. ചപ്പാത്ത് തകർന്നതോടെ വനമധ്യേയുള്ള അച്ചൻകോവിൽ ഗ്രാമം ഭാഗികമായി ഒറ്റപ്പെട്ടു. ആര്യങ്കാവിൽ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്​ടം. പാലരുവിയടക്കം മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. തെന്മല ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും ഷട്ടറുകൾ കൂടുതൽ തുറന്ന് ജലം ഒഴുക്കിത്തുടങ്ങി. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ പലയിടത്തും മണ്ണും പാറയും ഇടിഞ്ഞുവീണ് ഭാഗികമായി ഗതാതത തടസ്സം നേരിട്ടു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായി നിരവധി വീടുകളും മറ്റ് നിർമാണ പ്രവർത്തനങ്ങളും പൂർണമായും ഭാഗികമായും തകർന്നു. പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്. അച്ചൻകോവിൽ ആറ് കരകവി​െഞ്ഞാഴുകുന്നതിനാൽ ആവണിപ്പാറ ഗിരിജൻ കോളനിയും അച്ചൻകോവിൽ ആറ്റിന് വടക്കുഭാഗത്തുള്ളവരും ഒറ്റപ്പെട്ട നിലയിലാണ്. പുനലൂർ നഗരസഭയിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളം ക‍യറിയതിനാൽ വലിയ തോതിൽ കൃഷിനാശവുമുണ്ടായി. മലയോര തോട്ടം മേഖലയിൽ മിക്കയിടത്തും വൈദ്യുതിയും മുടങ്ങി. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള പല കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി. അഞ്ചൽ മേഖലയിൽ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു അഞ്ചൽ: കനത്ത മഴയെത്തുടർന്ന് അഞ്ചൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പെരുങ്ങള്ളൂരിൽ ഇത്തിക്കരയാർ കര കവിഞ്ഞൊഴുകിയതു മൂലം അഞ്ചൽ-ആയൂർ റോഡിലൂടെയും എം.സി റോഡിൽ ആയൂർ-അകമൺ ഭാഗത്തു കൂടിയുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ആയൂർ ഭാഗത്ത് നിന്നുമെത്തിയ വാഹനങ്ങൾ ഗതി മാറ്റി അസുരമംഗലം, പനച്ചവിള വഴിയാണ് അഞ്ചൽ ഭാഗത്തേക്കും തിരികെയും കടത്തിവിട്ടത്. ഉച്ചക്ക് ശേഷം റോഡിൻെറ ഒരു വശത്തുകൂടി മാത്രം വാഹന ഗതാഗതം നടത്തി. ഏറം, മൈനിക്കോട്, പൊലിക്കോട്, എരപ്പൻപാറ, കാത്തിരത്തറ, മീനണ്ണൂർ, തേമ്പാംമൂല മുതലായ ഏലാകളിലെല്ലാം വെള്ളം നിറഞ്ഞുകവിഞ്ഞു. ചണ്ണപ്പേട്ടയിൽ വൃക്ഷ ശിഖരങ്ങൾ ഒടിഞ്ഞുവീണ് വീടുകളുടെ മേൽക്കൂര തകർന്നു. തേവർതോട്ടത്ത് മഞ്ചാടിയിൽ ഭാഗത്ത് വീട്ടിലേക്ക് സമീപവാസിയുടെ പുരയിടം ഇടിഞ്ഞുവീണ് വീടിന് കേടുപറ്റി. ഏരൂരിൽ കശുവണ്ടി ഫാക്ടറിയുടെ പുകക്കുഴൽ തകർന്നു. നെട്ടയം ഗവ. ഹൈസ്കൂളിൻെറ ചുറ്റുമതിൽ തകർന്നു. അഞ്ചൽ, ഏരൂർ, ചടയമംഗലം സ്​റ്റേഷനുകളിലെ പൊലീസും നാട്ടുകാരും ചേർന്നാണ് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും രക്ഷാപ്രവർത്തനങ്ങളും നടത്തിയത്. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു -ചിത്രം- പത്തനാപുരം: ശക്തമായ മഴയില്‍ പത്തനാപുരം മേഖലയിൽ കനത്ത നാശനഷ്​ടം. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. പത്തനാപുരം, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, വിളക്കുടി പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്‌. പട്ടാഴി വടക്കേക്കര ചെളിക്കുഴി എറത്ത് വടക്ക് സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നു കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിയത്. പത്തനാപുരം പഞ്ചായത്തിലെ പാതിരിക്കല്‍, ജവഹര്‍ കോളനി, മൃഗാശുപത്രി, വിളക്കുടി പഞ്ചായത്തിലെ കുളപ്പുറം, മരങ്ങാട്, കാര്യറ പിറവന്തൂര്‍ പഞ്ചായത്തിലെ വന്മള, മൈയ്ക്കാമണ്‍ എന്നിവിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പത്തനാപുരത്ത് ഒമ്പത്, പട്ടാഴി വടക്കേക്കരയില്‍ എട്ട്, വിളക്കുടിയില്‍ 14, പിറവന്തൂരില്‍ 15 എന്നിങ്ങനെയാണ് മാറ്റിയത്. ഓലപ്പാറ ചാപ്പാത്തിന് മുകളിലൂടെ വെള്ളം കവി​െഞ്ഞാഴുകിത്തുടങ്ങി. ഇതോടെ, തൊടികണ്ടം, ഓലപ്പാറ, ചെറുകടവ് മേഖലകള്‍ ഒറ്റപ്പെട്ടു.
Show Full Article
TAGS:
Next Story