കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു ചില മേഖലകളിൽ നേരിട്ട പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ യു.ഡി.എഫ് ജില്ല കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ ഏറ്റ പരാജയം അന്വേഷിക്കാൻ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദൻ നായർ, സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. കമ്മാരൻ, മുസ്ലിംലീഗ് ജില്ല സെക്രട്ടറി വി.കെ.പി. ഹമീദലി എന്നിവരെയും ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചെങ്കള, എടനീർ, കള്ളാർ, പിലിക്കോട് എന്നിവടങ്ങളിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, കെ.പി.സി.സി അംഗം പി.എ. അഷറഫ് അലി, ആർ.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ എന്നിവരെയുമാണ് ജില്ല യു.ഡി എഫ് സമിതി ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോർട്ട് ജനുവരി 15നകം സമർപ്പിക്കുമെന്ന് ജില്ല ചെയർമാൻ സി.ടി. അഹമ്മദലി, കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടുണ്ടായിരുന്നതായി യു.ഡി.എഫ് ജില്ല നേതൃയോഗം വിലയിരുത്തി. യു.ഡി എഫ് സീറ്റ് കുറക്കുക എന്ന ലക്ഷ്യത്തോടെ പല സ്ഥലങ്ങളിലും പ്രത്യക്ഷമായി ഈ കൂട്ടുകെട്ട് ഉണ്ടായിരുന്നു. ജില്ല പഞ്ചായത്ത് എടനീർ ഡിവിഷനിൽ സി.പി.എം വ്യാപകമായി ബി.ജെ.പിക്ക് വോട്ട് മറിച്ചുനൽകി. സി.പി.എം ശക്തി കേന്ദ്രങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാൽ ഇതു വ്യക്തമാണ്. വാർഡ് തലങ്ങളിൽ സി.പി.എം വിജയിച്ച സ്ഥലങ്ങളിൽ ജില്ല പഞ്ചായത്ത് സ്ഥാനാർഥിക്ക് വോട്ട് കുറയുകയും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് വർധിക്കുകയും ചെയ്തത് ഇതിൻെറ ഉദാഹരണമാണ്. കാഞ്ഞങ്ങാട് നഗരസഭയിലും ഈ കൂട്ടുകെട്ട് പ്രകടമായിരുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിനിടയിലും യു.ഡി.എഫ് ജില്ലയിൽ ശക്തി തെളിയിച്ചതായി യോഗം അഭിപ്രായപ്പെട്ടു. ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ടി.ഇ. അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, കെ. നീലകണ്ഠൻ, അഡ്വ. എ. ഗോവിന്ദൻ നായർ, പി.എ. അഷറഫ്, ജയിംസ് മാരൂർ, ഹരീഷ് ബി. നമ്പ്യാർ, വി .കമ്മാരൻ, എ. ജനാർദനൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, കരിവള്ളൂർ വിജയൻ, മൊയ്തീൻ കുട്ടി ഹാജി, കരീം ചന്തേര, മൂസ ഹാജി, മഞ്ചുനാഥ ആൾവ, എ.എ. കടവത്ത്, കരുൺ താപ്പ, കല്ലട്ര അബ്ദുൽ ഖാദർ ഹാജി, വി.ആർ. വിദ്യാസാഗർ, എം.ബി. ജാഫർ, വി.കെ.പി. ഹമീദലി, കെ. ശ്രീധരൻ മാസ്റ്റർ, മുനീർ മുനമ്പം തുടങ്ങിയവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 12:01 AM GMT Updated On
date_range 2021-01-04T05:31:03+05:30തദ്ദേശ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് പരാജയം അന്വേഷിക്കാൻ പ്രത്യേക സമിതി
text_fieldsNext Story