കാസർകോട്: ബി.ജെ.പി പ്രതിനിധിയായ പ്രസിഡൻറിനെ അവിശ്വാസ പ്രമേയത്തിലൂടെ 2018ൽ താഴെയിറക്കി ഭരണം കൈയാളിയ എൻമകജെ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി. ആകെ 17 വാർഡുകളിൽ 14 സീറ്റിൽ കോൺഗ്രസും മൂന്നു സീറ്റിൽ മുസ്ലിം ലീഗുമാണ് സീറ്റുവിഭജന ധാരണ പ്രകാരം ഇത്തവണ മത്സരിച്ചത്. ഇതിൽ അഞ്ചിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. മത്സരിച്ച മൂന്നിടത്തും മുസ്ലിം ലീഗ് ജയിച്ചുകയറി. സഹോദരങ്ങളും ദമ്പതികളും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ ഗ്രാമപഞ്ചായത്തിൽ സഹോദരങ്ങൾ ജയിച്ചപ്പോൾ ദമ്പതികളിൽ ഭർത്താവ് തോറ്റു. കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഷേണി 'തോട്ടട മനെ'യിലെ ജെ.എസ്. സോമശേഖര 14ാം വാർഡായ ഷേണിയിലും സഹോദരനും അധ്യാപകനുമായ ജെ.എസ്. രാധാകൃഷ്ണൻ 11ാം വാർഡായ ബെദ്രം പള്ളയിലുമാണ് ജനവിധി തേടിയത്. ജ്യേഷ്ഠ സഹോദരനായ ജെ.എസ്. രാധാകൃഷ്ണൻ കന്നിയങ്കത്തിൽ തന്നെ ബദ്രംപള്ള വാർഡ് സി.പി.എമ്മിൽനിന്ന് പിടിച്ചെടുത്തു. 2010 മുതൽ 2015 വരെ ജെ.എസ്. സോമശേഖര എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2015ൽ ബി.ജെ.പി കോട്ടയിൽ മത്സരിച്ച് കോൺഗ്രസിനുണ്ടായിരുന്ന 110 വോട്ട് 340 ആക്കി ഉയർത്താനായെങ്കിലും പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പിയെ താഴെയിറക്കി 2018 മുതൽ 2020ൽ കാലാവധി തീരുന്നതുവരെ ഇവരുടെ മാതാവ് വൈ. ശാരദയായിരുന്നു എൻമകജെ പഞ്ചായത്ത് പ്രസിഡൻറ്. 2000 മുതൽ നീണ്ട 20 വർഷക്കാലം പഞ്ചായത്തംഗമായ ശാരദ ഇത്തവണ മത്സരിച്ചിട്ടില്ല. 2000-05 കാലഘട്ടത്തിലും ശാരദയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. എൻമകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ഇത്തവണയും ദമ്പതികൾ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഭാര്യക്ക് മാത്രമാണ് ജയിക്കാനായത്. സംവരണ വാർഡ് മാറിയതിനാൽ പരസ്പരം വാർഡുകൾ വെച്ചു മാറിയാണ് ഇത്തവണ ഇരുവരും മത്സരിച്ചത്. രണ്ടാം വാർഡായ ചവർക്കാടിൻെറ പ്രതിനിധിയായിരുന്നു ഭർത്താവ് െഎത്തപ്പ കുളാൽ. ഒന്നാം വാർഡ് സായയുടെ പ്രതിനിധി ഭാര്യ ജയശ്രീ എ. കുളാലും. ഇത്തവണ ഒന്നാം വാർഡ് ജനറലും രണ്ടാം വാർഡ് വനിത സംവരണവുമായി. ഇതോടെയാണ് വാർഡുകൾ വെച്ചുമാറിയത്. എന്നാൽ, 2000 മുതൽ തുടർച്ചയായി എൻമകജെ പഞ്ചായത്തംഗമായ െഎത്തപ്പക്ക് അഞ്ചാം അങ്കത്തിൽ കാലിടറി. മൂന്നാമനായാണ് ഐത്തപ്പ പിന്തള്ളപ്പെട്ടത്. മഹേഷ് ഭട്ട് -ബി.ജെ.പി (603), രാമകൃഷ്ണ റൈ -സി.പി.എം (315), ഐത്തപ്പ കുളാൽ -കോൺഗ്രസ് (265) എന്നിങ്ങനെയാണ് സായയിലെ വോട്ടുനില. രണ്ടാമങ്കത്തിൽ ഭാര്യ ജയശ്രീ വിജയിക്കുകയും ചെയ്തു. ജയശ്രീ 498 വോട്ടുനേടിയപ്പോൾ മമത യു. റൈ (ബി.ജെ.പി) 275 വോട്ടു മാത്രമാണ് നേടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:59 PM GMT Updated On
date_range 2020-12-18T05:29:08+05:30എൻമകജെ നിലനിർത്തി യു.ഡി.എഫ്; സഹോദരങ്ങൾ ജയിച്ചപ്പോൾ ദമ്പതികളിൽ ഭർത്താവിന് തോൽവി
text_fieldsNext Story