കാസർകോട്: ജില്ല പഞ്ചായത്തിൽ ഉദുമ ഡിവിഷനിൽ യു.ഡി.എഫിനുണ്ടായ 10 വർഷത്തെ ആധിപത്യം തകർക്കാൻ ഉറച്ചാണ് എൽ.ഡി.എഫ് ഇത്തവണ രംഗത്തിറങ്ങുന്നത്. എൽ.ഡി.എഫിൻെറ കൈയിൽ നിന്നും ഈ ഡിവിഷൻ പിടിച്ചെടുത്ത് 10 വർഷം കഴിഞ്ഞെങ്കിലും ഇനിയും നിലനിർത്താനുള്ള പതിനെട്ടടവും പയറ്റിയാണ് യു.ഡി.എഫ് രംഗത്തുള്ളത്. ഡി.ഐ.സി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജില്ല പഞ്ചായത്ത് ഭരിച്ച കാലഘട്ടത്തിൽ വൈസ് പ്രസിഡൻറായിരുന്ന ഗീതാകൃഷ്ണനെയാണ് ഇത്തവണ യു.ഡി.എഫ് ഉദുമയിൽ രംഗത്തിറക്കിയിരിക്കുന്നത്. അധ്യാപികയായ എം. ജമീലയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഉദുമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ചെമ്മനാട് പഞ്ചായത്തിലെ 1, 2, 19, 20, 21, 22, 23 വാർഡുകളും പള്ളിക്കര പഞ്ചായത്തിലെ 1, 2, 16, 17, 18, 19, 21, 22 വാർഡുകളും ഉൾപ്പെടുന്നതാണ് ഉദുമ ഡിവിഷൻ. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മാത്രമാണ് നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്നത്. ഉദുമ പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആണെങ്കിലും ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിനാണ് ആധിപത്യം. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പാദൂർ കുഞ്ഞാമു 6500 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ഉദുമയിൽ ജയിച്ചത്. പാദൂർ കുഞ്ഞാമു നിര്യാതനായതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻെറ മകൻ ഷാനവാസ് പാദൂർ 1800 വോട്ടിനാണ് വിജയിച്ചത്. ബിരുദാനന്തര ബിരുദം നേടിയ ജമീല നാഷനൽ വിമൻസ് ലീഗ് ജില്ല പ്രസിഡൻറാണ്. മഹിള കോൺഗ്രസ് നേതാവും മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ഗീതാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. മഹിള മോർച്ച ജില്ല വൈസ് പ്രസിഡൻറ് ലത ഗംഗാധരനാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇരു ഇരുപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഉദുമ ഡിവിഷനിൽ രംഗത്തിറങ്ങിയിട്ടുള്ളത്. ബി.ജെ.പിക്ക് ഈ ഡിവിഷനിൽ കൂടുതൽ സ്വാധീനം ഇല്ലെങ്കിലും മത്സ്യത്തൊഴിലാളി മേഖലയിലെ വോട്ടുകൾ ലക്ഷ്യമിട്ടാണ് പ്രചാരണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:02 AM GMT Updated On
date_range 2020-12-04T05:32:23+05:30ജില്ല പഞ്ചായത്ത് ഉദുമ ഡിവിഷൻ പതിനെട്ടടവും പയറ്റാൻ ഇരു മുന്നണികളും
text_fieldsNext Story