പടന്ന: വടക്കേപ്പുറത്തെ സംഭരണശാലയിൽ ടൈൽസ് ഇറക്കാനുള്ള ശ്രമം എസ്.ടി.യുവിൻെറ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞു. സ്ഥാപന ഉടമ പ്രദേശത്തെ സ്ഥിരം ചുമട്ടുതൊഴിലാളികളെ ഒഴിവാക്കി സ്വന്തംനിലയിൽ തൊഴിലാളികളെ എത്തിച്ച് ലോഡിറക്കുന്നത് തങ്ങൾക്ക് തൊഴിൽ നഷ്ടം വരുത്തുമെന്ന് ആരോപിച്ചാണ് തടഞ്ഞത്. ചന്തേര പൊലീസെത്തി, പ്രശ്‌നം പരിഹരിക്കുന്നതുവരെ ലോഡ് ഇറക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. പൊലീസെത്തി ചർച്ച നടത്തിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. പയ്യന്നൂരിലെ സ്ഥാപനത്തിൻെറ പടന്ന വടക്കേപ്പുറത്തെ പുതുതായി തുടങ്ങിയ സംഭരണശാലയിൽ ശനിയാഴ്ച രാവിലെയാണ് കണ്ടെയ്നറിൽ ടൈലുകൾ എത്തിയത്. രണ്ടുതവണ എസ്.ടി.യു നേതൃത്വവും സ്ഥാപന ഉടമകളും തമ്മിൽ ചർച്ച നടന്നിരുന്നുവെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നില്ല. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ലോഡ് എത്തിയത്. സ്ഥാപന ഉടമകൾക്ക് സ്വന്തം നിലയിൽ തൊഴിലാളികളെ നിയമിക്കാമെന്ന നിയമത്തിൻെറ ആനുകൂല്യത്തിൽ, തൊഴിൽ കാർഡുള്ള ഏതാനും പേരെ ഉപയോഗിച്ച് ലോഡിറക്കാനുള്ള ശ്രമം ഇനിയും തടയുമെന്നും കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ തൊഴിലവസരങ്ങൾ കവർന്നെടുക്കുന്നത് നീതീകരിക്കാനാകില്ലെന്നും മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല സെക്രട്ടറി എം.കെ. അഷ്റഫും ചുമട്ടുതൊഴിലാളി യൂനിയൻ (എസ്.ടി.യു) പടന്ന പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മഖ്സൂദലിയും പറഞ്ഞു. ഞായറാഴ്ച തൊഴിലാളി സംഘടനയുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ ചർച്ച നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:58 PM GMT Updated On
date_range 2020-11-08T05:28:47+05:30തൊഴിൽ തർക്കം; ടൈൽസ് ഇറക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു
text_fieldsNext Story