Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 2020-07-12T05:28:05+05:30ജില്ലയിൽ കൊവിഡ് പരിശോധന കേന്ദ്രങ്ങൾ വർധിപ്പിക്കണം
text_fieldsജില്ലയിൽ കോവിഡ് പരിശോധന കേന്ദ്രങ്ങൾ വർധിപ്പിക്കണം നീലേശ്വരം: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച സ്രവങ്ങൾ പരിശോധിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കെ.ജി.എം.ഐ ആവശ്യപ്പെട്ടു. നിലവിൽ ചെറുവത്തൂർ, തൃക്കരിപ്പൂർ, നീലേശ്വരം, പെരിയ, ഉദുമ, പുടംകല്ല്, കാഞ്ഞങ്ങാട്, കാസർകോട്, കമ്പള, മംഗൽപാടി, ബദിയടുക്ക തുടങ്ങിയ പതിനൊന്നോളം സ്രവശേഖരണ കേന്ദ്രങ്ങളിൽ നിന്നായാണ് സ്രവം ശേഖരിക്കുന്നത്. അവിടെയുള്ള പരിമിതമായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉപയോഗിച്ചാണ് ഇവ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും ലാബ് ടെക്നീഷ്യൻമാർ ഉൾെപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയും നിയമിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ പെരിയ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ലാബിൽവെച്ചാണ് പരിശോധിക്കുന്നത്. നിലവിൽ ഇവിടെ ദിവസവും 200 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യങ്ങളേയുള്ളൂ. ദിവസവും 600-700 സാമ്പിളുകളാണ് പരിശോധനക്കെത്തുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാൻ കഴിയാറില്ല. ഇതു കാരണം പല പരിശോധന റിസൾട്ടുകളും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും കടുത്ത പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയിൽ കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്രവങ്ങൾ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടി വരും. ദിവസവും 1000-1200 സ്രവങ്ങൾ ശേഖരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. പെരിയ ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായതുകൊണ്ട് അവിടെ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന സാങ്കേതികത്വമുണ്ട്. അതുകൊണ്ട് കാസർകോട് ടൗൺ കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങിയാലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ. ഈ സാഹചര്യത്തിൽ കാസർകോട് കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങണമെന്നും സെൻട്രൽ യൂനിവേഴ്സിറ്റി ലാബിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ജില്ല കെ.ജി.എം.ഒ.എ പ്രസിഡൻറ് ഡോ. എം. മുഹമ്മദ്, സെക്രട്ടറി ഡോ. അരുൺ റാം എന്നിവർ ആവശ്യപ്പെട്ടു.
Next Story