ദുരിതം തീരാതെ രാജഗിരി, ജോസ്ഗിരി പ്രദേശങ്ങള്‍
text_fieldsചെറുപുഴ: മഴക്ക് താൽക്കാലിക ശമനമായെങ്കിലും മഴക്കെടുതിയുടെ ദുരിതത്തിന് പരിഹാരം കാണാനാകാതെ വലയുകയാണ് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, കോലുവള്ളി, വയലായി പ്രദേശങ്ങള്‍. രാജഗിരി, ജോസ്ഗിരി, മരുതുംതട്ട് മേഖലകളില്‍ ചെറുതുംവലുതുമായ ഏഴോളം ഉരുള്‍പൊട്ടലുകളും ഉണ്ടായതോടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. രാജഗിരി ജോസ്ഗിരി റോഡില്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് ദിവസങ്ങളായി വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.
റോഡില്‍ വീണ കൂറ്റന്‍ കല്ലുകളും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസും നിലച്ചു. വെള്ളമൊഴുകിപ്പോകുന്ന കലുങ്കുകളും തകര്‍ന്നത് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് പ്രതിസന്ധിയാണ്. ഇരച്ചെത്തിയ മഴവെള്ളത്തില്‍ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചതിന്റെ നഷ്ടത്തിന്റെ ആഘാതം കണക്കാക്കാന്‍ അധികൃതര്‍ക്ക് ഇനിയും ആയിട്ടില്ല.
നടക്കാൻ താൽക്കാലിക പാലം
ഒലിച്ചുപോയ മീന്തുള്ളി നടപ്പാലത്തിന് പകരം താൽക്കാലിക നടപ്പാലം നിര്‍മിച്ചാണ് നോര്‍ത്തിലുള്ളവര്‍ ഇപ്പോള്‍ പുഴ കടക്കുന്നത്. വ്യാഴം രാവിലെ വലിയ തെങ്ങുകള്‍ മുറിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ താല്‍കാലിക നടപ്പാലം ഉണ്ടാക്കുകയായിരുന്നു. നടപ്പാലം ഇല്ലാതായതോടെ മീന്തുള്ളി നോര്‍ത്തിലെ 35 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയിരുന്നു.
പിന്നീട് രണ്ടു കിലോമീറ്റര്‍ ചുറ്റി കോഴിച്ചാല്‍ റവന്യൂ പാലം വഴിയാണ് ഇവര്‍ മറുകരയെത്തിയിരുന്നത്. സ്‌കൂളുകള്‍ തുറന്നതോടെ താൽക്കാലിക നടപ്പാലം ആണ് ആശ്രയം.
വൈദ്യുതിയും പുനഃസ്ഥാപിച്ചില്ല
ഹൈടെന്‍ഷന്‍ വൈദ്യുതി തൂണുകളടക്കം തകര്‍ന്ന് മണ്ണിനടിയിലായതിനാല്‍ ദിവസങ്ങളായി വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ഇല്ലാതായതോടെ മൊബൈല്‍ ഫോണുകളും എമര്‍ജന്‍സി ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൃഷിയിടങ്ങളും വീടും തകര്‍ന്നവര്‍ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.
ജോസ്ഗിരിയിലെ മേത്തല റൂബി, കല്ലുങ്കല്‍ മേഴ്‌സി എന്നിവരുടെ വീട് ഉപയോഗയോഗ്യമല്ലാതായി. ഇവരുടെ ഏക്കറുകണക്കിന് കൃഷികള്‍ നശിച്ചു. ഇല്ലിമൂട്ടില്‍ മറിയാമ്മ, സണ്ണി പെരികിലാമല, ദേവസ്യ കാണ്ടാവനം, അലക്‌സാണ്ടര്‍ ഇല്ലിമൂട്ടില്‍, യേശുദാസ് കണ്ടാവനം എന്നിവര്‍ക്കും വലിയ തോതില്‍ കൃഷിനാശമുണ്ട്.
കാര്യങ്കോട് പുഴ കരകവിഞ്ഞ് നടപ്പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ട മീന്തുള്ളി നോര്‍ത്ത്, വെള്ളം കയറി വീടുകള്‍ ഉപയോഗശൂന്യമായ വയലായി, കോലുവള്ളി പ്രദേശവാസികള്‍ എന്നിവരെല്ലാം ജീവിതം തിരികെപ്പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

