Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightbox കതിരൂർ...

box കതിരൂർ പഞ്ചായത്തിന്റെ 'നന്മ മനസ്സ്'

text_fields
bookmark_border
box കതിരൂർ പഞ്ചായത്തിന്റെ നന്മ മനസ്സ്
cancel
മാലിന്യ ശേഖരണത്തിലൂടെ സമാഹരിച്ച തുക അർബുദ രോഗികൾക്ക് കൈമാറി തലശ്ശേരി: മാലിന്യ ശേഖരണത്തിലൂടെ സമാഹരിച്ച തുക അർബുദ രോഗികൾക്ക് നൽകി കതിരൂർ പഞ്ചായത്ത് മാതൃകയായി. പ്ലാസ്റ്റിക് മാലിന്യം വീടുകളിൽനിന്ന് ശേഖരിച്ച് 18 വാർഡുകളിലെ 24 ഓളം ഹരിതകർമസേന വളന്റിയർമാർ കുറ്റ്യേരിച്ചാലിലെ സംസ്കരണ പ്ലാന്റിൽ എത്തിച്ച്​ ഇവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിവരുകയാണ്. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകൾ പ്രത്യേകം യന്ത്രം ഉപയോഗിച്ച് പൊടിക്കുകയും ഇവ റോഡ് ടാറിങ്ങിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്​. ഇങ്ങനെ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പ്ലാസ്റ്റിക്കുകളുടെ ഇനത്തിൽ 2021 -22 സാമ്പത്തികവർഷം ലഭിച്ച തുകയുടെ വിഹിതമാണ് പഞ്ചായത്തിലെ നിർധനരായ അർബുദ രോഗികൾക്ക് വെള്ളിയാഴ്ച കൈമാറിയത്. പഞ്ചായത്തിലെ ഹരിതകർമസേന വളന്റിയർമാരുടെ കൺസോർട്ട്യമാണ് പ്രവർത്തനത്തിന് മുൻകൈയെടുത്തത്. പഞ്ചായത്ത് ഭരണസമിതി പൂർണ പിന്തുണ നൽകിയതോടെ നാട്ടിലെ പാവപ്പെട്ട അർബുദ രോഗികൾക്ക് വലിയ ആശ്വാസമായി. നടപ്പ് സാമ്പത്തിക വർഷം 18,826 കിലോ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതുവഴി 2,56,579 രൂപയാണ് പഞ്ചായത്തിന് ലഭിച്ചത്. 8350 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് ടാറിങ്ങിന് കൈമാറിയ വകയിൽ 1,25,000 രൂപയും ലഭിച്ചു. ഈ തുകയാണ് രോഗികൾക്കായി നീക്കിവെക്കുന്നത്. കഴിഞ്ഞ ആറുമാസത്തിലധികമായി പ്ലാസ്റ്റിക്കിനുപുറമെ ചെരിപ്പ്, ബാഗ്, തുണി മാലിന്യം, കുപ്പിച്ചില്ല്, ഇലക്ട്രോണിക്സ് മാലിന്യം തുടങ്ങിയവയും ശേഖരിച്ച് കയറ്റിയയക്കുകയാണ്. ഇത്തരം മാലിന്യം കയറ്റിയയക്കുന്നതിന് ക്ലീൻ കേരള കമ്പനിക്ക് നിശ്ചിത തുക കൈമാറണം. ഈ തുക വീടുകളിൽനിന്ന് ലഭിക്കുന്ന യൂസർ ഫീ വഴിയാണ് കണ്ടെത്തുന്നത്. യൂസർ ഫീ ഇനത്തിൽ ഓരോ വീടുകളിൽനിന്നും പ്രതിമാസം 50 രൂപയാണ് കൈപ്പറ്റുന്നത്. ഭൂരിപക്ഷം വീട്ടുകാരും പ്രവർത്തനത്തിൽ നല്ല പിന്തുണയാണ് നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സനിൽ പറഞ്ഞു. കതിരൂർ കെയർ എന്ന പേരിൽ നടപ്പിലാക്കിവരുന്ന സഹായധന വിതരണത്തിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരെയാണ് പരിഗണിക്കുന്നത്. നിലവിൽ അർബുദത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നവരെയും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെയും കണ്ടെത്തി പഞ്ചായത്ത് തലത്തിൽ മുൻഗണന പട്ടിക തയാറാക്കും. ഈ പട്ടിക പിന്നീട് ഹരിതകർമസേന കൺസോർട്ട്യവും പഞ്ചായത്ത് ഭരണസമിതിയും അംഗീകരിക്കുകയും ചെയ്യും. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി ലഭിച്ച തുകയാണ് വിതരണം ചെയ്യുന്നത്. ഒരുരോഗിക്ക് വർഷത്തിൽ ഒരുതവണ മാത്രമാണ് ധനസഹായം ലഭിക്കുക. അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. ഹരിത കർമസേനാംഗങ്ങളെ ജില്ല പഞ്ചായത്ത് മെംബർ മുഹമ്മദ് അഫ്സൽ ആദരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി. രാജ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, കതിരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. പവിത്രൻ, കതിരൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എ.കെ. സഹിന എന്നിവർ സംസാരിച്ചു. കതിരൂർ പഞ്ചായത്ത് സെക്രട്ടറി മുന്ന പി. സദാനന്ദ് സ്വാഗതവും ഹരിത കർമസേന സെക്രട്ടറി എം. ശ്രീജ നന്ദിയും പറഞ്ഞു. --------------------------- പടം........കതിരൂർ പഞ്ചായത്തിലെ അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story