Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 2020-08-15T05:29:12+05:30ജില്ലയിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ പൊന്ന്യത്ത്
text_fieldsപ്രവൃത്തി ഉദ്ഘാടനം 17ന് തലശ്ശേരി: ജില്ലയിലെ ആദ്യത്തെ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ സ്ഥാപിക്കുന്നു. നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇവിടെയുള്ള 110 കെ.വി സബ്സ്റ്റേഷനോടനുബന്ധിച്ചാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സബ്സ്റ്റേഷൻ നിർമിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത കൂടി കണക്കിലെടുത്താണ് പുതിയ സബ്സ്റ്റേഷൻ നിർമിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് വലിയ ട്രാൻസ്ഫോർമറാണ് ഇതിൻെറ ഭാഗമായി സ്ഥാപിക്കുക. മുണ്ടയാട് നിന്ന് പൊന്ന്യത്തേക്ക് 110 കെ.വി ലൈൻ വലിക്കും. നിലവിലുള്ള സബ്സ്റ്റേഷനേക്കാൾ കുറഞ്ഞ സ്ഥലം മതിയെന്നതാണ് ഇതിൻെറ പ്രത്യേകത. കതിരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ശിലാഫലകം അനാച്ഛാദനം എ.എൻ. ഷംസീർ എം.എൽ.എ നിർവഹിക്കും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയാവും. സംസ്ഥാനത്തെ 13 സബ്സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. വൈദ്യുതിയുടെ പ്രസാരണ ശൃംഖല മെച്ചപ്പെടുത്താനാണ് പുതിയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ശിവദാസും അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം. കൃഷ്ണേന്ദുവും വിശദീകരിച്ചു. പദ്ധതി പൂർത്തിയാവുന്നതോടെ തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകളിൽപെട്ട പ്രദേശങ്ങളിലും കതിരൂർ, പെരളശ്ശേരി, പിണറായി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂമാഹി, കുന്നോത്ത്പറമ്പ്, ധർമടം തുടങ്ങിയ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കുമെന്ന് എൻജിനീയർമാർ പറഞ്ഞു.
Next Story