Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടോപ്​ ഗിയറിലാവാൻ...

ടോപ്​ ഗിയറിലാവാൻ ആനവണ്ടി

text_fields
bookmark_border
blurb നവംബറിൽ 3.53 കോടി വരുമാനം കണ്ണൂർ: കോവിഡ്​ കാലത്തെ സാമ്പത്തിക ബ്രേക്ക്​ഡൗണിൽനിന്ന്​ കരകയറുകയാണ്​ കെ.എസ്​.ആർ.ടി.സി. കൂടുതൽ ഷെഡ്യൂളുകൾ നിരത്തിലിറങ്ങിയതോടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്​. യാത്രക്കാരുടെ എണ്ണവും വർധിച്ചു. കണ്ണൂരിൽ ബുധനാഴ്​ച മുതൽ റിസർ​വേഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്​ യാത്രക്കാർക്ക്​ ആശ്വാസമായിട്ടുണ്ട്​. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ഭൂരിഭാഗം സർവിസുകളും പുനരാരംഭിച്ചു​. നവംബർ മാസത്തിൽ 3.53 കോടി രൂപയാണ്​ ജില്ലയിലെ വരുമാനം. ഒക്​ടോബറിൽ ഇത്​ 2.68 കോടിയായിരുന്നു. 85 ലക്ഷത്തി​ൻെറ വർധനയാണ്​ ഈ മാസം ഉണ്ടായത്​. ലോക്​ഡൗണിന്​ മുമ്പ്​ 8.73 കോടി വരെ വരുമാനം ജില്ലയിൽ ഒരുമാസമുണ്ടാകാറുണ്ട്​. കണ്ണൂർ ഡിപ്പോയിലാണ്​ നവംബറിൽ കൂടുതൽ വരുമാനമുണ്ടായത്​. 1.90 കോടിയാണ്​ ലഭിച്ചത്​. ഒക്​ടോബറിനെ അപേക്ഷിച്ച്​ 50 ലക്ഷത്തി​ൻെറ വർധനയുണ്ട്​. നേരത്തെ​ നാലുകോടി വരെ ലഭിച്ചിരുന്നു. ബംഗളൂരുവിലേക്ക്​ അടക്കം കൂടുതൽ ദീർഘദൂര സർവിസുകൾ ആരംഭിക്കുന്നതോടെ വരുമാനം വർധിക്കുമെന്നാണ്​ കണക്കുകൂട്ടൽ. രാവിലെ 7.30, രാത്രി എട്ടിനുമായി രണ്ട്​ ബംഗളൂരു ബസുകൾ നിലവിൽ സർവിസ്​ നടത്തുന്നുണ്ട്​. ആവശ്യത്തിന്​ യാത്രക്കാർ ഉണ്ടാവുകയാണെങ്കിൽ കൂടുതൽ സർവിസുകൾ ആരംഭിക്കും. കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓരോ 20 മിനിറ്റിലും കണ്ണൂർ -കാസർകോട്​ റൂട്ടിൽ ഓരോ 10 മിനിറ്റിലും സർവിസുകളുണ്ട്​. ​കണ്ണൂരിൽനിന്ന്​ മലയോര മേഖലയിലേക്കുള്ള സർവിസുകൾ യാത്രക്കാരുള്ള മുറക്ക്​ വർധിപ്പിക്കാനാണ്​ തീരുമാനം​. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃ​ശൂർ റൂട്ടുകളിലും ബസുകൾ ഓടുന്നുണ്ട്​. പയ്യന്നൂർ ഡിപ്പോയിൽ നവംബറിൽ 90 ലക്ഷമാണ്​ വരുമാനം. ഒക്​ടോബറിൽ 70 ലക്ഷമായിരുന്നു. 2.60 കോടി വരെ സാധാരണ വരുമാനമുണ്ടാകാറുണ്ട്​. ആകെ 70 ഷെഡ്യൂളുകളിൽ 52 എണ്ണം ഇപ്പോൾ സർവിസ്​ നടത്തുന്നുണ്ട്​. വരും ദിവസങ്ങളിൽ ഇത്​ 60ലേക്ക്​ ഉയർത്താനാണ്​ തീരുമാനം. പയ്യന്നൂരിൽനിന്ന്​ കാസർകോട്​ ഭാഗത്തേക്ക്​ ടി.ടി അടക്കം എല്ലാ സർവിസുകളും ഓടുന്നുണ്ട്​. ചീമേനി, ചെറുപുഴ അടക്കം മലയോര മേഖലകളിലേക്കും സർവിസുകൾ പുനരാരംഭിച്ചു. തലശ്ശേരിയിൽ ഒക്​ടോബർ മാസത്തെ അപേക്ഷിച്ച്​ നവംബറിൽ വരുമാനത്തിൽ 15 ലക്ഷത്തി​ൻെറ വർധനയുണ്ടായിട്ടുണ്ട്​. 1.80 കോടി മുതൽ 2.13 വരെ പ്രതിമാസ വരുമാനം ലഭിച്ച സ്ഥാനത്താണ്​ നവംബറിൽ 73 ലക്ഷം ലഭിച്ചത്​. മാനന്തവാടി റൂട്ടിൽ യാത്രക്കാരുടെ എണ്ണമനുസരിച്ച്​ വണ്ടികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്​. അഞ്ച്​ സർവിസുകൾ നിലവിൽ ഓടുന്നുണ്ട്​. വിവിധ റൂട്ടുകളിൽ രാത്രി എട്ടുവരെ കൂടുതൽ സർവിസുകൾ ലഭിക്കുന്ന തരത്തിൽ​ ഓട്ടം ക്രമീകരിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. കണ്ണൂർ, വടകര, കോഴിക്കോട്​ ഭാഗത്തേക്കുള്ള സർവിസുകൾ സാധാരണ നിലയിലായിട്ടുണ്ട്​. മലയോര മേഖലകളായ ഇരിട്ടിയിലും കൊട്ടിയൂരിലും ഓട്ടം അവസാനിക്കുന്ന തരത്തിൽ സ്​റ്റേ സർവിസുകൾ ​മൂന്നെണ്ണം തുടങ്ങിയിട്ടുണ്ട്​. പ്രാദേശിക റൂട്ടുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച്​ ബസുകൾ വർധിപ്പിക്കും. ഇന്ധന വില വർധിച്ചതടക്കം വലിയ ബാധ്യത കെ.എസ്​.ആർ.ടി.സി നേരിടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട്​ ഉണ്ടാകാത്ത തരത്തിൽ സർവിസുകൾ നടത്താനാണ്​ തീരുമാനം.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story