അസീസ് കേളകം കേളകം: പ്ലാവിൽ ഇരിക്കുന്ന വൈദ്യുതി മീറ്ററിന് മൂന്നുവർഷ വാടക നൽകുകയാണ് ശകുന്തള എന്ന വീട്ടമ്മ. പ്രളയത്തിൽ വീടിൻെറ മുൻഭാഗം ഇടിഞ്ഞുവീണ് വൈദ്യുതി മീറ്റർ തകർന്നതോടെ വൈദ്യുതി മീറ്റർ മുറ്റത്തുള്ള പ്ലാവിൽ സ്ഥാപിച്ച് കെ.എസ്.ഇ.ബിക്കാർ മുങ്ങി. വർഷങ്ങളായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകിട്ടാൻ ഈ വിധവ കയറിയിറങ്ങാത്ത ഒാഫിസില്ല. പാറത്തോട്ടിലെ വീട്ടിൽ തനിച്ചുതാമസിക്കുന്ന വീട്ടമ്മ മൂന്നു വർഷമായി വൈദ്യുതി ബില്ലടക്കുന്നുണ്ട്. പക്ഷേ, ഇരുട്ടിയാൽ വീട്ടിലിപ്പോഴും മണ്ണെണ്ണ വിളക്ക് കത്തിക്കണം. ശകുന്തള പള്ളിക്കക്കോണം എന്ന 60 വയസ്സുള്ള വീട്ടമ്മക്കാണ് വീട്ടിൽ വൈദ്യുതിയില്ലാഞ്ഞിട്ടും ബില്ലടക്കേണ്ട ദുരവസ്ഥയുള്ളത്. മൂന്നു വർഷം മുമ്പുവരെ ഇവിടെ വൈദ്യുതിയുണ്ടായിരുന്നു. എന്നാൽ, മരം വീണ് വീടിൻെറ ഒരു ഭാഗം തകർന്നതോടെ മീറ്റർ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയായി. മീറ്റർ മാറ്റിസ്ഥാപിക്കണമെങ്കിൽ പുതിയ പോസ്റ്റിടണമെന്ന കെ.എസ്.ഇ.ബി നയമാണ് ഇവർക്ക് പ്രതിസന്ധിയായത്. നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും അഞ്ചു മീറ്ററോളം മാത്രം മാറി മീറ്റർ സ്ഥാപിക്കാനായി സംവിധാനമൊരുക്കിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി തയാറായില്ലെന്ന് ശകുന്തള പറഞ്ഞു. നിലവിൽ വീടിനു സമീപത്തെ പ്ലാവിൽ താൽക്കാലികമായി മീറ്റർ സ്ഥാപിച്ചിരിക്കുകയാണ്. എങ്കിലും ഇതിൽ നിന്ന് ഇവർക്ക് വൈദ്യുതി ലഭിക്കുന്നുമില്ല. നാലുമാസം മുമ്പ് പോസ്റ്റിൽ നിന്നുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. ശകുന്തള ബി.പി.എല്ലിൽ ഉൾപ്പെട്ടതാണെങ്കിലും നേരത്തേ മുതൽ വൈദ്യുതി കണക്ഷനുള്ളതിനാൽ ബി.പി.എല്ലുകാർക്ക് ലഭിക്കുന്ന സൗജന്യ പോസ്റ്റിൻെറ ആനുകൂല്യവും ലഭിക്കുന്നില്ല. നിരവധി തവണ അപേക്ഷ നൽകുകയും വാർഡ് പ്രതിനിധികളോടടക്കം പറഞ്ഞിട്ടും ഇതുവരെ ഫലമുണ്ടായില്ലെന്നും െതരഞ്ഞെടുപ്പ് സമയത്ത്, പരിഹാരമുണ്ടാക്കാമെന്നുപറഞ്ഞ് പലരും വരുന്നുണ്ടെന്നും അവർ പറഞ്ഞു. പ്രശ്നം ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും കേളകം കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പരിശോധിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:01 AM GMT Updated On
date_range 2020-12-04T05:31:11+05:30പ്ലാവിൽ തൂക്കിയിട്ട വൈദ്യുതി മീറ്ററിന് വാടക നൽകണം
text_fieldsNext Story