Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് ആലക്കോട് ഡിവിഷൻ

text_fields
bookmark_border
കുടിയേറ്റ മനസ്സിൽ ആര്​ കുടിയേറും ശ്രീകണ്ഠപുരം: മലയോര മേഖലയായ ജില്ല പഞ്ചായത്തിലെ ആലക്കോട്​ ഡിവിഷനിൽ തീപ്പൊരി പാറും പോരാട്ടത്തിനാണ്​ ഇക്കുറി അരങ്ങാരുങ്ങിയിരിക്കുന്നത്​. യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും ബി.ജെ.പിയിലെയും പ്രമുഖ നേതാക്കളാണ്​ സ്​ഥാനാർഥികളായിട്ടുള്ളത്​. കുടിയേറ്റ കർഷക മണ്ണി​ൻെറ മനസ്സിൽ ആര്​ കുടിയേറുമെന്നാണ്​ ഇനിയറിയാനുള്ളത്​. കോണ്‍ഗ്രസ് നേതാവ് തോമസ് വക്കത്താനമാണ് യു.ഡി.എഫ് സ്ഥാനാഥി. കേരള കോണ്‍ഗ്രസ് ജോസ്​ വിഭാഗം നേതാവ് ജോയി കൊന്നയ്ക്കലാണ് എല്‍.ഡി.എഫിനുവേണ്ടി ഇത്തവണ കളത്തിലുള്ളത്​. അടുത്ത കാലം വരെ യു.ഡി.എഫി​ൻെറ നേതൃനിരയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച രണ്ട് നേതാക്കളാണ്​ ഇരുവരും. കേരള കോണ്‍ഗ്രസ്​​ ജോസ്​ വിഭാഗം എല്‍.ഡി.എഫ് പ്രവേശനത്തിന് ശേഷം എതിരാളികളായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമെന്ന നിലയില്‍ ഇവിടത്തെ മത്സരം ജില്ലതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ബി.ജെ.പി നേതാവ് കെ.ജെ. മാത്യുവാണ് എന്‍.ഡി.എ സ്ഥാനാർഥി. എല്‍.ഡി.എഫും യു.ഡി.എഫും ആലക്കോട് ഡിവിഷനിൽ ഒരുപോലെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഇരുമുന്നണികള്‍ക്കുമെതിരെയുള്ള വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ആലക്കോട്, ചപ്പാരപ്പടവ്, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ 39 വാര്‍ഡുകളാണ്​ ആലക്കോട് ഡിവിഷനില്‍ വരുന്നത്. ആലക്കോട്, തേര്‍ത്തല്ലി, ചപ്പാരപ്പടവ്, എടക്കോം ബ്ലോക്ക് ഡിവിഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആലക്കോട് പഞ്ചായത്തിലെ ചിറ്റടി, തേര്‍ത്തല്ലി, രയരോം, മൂന്നാംകുന്ന്, നെടുവോട്, മേരിഗിരി, തിമിരി, ചെറുപാറ, കൂടപ്രം, നെല്ലിപ്പാറ, ആലക്കോട്, കൊട്ടയാട്, കൂളാമ്പി, നരിയന്‍പാറ, അരങ്ങം വാര്‍ഡുകളും ചപ്പാരപ്പടവ് പഞ്ചായത്തിലെ 18 വാര്‍ഡുകള്‍ പൂര്‍ണമായും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കണാരംവയല്‍, ആലക്കാട്, മൊടങ്ങ, പറവൂര്‍, ഏര്യം വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഡിവിഷ​ൻെറ ഘടന. 75,000ത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പൂര്‍ണമായും കാര്‍ഷിക മേഖലയായതുകൊണ്ടുതന്നെ കാര്‍ഷിക പ്രതിസന്ധികളും റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനങ്ങളുമാണ് പ്രധാന പ്രചാരണ വിഷയം. ഇതിനൊപ്പം ആനുകാലിക രാഷ്​ട്രീയ സംഭവവികാസങ്ങളും സജീവ ചര്‍ച്ചയാണ്. ഇടത്-വലത് മുന്നണികളെ മാറിമാറി ഭരിച്ചുള്ള ചരിത്രമാണ് ആലക്കോട് ഡിവിഷനുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ സുമിത്ര ഭാസ്‌കരന്‍ 1,185 വോട്ടിനാണ് വിജയിച്ചത്. സുമിത്ര ഭാസ്​കരന്​ 19,401 വോട്ട്​ കിട്ടിയപ്പോൾ എൽ.ഡി.എഫിലെ അഡ്വ.മോളിക്കുട്ടിക്ക്​ 18,218 വോട്ടും ബി.ജെ.പി സ്​ഥാനാർഥി സുമതി സോമന്​ 3060 വോട്ടുകളുമാണ്​ കിട്ടിയത്​. അതിനുമുമ്പ് മണ്ഡലം മാതമംഗലം ഡിവിഷനായിരുന്നപ്പോള്‍ സി.പി.എമ്മിനായിരുന്നു വിജയം. നാല് പതിറ്റാണ്ടായി മലയോരത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന തോമസ് വക്കത്താനം (65) ഉദയഗിരി സ്വദേശിയാണ്. 12 വര്‍ഷം ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹത്തി​ൻെറ ജില്ല പഞ്ചായത്തിലേക്കുള്ള കന്നി മത്സരമാണ്. 25 വര്‍ഷം ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറായിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം, ഡി.സി.സി ജനറല്‍ സെക്രട്ടറി, യു.ഡി.എഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണത്തിലെ അഴിമതിക്കെതിരെയുള്ള ജനവികാരവും മണ്ഡലത്തില്‍ യു.ഡി.എഫിനുള്ള കരുത്തും തനിക്ക് വന്‍ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് വക്കത്താനം. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ നടുവില്‍ ഹൈസ്‌കൂള്‍ ലീഡറായി കെ.എസ്.സിയിലൂടെ രാഷ്​ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ജോയി കൊന്നയ്ക്കല്‍ (56) നാല് പതിറ്റാണ്ടായി മലയോരത്തി​ൻെറ രാഷ്​ട്രീയ മേഖലയില്‍ നിറസാന്നിധ്യമാണ്. അമ്മംകുളത്താണ് താമസം. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതിയില്‍ നടുവില്‍ ഡിവിഷനില്‍ നിന്നുള്ള യു.ഡി.എഫ് അംഗമായിരുന്നു. കെ.എസ്.സിയുടെയും യൂത്ത്ഫ്രണ്ടി​ൻെറയും നേതൃനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് (ജോസ്​) വിഭാഗം ജില്ല പ്രസിഡൻറാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. എല്‍.ഡി.എഫി​ൻെറ കരുത്തുറ്റ സംഘടന സംവിധാനവും കേരള കോണ്‍ഗ്രസി​ൻെറ വോട്ടുകളും ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് ജോയി കൊന്നയ്ക്കല്‍ പറയുന്നു. ജില്ല പഞ്ചായത്ത് മെംബര്‍ എന്ന നിലയില്‍ മലയോരത്ത് നടപ്പിലാക്കിയ 25 കോടി രൂപയുടെ വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ തുണക്കുമെന്നും രണ്ടില ചിഹ്നത്തില്‍ വിജയപ്രഭ ഉയര്‍ത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. തേര്‍ത്തല്ലി കോടോപ്പള്ളി സ്വദേശിയായ കെ.ജെ. മാത്യു (74) ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡൻറാണ്. ദീര്‍ഘകാലം ബി.ജെ.പി ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡൻറായിരുന്നു. എന്‍.ഡി.എ ഗവണ്‍മെ​ൻറി​ൻെറ വികസന നേട്ടങ്ങളും ഇടത്-വലത് മുന്നണികളുടെ അഴിമതിയും ചൂണ്ടിക്കാട്ടി കരുത്ത് തെളിയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മൂന്ന് മുന്നണികളും കളം നിറയുമ്പോള്‍ ആലക്കോട്ടെ പോരാട്ടത്തിന് ചൂട് വര്‍ധിച്ചിരിക്കുകയാണ്.
Show Full Article
TAGS:
Next Story