ദൈവത്തിൻെറ സ്വന്തം കണ്ണൂർ എട്ടുവർഷം മുമ്പ് കണ്ണൂരിൻെറ മണ്ണും മനസ്സും തൊട്ടറിഞ്ഞ് മടങ്ങിയ താരത്തിന് നെഞ്ചിൽ കൈവെച്ച് വിടനൽകി ആരാധകർ കണ്ണൂർ: ആവേശത്തിൻെറ കൊടുമുടികളായ കണ്ണൂരുകാരുടെ മനസ്സിലേക്ക് ചാട്ടുളിപോലെയാണ് മറഡോണ പാഞ്ഞുകയറിയത്. പന്തിന് പിന്നാലെ പായുന്ന ആ കുറിയ മനുഷ്യൻ തങ്ങൾക്കുമുന്നിൽ ആകാശംമുട്ടെ വളർന്നുനിൽക്കുന്നത് അവരറിഞ്ഞിട്ടുണ്ട്. എട്ടുവർഷംമുമ്പ് കണ്ണൂരിൻെറ മണ്ണും മനസ്സും തൊട്ടറിഞ്ഞ് മടങ്ങിയ താരം ഈ ലോകത്തോട് വിടപറയുേമ്പാൾ സ്നേഹത്തോടെ നെഞ്ചിൽ കൈവെച്ച് യാത്രയാക്കുകയാണ് ആരാധകർ. പതിനായിരങ്ങളുടെ ആർപ്പുവിളികളാൽ ആ സ്നേഹം കാൽപന്തിൻെറ ദൈവം അറിഞ്ഞിട്ടുണ്ട്. 2012 ഒക്ടോബർ 24ന് നഗരത്തെ അക്ഷരാർഥത്തിൽ നിശ്ചലമാക്കിയാണ് ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ജവഹർ സ്റ്റേഡിയത്തിലെത്തിയത്. ചെമ്മണ്ണൂർ ജ്വല്ലറിയുടെ കണ്ണൂർ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കും പ്രിയ നേതാക്കൾക്ക് വിടനൽകാനും ആയിരങ്ങൾ നഗരത്തിലെത്താറുണ്ടെങ്കിലും ആഹ്വാനങ്ങളില്ലാതെ ഒരു സ്വകാര്യ ചടങ്ങിന് പതിനായിരങ്ങൾ ഒന്നിക്കുന്നത് ആദ്യമായിരുന്നു. പുലർച്ചതന്നെ മൈതാനം നിറഞ്ഞിരുന്നു. ഒരുകാലത്ത് ടെലിവിഷനിൽ ഓരോ ഗോളുകൾക്കും അലർച്ചകൾകൊണ്ട് ആവേശം പകർന്നവർ മറഡോണക്ക് മുന്നിൽ ഒച്ചയാൽ നിശ്ശബ്ദമായി. ഇളം നീല ഷർട്ടും ജീൻസുമിട്ട് വേദിയിലെത്തിയ മറഡോണ ദൈവത്തിൻെറ കൈയൊപ്പുപതിഞ്ഞ കൈ വീശിക്കാണിച്ചപ്പോൾ മുെമ്പങ്ങുമില്ലാത്ത വിധം കണ്ണൂർ ഇളകിമറിഞ്ഞിരുന്നു. കടൽക്കയറി വന്ന കാറ്റിൽ അനുസരണയില്ലാതെ പാറിയ മുടിയിഴകളായും ഇരുൈകയിലും കെട്ടിയ വാച്ചുകളായും ശരീരത്തിലെ പച്ചകുത്തലുകളായും കണ്ണൂരിൻെറ കാൽപന്തുലോകം മറഡോണയെ നോക്കിയിരുന്നത് സ്വയം നിയന്ത്രിതമായ അച്ചടക്കത്തോടെയായിരുന്നു. ചുംബനങ്ങൾ കാറ്റിൽപറത്തിയും കൈവീശിയും മറഡോണ കണ്ണൂരിനെ അഭിവാദ്യം ചെയ്തു. ഐ.എം. വിജയനൊപ്പം പന്തുതട്ടാനിറങ്ങിയ മറഡോണ പായിച്ച ബാളുകൾ കൈക്കലാക്കാൻ ജനം മത്സരിച്ചിരുന്നു. താരം കൈയൊപ്പ് ചാർത്തിയ ഓട്ടോഗ്രാഫ് കണക്കെ ആ പന്തുകൾ ഇന്നും അവർ നിധിപോലെ സൂക്ഷിക്കുന്നു. കണ്ണൂർ ഡി.എസ്.സി സൻെററിൽ ഹെലികോപ്ടർ ഇറങ്ങി ഹോട്ടൽ ബ്ലൂനൈലിലേക്കും ജവഹർ സ്റ്റേഡിയത്തിലേക്കുമുള്ള യാത്രയിൽ പഴുതടച്ച സുരക്ഷ നൽകിയാണ് നാട് അദ്ദേഹത്തെ വരവേറ്റത്. തൻെറ പിറന്നാളിന് ആറ് ദിവസം മുമ്പാണ് മറഡോണ കണ്ണൂരിലെത്തിയത്. പ്രത്യേകം പിറന്നാളാഘോഷവും വേദിയിൽ ഒരുക്കിയിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയെയും ബോബി ചെമ്മണൂരിനെയും അടക്കം പതിനായിരങ്ങളെ സാക്ഷിയാക്കി താരം പിറന്നാൾ കേക്ക് മുറിച്ചപ്പോൾ 'ഹാപ്പി ബർത്ത്ഡേ ഡീഗോ' വിളികളായിരുന്നു മൈതാനം നിറയെ. ദേശീയ, സംസ്ഥാന താരങ്ങളും ഫുട്ബാൾ പ്രേമികളും കണ്ണൂരിലേക്ക് ഒഴുകിയെത്തിയപ്പോൾ കേരളത്തിൻെറ സ്നേഹാദരമായി ആ ചടങ്ങ് മാറി. വിവ ഇന്ത്യ, വിവ ഇന്ത്യ, ഐ ലവ് കേരള എന്നുപറഞ്ഞാണ് താരം കണ്ണൂരിനോടുള്ള തൻെറ നന്ദി അറിയിച്ചത്. കളിയും ജീവിതവും മതിയാക്കി ദൈവം മടങ്ങുേമ്പാൾ എട്ടുവർഷം മുമ്പുള്ള ആരവങ്ങൾ കനമുള്ള മൗനമാക്കി മാറ്റി പ്രിയപ്പെട്ടവനെ മനസ്സുകൊണ്ട് യാത്രയാക്കുകയാണ് കണ്ണൂരുകാർ. സന്ദീപ് ഗോവിന്ദ് photo: ലൈബ്രറി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:58 PM GMT Updated On
date_range 2020-11-27T05:28:10+05:30ദൈവത്തിെൻറ സ്വന്തം കണ്ണൂർ
text_fieldsNext Story