Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിയേറ്റ കർഷകർ...

കുടിയേറ്റ കർഷകർ ചോദിക്കുന്നു; സോളാർ വേലിയെവിടെ..?

text_fields
bookmark_border
കുടിയേറ്റ കർഷകർ ചോദിക്കുന്നു; സോളാർ വേലിയെവിടെ..? പടം : SKPM AggriCap: ചന്ദനക്കാംപാറയിൽ കാട്ടാനക്കൂട്ടം തകർത്ത കൃഷിയിടം (ഫയൽ ചിത്രം) ..... Special ..ശ്രീകണ്ഠപുരം: മണ്ണിൽ വിയർപ്പൊഴുക്കി വിളയിച്ച വിളകളെല്ലാം കാട്ടാനയും മറ്റ് വന്യമൃഗങ്ങളും കൈയ്യടക്കി നശിപ്പിക്കുമ്പോൾ കണ്ണീരുമായി നോക്കി നിൽക്കുകയാണ് മലമടക്കുകളിലെ കുടിയേറ്റ കർഷകർ.ഉരുൾപൊട്ടലിലും കാറ്റിലും കൃഷി നശിച്ചവരും ഏറെയുണ്ട്. നാമമാത്ര നഷ്​ടപരിഹാരത്തിനായി കാലങ്ങൾ കാത്തിരിക്കുകയും സർക്കാർ ഒാഫിസുകൾ പലതവണ കയറിയിറങ്ങുകയും വേണം. കാട്ടാനക്കൂട്ടത്തെയടക്കം തടയാൻ സോളാർ വേലി പണിയുമെന്ന് പറഞ്ഞിട്ടും ഇതുവരെ അതുണ്ടായിട്ടില്ല.കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് കർഷകർ രാപ്പകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി വിളകൾക്ക് കാവലിരിക്കുന്നത്. പടക്കം പൊട്ടിച്ചും മറ്റ് ശബ്​ദമുണ്ടാക്കിയും തീ കത്തിച്ചുമാണ് ആനകളെയും മറ്റും തുരത്തുന്നത്​. എന്നാൽ, എല്ലാം മറികടന്ന് അവയെല്ലാം വീണ്ടും കൃഷിയിടത്തിലേക്കുതന്നെ വരും. ഇതുകാരണം പയ്യാവൂർ, ഏരുവേശി പഞ്ചായത്തുകളിലെ കർഷകരാണ് തീരാദുരിതത്തിലായത്.കേളകം, ഇരിട്ടി മേഖലയിലെ അതിർത്തി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്​തമല്ല. കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ചിറ്റാരി, ഏലപ്പാറ, വഞ്ചിയം, കുടിയാൻമല, മുന്നൂർകൊച്ചി, ചീത്തപ്പാറ മേഖലകളിലെല്ലാം കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്. ഇത്തവണ ഉരുൾപൊട്ടിയും ഇവിടങ്ങളിൽ കൃഷി നാശമുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് കാഞ്ഞിരക്കൊല്ലിയിലെ അറയ്ക്കപ്പറമ്പിൽ ബെന്നിയുടെ വാഴയും റബർത്തൈകളും കാട്ടാനകൾ നശിപ്പിച്ചിരുന്നു. കാഞ്ഞിരക്കൊല്ലി ഏലപ്പാറ മതിലേരി റോഡിൽ ആനയിറങ്ങി ജേക്കബ് കണംപാറയിൽ, സുരേഷ് മടത്തേടത്ത് എന്നിവരുടെ രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷികൾ നശിപ്പിച്ചിരുന്നു. നെല്ല്, കപ്പ, ചേമ്പ് എന്നീ വിളകളാണ് ആനകൾ നശിപ്പിച്ചത്. ഇവരുടെ കൃഷിയിടം വേലികെട്ടിത്തിരിച്ചാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ, അതും തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കെത്തിയത്. മാസങ്ങൾക്കുമുമ്പ് പയ്യാവൂർ ഷിമോഗയിൽ വീട്ടുപരിസരത്തെത്തിയ കുട്ടിക്കൊമ്പൻ കുഴിയിൽ വീണതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ച സംഭവമുണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയിൽ ആന ചെരിഞ്ഞത് ഏറെ വിവാദവുമായി. കാട്ടാനക്കൂട്ടത്തിനു പുറമെ കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും ഈ മേഖലകളിൽ രൂക്ഷമാണ്.കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. നിരവധി നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും വന്യമൃഗ ശല്യത്തിനു മാത്രം ഒരു പരിഹാരവുമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പലരും വായ്പയെടുത്തും മറ്റുമാണ് കൃഷി ചെയ്യുന്നത്. പാടാംകവല, ആടാംപാറ, നറുക്കുംചീത്ത, ഷിമോഗ കോളനി, വഞ്ചിയം, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചുമാസങ്ങളായി കാട്ടാന ശല്യം കൂടിവരുകയാണ്. പ്രകൃതി ദുരന്തങ്ങളോടൊപ്പം വന്യമൃഗശല്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് മലയോരത്തെ കർഷകർ. കുടിയിറങ്ങുന്ന കർഷകർനിരവധി വർഷങ്ങളായി വന്യമൃഗശല്യം കൊണ്ട് കഷ്​ടപ്പെടുകയാണ് മലയോരത്തെ ജനങ്ങൾ. എന്ത് കൃഷി ചെയ്താലും രക്ഷയില്ല. ഒന്നുകിൽ ഉരുൾപൊട്ടലോ കാറ്റോ എല്ലാം നശിപ്പിക്കും. അല്ലെങ്കിൽ വന്യമൃഗങ്ങൾ നശിപ്പിക്കും. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ കുടിയിറങ്ങാൻ ആലോചിച്ചത്.കർണാടക വനത്തിൽ നിന്നും ഇറങ്ങിവരുന്ന ആനക്കൂട്ടത്തെ ഭയന്നുവിറച്ചാണ് കുട്ടികളും പ്രായമായവരും കഴിയുന്നത്. കർഷകരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം. പല ദിവസങ്ങളിലും കൃഷിക്കാർ ഓടാനുള്ള ശേഷികൊണ്ട് മാത്രമാണ് ആനക്കൂട്ടത്തിനു മുന്നിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ഇരിട്ടി മേഖലയിലടക്കം കാട്ടാന കർഷകരെ ചവിട്ടിക്കൊന്ന സംഭവം പോലുമുണ്ടായിട്ടും അധികൃതർ കർഷകരക്ഷക്കുള്ള നടപടികൾ കർശനമാക്കിയിട്ടില്ല.അനവധി കൃഷിക്കാർ കിട്ടിയ വിലക്ക് സ്ഥലം വിറ്റ് തങ്ങളുടെ സ്വപ്നഭൂമിയിൽ നിന്ന് കുടിയിറങ്ങുകയാണ്. ഇത് മുതലെടുത്ത് ഭൂമാഫിയ മലമടക്കുകൾ കൈയ്യടക്കാനും തുടങ്ങിയിട്ടുണ്ട്.പലതവണ വിവിധ കർഷക സംഘടനകൾ നൽകിയ നിവേദനത്തെ തുടർന്ന് സോളാർ വേലി ഉടൻ സ്ഥാപിക്കുമെന്ന് വനം മന്ത്രി കെ. രാജു പ്രഖ്യാപിരുന്നു. മതിലേരി തട്ട് മുതൽ ശാന്തിനഗർ വരെ 13 കിലോമീറ്റർ വനാതിർത്തിയിൽ സോളാർ വേലി നിർമിക്കാനാണ് സർക്കാർ ഫണ്ട് അനുവദിച്ച് ടെൻഡർ നൽകിയത്. എന്നാൽ, ഇതുവരെ പണി തുടങ്ങിയിട്ടില്ല. സോളാർ വേലി വൈകുന്നത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ,കോവിഡ്​ പശ്ചാത്തലത്തിലാണ് നിർമാണ പ്രവൃത്തി വൈകിയതെന്നും അതിവേഗത്തിൽ സോളാർ വേലിയൊരുക്കുമെന്നുമാണ് വനം വകുപ്പധികൃതർ പറയുന്നത്.....പി.മനൂപ്
Show Full Article
TAGS:
Next Story