Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചരിത്രം കോർത്തിണക്കിയ ...

ചരിത്രം കോർത്തിണക്കിയ കുറുവ പാലവും ചരിത്രത്തിലേക്ക്​

text_fields
bookmark_border
ആറുപതിറ്റാണ്ട്​ പിന്നിട്ട പാലത്തിനുപകരം പുതിയത്​ നിർമിക്കാൻ 6.56 കോടിയുടെ ഭരണാനുമതി കണ്ണൂർ: ചരിത്രത്തിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ്​ കാനാമ്പുഴക്ക്​ കുറുകെയുള്ള കുറുവ പാലത്തിനുള്ളത്​. ആറ്​ പതിറ്റാണ്ട്​ പിന്നിട്ട പാലത്തിനു പകരം പുതിയത്​ നിർമിക്കാനുള്ള ശ്രമത്തിലാണ്​ സർക്കാർ. ഇതിന്​ 6.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ, ബലക്ഷയം സംഭവിച്ചു തുടങ്ങിയ പഴയപാലത്തിനു പകരം പുതിയ പാലം യാഥാർഥ്യമാകുകയാണ്​. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്​. പൊതുമരാമത്ത്​ റോഡ്സ് ആൻഡ്​്​ ബ്രിഡ്ജസ്​ കോർപറേഷനാണ്​ നിർമാണ ചുമതല. ചിറക്കൽ -അറക്കൽ രാജവംശം തോണി യാത്രയിലൂടെ നടത്തിയ സ്നേഹബന്ധത്തി‍ൻെറ കഥപറയുന്ന പാലം ഒരു കാലത്ത് മരപ്പലക കൊണ്ട് നിർമിച്ചതായിരുന്നു. കുറുവ, കടലായി, തോട്ടട, കാഞ്ഞിര, അവേര എന്നീ അഞ്ച് ദേശക്കാർക്ക് പരസ്പരം ബന്ധപ്പെടാൻ കുറുവ മരപ്പാലം മാത്രമായിരുന്നു അക്കാലത്തെ ഏക ആശ്രയം. കണ്ണൂർ സിറ്റിയാണ് അന്നത്തെ പ്രധാന വ്യാപാര കേന്ദ്രം. നൂറുകണക്കിനാളുകളാണ്​ അന്നത്തെ മരപ്പാലത്തെ ആശ്രയിച്ചിരുന്നത്​. 1957ലെ ആദ്യത്തെ മന്ത്രിസഭയിലെ കണ്ണൂർ എം.എൽ.എ സി. കണ്ണനാണ് ബണ്ട്​പാലത്തിനും കുറുവ പാലത്തിനും ആദ്യം ആവശ്യം ഉയർത്തിയത്. ഇതേത്തുടർന്ന്​ ബണ്ട്​പാലം ഒരു വർഷം കൊണ്ട് യാഥാർഥ്യമായി. എന്നാൽ, കുറുവ പാലം യാഥാർഥ്യമായത് വീണ്ടും രണ്ടുവർഷം കഴിഞ്ഞ്​ 1959ലായിരുന്നു. ആ സമയത്ത് കണ്ണൂരിലെ എം.എൽ.എയും കേരള മുഖ്യമന്ത്രിയും ആർ. ശങ്കറായിരുന്നു. 60 വർഷം പിന്നിട്ട പാലത്തിന് ഇപ്പോൾ ബലക്ഷയമുണ്ടെന്ന് പി.ഡബ്ല്യു.ഡി അധികൃതരാണ്​ കണ്ടെത്തിയത്​. ഇതി‍ൻെറ അടിസ്ഥാനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശദ സാങ്കേതിക പഠനത്തിന് ആവശ്യപ്പെടുകയും പുതിയ പാലത്തിന് ബജറ്റ് തുക അനുവദിക്കുകയും ചെയ്തു. കാനാമ്പുഴക്ക് കുറുകെയുള്ള ഈ പാലത്തിന് പകരം 50.4 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പുതിയ പാലമാണ്​ നിർമിക്കുക. ഇതിനെ അനുബന്ധ റോഡുകളായി ബന്ധിക്കും. തയ്യിൽ ഭാഗത്ത് 180 മീറ്ററും കടലായി ഭാഗത്ത് 150 മീറ്ററുമാണ് ഇത്. ഒരു വർഷം കൊണ്ട് പുതിയ കുറുവ പാലം പണിത് ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
Show Full Article
TAGS:
Next Story