Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 2020-09-04T05:29:09+05:30മത്സ്യ വ്യാപാരിക്കും കുടുംബത്തിനും കോവിഡ്: തലശ്ശേരി മാർക്കറ്റും പരിസര റോഡുകളും അടച്ചു
text_fieldsമട്ടാമ്പ്രം, ഗോപാലപേട്ട തീരദേശ മേഖലയിലും ന്യൂ മാഹിയിലും രോഗവ്യാപനം കൂടി തലശ്ശേരി: തലശ്ശേരി മൊത്ത മത്സ്യ മാർക്കറ്റിലെ വ്യാപാരിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ ചില്ലറ-മൊത്ത മത്സ്യ മാർക്കറ്റുകൾ പൊലീസും ആരോഗ്യ വിഭാഗവും ചേർന്ന് അടപ്പിച്ചു. മാർക്കറ്റിൽ പ്രവേശിക്കുന്ന മൂന്നോളം റോഡുകളും പരിസരത്തുള്ള കടകളും അടച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ എട്ടോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് തലശ്ശേരി കടൽതീരത്തോട് ചേർന്നുള്ള മത്സ്യ മാർക്കറ്റുകൾ അടച്ചിടേണ്ടി വന്നത്. നേരത്തെ മൊത്ത മത്സ്യമാർക്കറ്റിലെ വ്യാപാരികളായ ധർമടം സ്വദേശികളുടെ കുടുംബത്തിൽ രോഗബാധയും മരണവും നടന്നതിൻെറ പശ്ചാത്തലത്തിലായിരുന്നു നടപടി. ഒരു മാസത്തിലേറെയാണ് അന്ന് മാർക്കറ്റുകൾ അടച്ചിട്ടത്. പിന്നീട് രണ്ടുവട്ടം അണുനശീകരണം നടത്തി സുരക്ഷ ഉറപ്പുവരുത്തിയാണ് മാർക്കറ്റ് തുറന്നുപ്രവർത്തിച്ചത്. നഗരസഭയിലെ ചില വാർഡുകൾ ഇപ്പോഴും ക്ലസ്റ്റർ മേഖലയായി തുടരുകയാണ്. മട്ടാമ്പ്രം, ഗോപാലപേട്ട തീരദേശ മേഖലയിലും ന്യൂ മാഹിയിലും രോഗവ്യാപനം കൂടുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ചില്ലറ മത്സ്യമാർക്കറ്റും മാംസ മാർക്കറ്റും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും െപാലീസ് അടപ്പിച്ചത്. മട്ടാമ്പ്രം വാർഡിൽ സമൂഹവ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. നഗരത്തിലെ പ്രധാന വാണിജ്യമേഖല സ്ഥിതിചെയ്യുന്നത് ഇൗ വാർഡിലാണ്. ഇവിടത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ന്യൂ മാഹി മുതൽ മട്ടാമ്പ്രം വരെയുള്ള തീരദേശ മേഖലകളിൽ സമൂഹവ്യാപനം ആശങ്കയുളവാക്കുന്നുണ്ട്.
Next Story