Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 2020-08-25T05:28:15+05:30നിരക്ക് വർധിപ്പിച്ചിട്ടും സ്വകാര്യ ബസുകൾ കട്ടപ്പുറത്ത്
text_fieldsപ്രതിസന്ധിയിൽ തൊഴിലാളികളും യാത്രക്കാരും ശ്രീകണ്ഠപുരം: യാത്രാനിരക്ക് വർധിപ്പിച്ചിട്ടും ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞാണ് ഉടമകൾ സർവിസുകൾ പുനരാരംഭിക്കാൻ മടിക്കുന്നത്. ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിലായി. മലമടക്ക് ഗ്രാമങ്ങളായ പയ്യാവൂർ, ചെമ്പേരി, ഏരുവേശ്ശി, ചെമ്പന്തൊട്ടി, മലപ്പട്ടം തുടങ്ങിയ കിഴക്കൻ മലയോര മേഖലയിലെ യാത്രക്കാരാണ് കൂടുതൽ വലയുന്നത്. ഒന്നോ രണ്ടോ ബസുകൾ മാത്രം ഓടുന്ന കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി തുടങ്ങി പല ഗ്രാമങ്ങളിലെയും ബസ് സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. കൂലിത്തൊഴിലാളികളും ആശുപത്രികളിൽ പോകുന്നവരുമുൾപ്പെടെ ബസില്ലാത്തതിനാൽ പെരുവഴിയിലാകുന്ന അവസ്ഥയാണ്. ഉയർന്ന വാടക നൽകി ടാക്സികളും ഓട്ടോകളും ആശ്രയിക്കേണ്ട ഗതികേടാണ് ഇവർക്ക്. ബസ് ജീവനക്കാരിൽ പലരും മറ്റു തൊഴിലുകളിൽ അഭയം തേടി. നാളിതുവരെ ട്രേഡ് യൂനിയൻ എന്ന നിലയിൽ പണം പിരിച്ച സംഘടനകൾ പോലും ദുരിതകാലത്ത് സഹായത്തിനെത്തിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഓടുന്ന ബസുകളിൽ തന്നെ ക്ലീനർമാരെ ഒഴിവാക്കിയതുമുണ്ട്. അതേസമയം, ഉടമകൾക്ക് മൂന്നുമാസത്തെ നികുതിയും ക്ഷേമനിധി വിഹിതം അടക്കുന്നതും സർക്കാർ ഒഴിവാക്കിനൽകിയിട്ടുണ്ട്. ബസ് സർവിസ് പുനരാരംഭിക്കാത്തവരുടെ പെർമിറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഓണ ബോണസും ത്രിശങ്കുവിലാണ്. കഴിഞ്ഞ വിഷുവിന് ഭൂരിഭാഗം തൊഴിലാളികൾക്കും ബോണസ് ലഭിച്ചിരുന്നില്ല. മുഴുവൻ തൊഴിലാളികൾക്കും ബോണസ് നൽകണമെന്ന് ബസ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് ഡിവിഷൻ കമ്മിറ്റി ആവശ്യെപ്പട്ടു.എന്നാൽ, ഒരുവിധത്തിലും മുന്നോട്ടുപോകാനാവാത്തതിനാലാണ് ബസ് ഓടാത്തതെന്ന് ഉടമകൾ പറയുന്നു.
Next Story