Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 2020-08-22T05:28:10+05:30ഓണക്കച്ചവടം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി
text_fieldsകണ്ണൂർ: കണ്ടെയ്ന്‍മൻെറ് സോണുകളില്‍ ഉള്‍പ്പെടാത്ത മേഖലകളില്‍ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് നിബന്ധനകളോടെ ജില്ല കലക്ടര്‍ അനുമതി നല്‍കി. വൈകീട്ട് ആറുവരെ മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. സ്ഥാപനത്തില്‍ ഒരുസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സ്ഥലവിസ്തൃതി കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് ഉള്‍ക്കൊള്ളാവുന്ന ആളുകളെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രവേശിപ്പിക്കാം. ഇതുസംബന്ധിച്ച വിവരം സ്ഥാപന ഉടമകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. സ്ഥാപനങ്ങളിലും പരിസരത്തും സാമൂഹിക അകലം, മാസ്‌ക് ധാരണം, സാനിറ്റൈസറിൻെറ ഉപയോഗം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ഗുണഭോക്താക്കള്‍ നേരിട്ട് സാധന സാമഗ്രികള്‍ തിരഞ്ഞെടുക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസറിന് പുറമെ ഗ്ലൗസ് കൂടി സ്ഥാപന ഉടമകള്‍ ലഭ്യമാക്കേണ്ടതാണ്. വലിയ കച്ചവടസ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക കവാടങ്ങള്‍ സജ്ജീകരിച്ചോ ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയോ തിരക്ക് ഒഴിവാക്കണം. മറ്റു നിർദേശങ്ങള്‍: ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കണം സ്ഥാപനങ്ങളില്‍ കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കരുത്. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് സ്ഥാപന ഉടമകള്‍ നിശ്ചിത സമയം മാത്രം അനുവദിച്ചുനല്‍കണം. സ്ഥാപനത്തിനു പുറത്ത് ഉപഭോക്താക്കള്‍ നിശ്ചിത അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്യേണ്ടതും ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ക്യൂ മാനേജര്‍മാര്‍മാരായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കേണ്ടതുമാണ്. സ്ഥാപനങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് അവശ്യസാധനങ്ങളുടെ (പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ) കിറ്റുകള്‍ വില്‍പനക്കായി മുന്‍കൂട്ടി തയാറാക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ അനധികൃത വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കില്ല. ഇലക്ട്രോണിക് ഷോപ്പുകള്‍, വസ്ത്ര വ്യാപാര മേഖലകള്‍ എന്നിവിടങ്ങളില്‍ കറന്‍സി ഉപയോഗം കുറച്ച്, പരമാവധി ഓണ്‍ലൈന്‍ പേമൻെറ് സംവിധാനം ഉപയോഗപ്പെടുത്തണം. വസ്ത്രാലയങ്ങളില്‍ ഉപഭോക്താക്കളെ വസ്ത്രം ധരിച്ചു നോക്കി തിരഞ്ഞെടുക്കാന്‍ അനുവദിക്കരുത്. ഇലക്ട്രോണിക് ഷോപ്പുകളില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തി വില്‍പന നടത്തേണ്ടതാണ്. സാധനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങുന്നതിനായി സ്ഥാപനവുമായി ബന്ധപ്പെട്ട നമ്പറുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ സഹിതം പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. അതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലെ 'ഓണ്‍ലൈന്‍ സന്ദര്‍ശക രജിസ്റ്റര്‍' സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പൂക്കളുടെ വില്‍പന അനുവദിക്കില്ല. പൊതുസ്ഥലങ്ങളില്‍ ഒരുവിധ ഓണാഘോഷ പരിപാടികളും അനുവദിക്കില്ല.
Next Story