Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 2020-08-14T05:28:37+05:30തളിപ്പറമ്പ്-–ഇരിട്ടി സംസ്ഥാന പാതയില്‍ അപകടഭീഷണിയൊരുക്കി വന്മരങ്ങള്‍
text_fieldsമരം വീണ് വൈദ്യുതി ലൈനുകള്‍ തകരുന്നത് തുടർക്കഥ; കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം ഇരിക്കൂര്‍: തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുന്നതും വൈദ്യുതി ലൈനുകള്‍ തകരുന്നതും പതിവാകുന്നു. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും അപകടാവസ്ഥയിലുളളത് നിരവധി കൂറ്റന്‍ മരങ്ങളാണ്. കാലവര്‍ഷം ശക്തമായ ശേഷം നിരവധി മരങ്ങളാണ് കടപുഴകിയത്. പാത വഴിയുളള ഗതാഗതം തടസ്സപ്പെടുന്നത് തുടര്‍ക്കഥയാണ്. കഴിഞ്ഞദിവസം രാവിലെ പെരുമണ്ണ് സ്‌കൂളിന് സമീപം മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അതിരാവിലെ വാഹനങ്ങള്‍ കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. വൈദ്യുതിലൈന്‍ തകര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞദിവസം പാതയുടെ ഭാഗമായ പെരുവപറമ്പില്‍ മരം വീണ് ട്രാന്‍സ്‌ഫോമറടക്കം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിക്ക് മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പെരുമണ്ണ് ഒ.എന്‍.വി വായനശാലക്ക് സമീപവും കഴിഞ്ഞ ദിവസം കൂറ്റന്‍ മരം കടപുഴകി വന്‍ നാശനഷ്ടമുണ്ടായിരുന്നു. മൂന്നോളം വൈദ്യുതി തൂണുകൾ തകര്‍ന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. വാഹന യാത്രക്കാര്‍ ഭാഗ്യംകൊണ്ടാണ് പലപ്പോഴും രക്ഷപ്പെടുന്നത്. കാറ്റൊന്നടിച്ചാല്‍ റോഡരികിലെ മരം പാതയുടെ ഭാഗങ്ങളില്‍ എവിടെയെങ്കിലും കടപുഴകിയിരിക്കും എന്നതാണ് നിലവിലെ സ്ഥിതി. അതോടെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറാകും. കൂറ്റന്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മണിക്കൂറുകളെടുക്കും. വര്‍ഷക്കാലത്ത് വൈദ്യുതി തകരാറുകള്‍ പതിവായതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളെടുക്കും. കൂറ്റന്‍ മരം കടപുഴകിയാല്‍ മുറിച്ചു മാറ്റാനും ഏറെ സമയമെടുക്കുകയാണ്. മട്ടന്നൂരില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഫയര്‍ഫോഴ്‌സ് എത്തി വേണം മരം മുറിച്ചു മാറ്റാന്‍. പലപ്പോഴും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന കാലപ്പഴക്കം ചെന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ ജനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കാറുണ്ടെങ്കിലും മുറിച്ചു നീക്കാന്‍ അധികൃതര്‍ തയാറാവാറില്ല. അതേസമയം അനാവശ്യമായി മരങ്ങള്‍ പലപ്പോഴും ലേലം ചെയ്ത് കൊടുക്കുന്ന സ്ഥിതിയുമുണ്ട്. കൃത്യമായ കണക്കെടുത്ത് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ വന്‍ അപകടം വിളിച്ചു വരുത്തലാകും ഫലം.
Next Story