You are here

സി.പി.എം സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറിനെതിരെ –ഡീൻ ക​ുര്യാക്കോസ്​ 

12:19 PM
16/07/2020

തൊടുപുഴ: ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വന്ന ഹരജിക്കെതിരെ സി.പി.എം സമരം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറിനെതിരെയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

ഗോവ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി സ്ഥിതി വഷളാക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്​. 

സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇനിയും അഭിപ്രായം പറയാത്തത് ആശങ്കജനകമാണ്. 2013ല്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ പി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ യ​ു.പി.എ സര്‍ക്കാര്‍ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഇ.എസ്.എയില്‍നിന്ന്​ പൂര്‍ണമായും ഒഴിവാക്കി കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. 

കസ്തൂരിരംഗന്‍ ശിപാര്‍ശ ചെയ്ത 59,940 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇ.എസ്.എ പരിധി 56,825 സ്‌ക്വയര്‍ കിലോമീറ്ററായി രാജ്യത്താകമാനവും കേരളത്തില്‍ 9993.24 സ്‌ക്വയര്‍ കിലോമീറ്ററായും ഇതി​​െൻറ അടിസ്ഥാനത്തിലാണ് നിജപ്പെടുത്തിയത്. ഇതുപ്രകാരം കേരളത്തിലെ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായും ഇ.എസ്.എ പരിധിക്ക് പുറത്താണ്.

അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകും. ഈ സാഹചര്യത്തില്‍ കേരളം 1337 സ്‌ക്വയര്‍ കിലോമീറ്റര്‍ ചതുപ്പും പാറക്കെട്ടും ആള്‍പാര്‍പ്പില്ലാത്ത ഭാഗവും കൂടി ഇ.എസ്.എയില്‍നിന്ന​്​ ഒഴിവാക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

പരിസ്ഥിതി സംഘടനകള്‍ അതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോകാതിരിക്കാനാണ് അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഈ ശിപാര്‍ശ നല്‍കാത്തത്. ഇപ്പോള്‍ ഇടത്​ സര്‍ക്കാര്‍ ഈ ആവശ്യം മുന്നോട്ട് വെക്കുമ്പോള്‍ കേന്ദ്രത്തിന് കത്ത് നൽകിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. 

സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ സീനിയര്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഈ മാസം ആദ്യം കത്ത് നല്‍കിയതാണ്, ഇതുവരെയും പ്രതികരണം വന്നിട്ടില്ല. ഈ പ്രശ്‌നത്തില്‍ ഇടുക്കിയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും.

സി.പി.എം തനിക്കെതിരെ ധര്‍ണ നടത്തുന്നത് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറച്ചു​െവക്കാന്‍ വേണ്ടിയാണെന്നും ഡീന്‍ പറഞ്ഞു.

Loading...
COMMENTS