കോതമംഗലം: ഏഴുവർഷമായി തകർന്നുകിടന്ന നേര്യമംഗലം-നീണ്ടപാറ-കരിമണൽ-തട്ടേക്കണ്ണി-പനംകുട്ടി റോഡിൻെറ ടാറിങ് നടത്തി ബാക്കിയുള്ള ഭാഗം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിനായി 2018ൽ കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 28 കോടി അനുവദിക്കുകയും 2019ആഗസ്റ്റ് ഒമ്പതിന് റോഡ് പണി ഉദ്ഘാടനവും ചെയ്തതാണ്. അഞ്ചു കി.മീറ്റർ ഭാഗം മാത്രമാണ് ടാറിങ് പൂർത്തീകരിച്ചത്. നടുവൊടിഞ്ഞാണ് ആളുകൾ ഈ വഴി യാത്ര ചെയ്യുന്നത്. പൊടിശല്യം വളരെ രൂക്ഷമായതിനാൽ ബസ് യാത്രയും കാൽനടയും ദുസ്സഹമാണ്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ റോഡിൽ നിരത്തിയ മണലിലും ചരലിലും തെന്നിവീഴുന്നത് നിത്യസംഭവമാണ്. പണി നടക്കുെന്നന്ന പേരിൽ കരാറുകാരൻ റോഡിലും പ്രദേശവാസികളുടെ കണ്ണിലും പൊടിയിടൽ മാത്രമാണ് നടത്തുന്നത്. എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ രാത്രിയും പകലുമായി അമ്പതോളം സർക്കാർ, സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നതാണ്. റോഡിൻെറ ദുരവസ്ഥമൂലം 75 ശതമാനം ബസും സർവിസ് നിർത്തി. നേര്യമംഗലം-നീണ്ടപാറ-പനംകുട്ടി റോഡ് ടാറിങ് പൂർത്തിയായാൽ മൂന്നാറിനുള്ള ബൈപാസായി ഉപയോഗിക്കാവുന്നതാണ്. നേര്യമംഗലത്തുനിന്ന് ഒരേ ദൂരമാണ് നിലവിെല നേര്യമംഗലം-ചീയപ്പാറ-അടിമാലി-മൂന്നാർ ദേശീയപാതയും നേര്യമംഗലം-പനംകുട്ടി-കല്ലാറുകുട്ടി-ശല്യാംപാറ-ആനച്ചാൽ-മൂന്നാർ പാതയും. അതുമൂലം നേര്യമംഗലം അടിമാലി-മൂന്നാർ ദേശീയപാതയിലെ തിരക്ക് കുറക്കാനും നേര്യമംഗലം മുതൽ 10ാം മൈൽ വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. റോഡ് പണി വൈകുന്നതിനെതിരെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് നാട്ടുകാർ പരാതി നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 12:08 AM GMT Updated On
date_range 2021-02-06T05:38:29+05:30നേര്യമംഗലം-നീണ്ടപാറ-പനംകുട്ടി റോഡ് പണി വൈകുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക്
text_fieldsNext Story