ആറാട്ടുപുഴ: പ്രവർത്തിച്ചുകൊണ്ടിരുന്ന ടി.വി തീപിടിച്ച് പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. മുതുകുളം വടക്ക് ചൂളത്തെരുവ് നന്ദനത്തിൽ അശോക് കുമാറിെൻറ വീട്ടിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ടി.വി കണ്ടുകൊണ്ടിരുന്ന മകൾ അപർണ ഇടക്ക് പുറത്തേക്ക് പോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.
ഇതിനാൽ അപകടം ഒഴിവായി. വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടർന്നതിനെത്തുടർന്ന് ജനൽ ഗ്ലാസുകളും പൊട്ടിത്തെറിച്ചു. കൂടാതെ സമീപത്തുണ്ടായിരുന്ന ലാപ്ടോപ്, തടിക്കസേര, ടി.വി സ്റ്റാൻഡ്, എമർജൻസി തുടങ്ങിയ സാധനങ്ങളും തീപിടിച്ച് നശിച്ചു. ടി.വി കത്തിച്ചാമ്പലായി. വിവരം അറിയിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചശേഷം തീ അണക്കുകയായിരുന്നു.
പാചകവാതക സിലിണ്ടറും ഇവർ പുറത്തേക്ക് മാറ്റി. തൊട്ടുപിറകെ ഹരിപ്പാടുനിന്ന് അഗ്നിരക്ഷാസംഘവും സംഭവസ്ഥലത്തെത്തി. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.