You are here

ചാരുംമൂട്ടിൽ എസ്.എഫ്.ഐ- എസ്.ഡി.പി.ഐ സംഘർഷം

13:34 PM
02/07/2018
Abhimanyu

ചാരുംമൂട്​ (ആലപ്പുഴ): എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന്​ ചാരുംമൂട്ടിൽ  എസ്.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. മർദനത്തിൽ ഏരിയ സെക്രട്ടറിക്ക്  ഗുരുതര പരിക്കേറ്റു.

എസ്.എഫ്.ഐ ചാരുംമൂട് ഏരിയ സെക്രട്ടറിയും പത്തനംതിട്ട സ്വകാര്യ ലോകോളജ് ഒന്നാം വർഷ വിദ്യാർഥിയുമായ ചാരുംമൂട് കുന്നിൽ വടക്കതിൽചുനക്കര കുന്നിൻ പാകത്ത് മുസ്തഫയുടെ മകൻ  നൗജാസ് (24), യൂനിറ്റ് കമ്മിറ്റിയംഗം ചുനക്കര നൂറനാട് പണയിൽ ഭാസ്കര അയ്യത്ത് അനിൽ കുമാറി​​െൻറ മകൻ കാക്കരയ്യത്ത് അജയ് (17) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് വെട്ടേറ്റ അജയിനെയും തലക്ക് പരിക്കും നട്ടെല്ലിന് പൊട്ടലുമേറ്റ നൗജാസിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്പത്​ മണിയോടെയായിരുന്നു സംഭവം. അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പുമുടക്കി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. താമരക്കുളം വി.വി.എച്ച്.എസ് സ്കൂളിന്​ മുന്നിൽ കരിങ്കൊടി ഉയർത്തിയശേഷം പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ വിവിധ വിദ്യാർഥി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിച്ചു. ചാരുംമൂട് ജങ്​ഷനിൽ സ്ഥാപിച്ചിരുന്ന എസ്.ഡി.പി.ഐയുടെ കൊടിമരവും ബോർഡുകളും നശിപ്പിക്കപ്പെട്ടു. വി.വി.എച്ച്.എസ്.എസ് സ്കൂളിനു മുന്നിൽ ഉയർത്തിയ എസ്.എഫ്.ഐയുടെ കൊടിമരവും ബൈക്കിലെത്തിയ സംഘം  നശിപ്പിച്ചു.  

പ്രകടനം കഴിഞ്ഞ് ബൈക്കിലെത്തിയ നൗജാസിനെ ചാരുംമൂട് ജങ്​ഷനിൽ എസ്.ഡി.പി.ഐ പ്രവർത്തകർ  തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ ഓടിയെത്തിയപ്പോൾ ജങ്​ഷനിലെ ഇരുമ്പുകടയിൽ വിൽക്കാൻ വെച്ചിരുന്ന ആയുധങ്ങൾ വലിച്ചെടുത്ത് വീശിയോടിച്ചു. സംഭവസ്ഥലത്തുനിന്ന്​ പോകാതെ നിന്ന അജയിനെ വെട്ടി പരിക്കേൽപ്പിച്ചു. 

സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചാരുംമൂട്ടിൽ പ്രകടനം നടത്തി. എസ്.ഡി.പി.ഐ പ്രവർത്തകരായ ഹൈറൂൺ, നിഷാദ്, സജാദ്​,നിഷാദ് എന്നിവർക്കെതിരെ കേസെടുത്തതായി  പൊലീസ് പറഞ്ഞു.ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ബിനു, മാവേലിക്കര സി.ഐ.പി.ശ്രീകുമാർ, നൂറനാട് എസ്.ഐ.ബിജു, വെണ്മണി, വള്ളികുന്നം, കുറത്തികാട് സ്​റ്റേഷനുകളിലെ എസ്.ഐ.മാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവുവരുത്തിയത്. 


എസ്.എഫ്.ഐ സമരം, തണ്ണീർപന്തലിൽ സംഘർഷം
ആയഞ്ചേരി:  എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പുമുടക്കിനിടയിൽ കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. വടകര ഏരിയ ജോ. സെക്രട്ടറി ആതിര പൊന്മേരി, ഹരികൃഷ്ൺ കല്ലേരി, വൈഷ്ണവ് എന്നിവർക്കാണ്​ പരിക്ക്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ അക്രമിച്ചെന്നാണ് പരാതി.

Loading...
COMMENTS