You are here

മെഡി. കോളജിന്​ പിന്നാലെ ജനറൽ ആശുപത്രിയിലും രോഗികൾക്ക്​ കോവിഡ്​

12:34 PM
29/07/2020
Kottayam General Hospital

കോട്ടയം: മെഡി. കോളജ്​ ആശുപത്രിക്ക്​​ പിന്നാലെ ജനറൽ ആശുപത്രിയിലും രോഗികൾക്ക്​ കോവിഡ് സ്ഥിരീകരിച്ചു​. രണ്ട്​ ഗർഭിണികളടക്കം നാലുപേർക്കാണ്​ ജനറൽ ആശുപത്രിയിൽ കോവിഡ്​ ​സ്ഥിരീകരിച്ചത്​. ഇതോടെ ഏഴ്​, എട്ട്​, നാല്​ വാർഡുകൾ അടച്ചു. ഒ.പിയിലെത്തിയ രണ്ട്​ ഗർഭിണികൾക്ക്​ തിങ്കളാഴ്​ചയാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മെഡിസിൻ വാർഡിൽ ഒരാൾക്കും. ഏഴ്​, എട്ട്​ വാർഡുകളിൽ കൂട്ടിരിപ്പുകാരടക്കം 17 പേരാണ്​ ഉണ്ടായിരുന്നത്​.

ഇവരെ ഇവിടെതന്നെ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്​. ഇവരുടെയെല്ലാം ആൻറിജൻ പരിശോധനഫലം നെഗറ്റിവ്​ ആയിരുന്നു. രോഗം ബാധിച്ചവരുടെ സമീപ കിടക്കകളിലുണ്ടായിരുന്നവർ അതിതീവ്ര സമ്പർക്കപ്പട്ടികയിൽ പെട്ടതിനാൽ ഇവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. നാലാം വാർഡിൽ പ്രസവം കഴിഞ്ഞ്​ ചൊവ്വാഴ്​ച ഡിസ്​ചാർജ്​ ചെയ്യാനിരുന്ന യുവതിക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവിടെയുണ്ടായിരുന്ന 37 ഗര്‍ഭിണികളെ പീഡിയാട്രിക് വാര്‍ഡിലേക്കു മാറ്റി.

അതിതീവ്ര സമ്പർക്കപ്പട്ടികയിൽപെട്ട ഗൈനക്കോളജി വിഭാഗത്തിലെ ഒരുഡോക്​ടർ, രണ്ട്​ ഹൗസ്​ സർജൻമാർ, രണ്ട്​ സ്​റ്റാഫ്​ നഴ്​സുമാർ എന്നിവരടക്കം അഞ്ച്​ ആരോഗ്യപ്രവർത്തകർ ക്വാറൻറീനിൽ പോയി. നിലവിൽ ജനറൽ ആശുപത്രിയിൽ ആറ്​ ആരോഗ്യപ്രവർത്തകർ​ കോവിഡ്​ ബാധിച്ച്​ ക്വാറൻറീനിലാണ്​​. മെഡി. കോളജിൽ ഗൈനക്കോളജി ഒ.പി അടച്ചതോടെ ജനറൽ ആശുപത്രിയെയാണ്​ ഗർഭിണികൾ ആശ്രയിക്കുന്നത്​. എന്നാൽ, ഇവിടെയും കോവിഡ്​ വ്യാപനമുണ്ടായത്​​ ആശങ്ക ഉയർത്തുന്നു.

കൂടുതൽ ജീവനക്കാർ ക്വാറൻറീനിൽ പോകുന്നതോടെ അടിയന്തരമായി ഇൻറർവ്യൂ നടത്തി ജീവനക്കാരെ എടുക്കാനുള്ള നീക്കത്തിലാണ്​ അധികൃതർ. 30 നഴ്​സുമാരുടെ കുറവ്​ ജനറൽ ആശുപത്രിയിലുണ്ട്​. 15 പേരെ അടുത്താഴ്​ച നിയമിക്കും. കോട്ടയം മെഡി. കോളജിൽ ഗൈനക്കോളജി വിഭാഗത്തിലെ 12 രോഗികൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതോടെയാണ്​ ഒ.പിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്​. 15 ഡോക്ടർമാരും 12 നഴ്സുമാരും 10 ജീവനക്കാരും ക്വാറൻറീനിൽ പോവുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഒഴികെ മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്​തിരുന്നു.

Loading...
COMMENTS