കേരളം തിളച്ചുതുടങ്ങി; സ്ഥിതി ഗുരുതരമെന്ന് ശാസ്ത്രജ്ഞര്‍
text_fields
തിരുവനന്തപുരം: ഇടവപ്പാതിക്കു പിന്നാലെ തുലാവര്‍ഷവും കൈവിട്ടതോടെ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. വരും ദിവസങ്ങളില്‍ സൂര്യാതപത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗൃഹനാഥന്‍ മരിച്ച പശ്ചാത്തലത്തിലാണ് അപകട സൂചന. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പല ജില്ലകളിലും ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥ വിദഗ്ധര്‍. പൊതുവില്‍ തണുപ്പ് അനുഭവപ്പെടുന്ന ഡിസംബറില്‍ തന്നെ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് വരും ദിവസങ്ങള്‍ ഭയപ്പെട്ടേ മതിയാകൂവെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആരോഗ്യവകുപ്പിന്‍െറ കണക്കനുസരിച്ച് കഴിഞ്ഞ മാര്‍ച്ച്-മേയ് മാസത്തെ ചൂടില്‍ സംസ്ഥാനത്ത് സൂര്യാതപമേറ്റ് 10 പേര്‍ മരിക്കുകയും 335 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തവണ പാലക്കാട് ചൂട് 42 ഡിഗ്രി കടക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം,ആലപ്പുഴ, പാലക്കാട്,കോട്ടയം,കൊല്ലം ജില്ലകളില്‍ 35 ഡിഗ്രിക്കു മുകളിലാണ് ചൂട്. ഇതേ ജില്ലകളില്‍ വെളുപ്പിന് അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് 24 ഡിഗ്രി വരെയാണ്. ഇത് കണക്കിലെടുത്ത് സ്കൂളുകളിലടക്കം ജാഗ്രത നിര്‍ദേശം നല്‍കാനുള്ള നടപടി ഒൗദ്യോഗികതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുമണിവരെ കുട്ടികളെ ക്ളാസ്മുറികളില്‍നിന്ന് പുറത്തിറക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ചൂട് വര്‍ധിക്കുന്നതോടെ ഉഷ്ണതരംഗത്തിനും മനുഷ്യനില്‍ ഉഷ്ണ സൂചികയിലും വര്‍ധനയുണ്ടാകുമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം.ജി. മനോജ് പറഞ്ഞു. മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ഥ ചൂടാണ് ഉഷ്ണസൂചിക.
കടലിലും ഭൂമധ്യരേഖക്ക് സമീപത്തുള്ള പ്രദേശങ്ങളിലും ചൂട് കൂടുന്നതിന്‍െറ ഫലമായി അന്തരീക്ഷത്തിലും ക്രമാതീതമായി ചൂട് വര്‍ധിക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം.
വടക്കു കിഴക്കന്‍ മണ്‍സൂണിലുണ്ടായ വന്‍കുറവാണ് ചൂട് വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ 27ശതമാനം അധികമഴ ലഭിച്ച കേരളത്തിന് ഈ സീസണില്‍ 61 ശതമാനം കുറവാണ് ഉണ്ടായത്. 475.1മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 184.4 മി.മീ മാത്രം. കഴിഞ്ഞ സീസണില്‍ 32 ശതമാനം അധികമഴ ലഭിച്ച കോഴിക്കോട്ട് ഇത്തവണ 82 ശതമാനം മഴ കുറവാണ് ലഭിച്ചത്.
വേണം ജാഗ്രതയും പ്രതിരോധവും
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസന പ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാകുക, തലവേദന, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ ചൂട് കൂടുന്നതുമൂലം അനുഭവപ്പെടാം. ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന്‍െറ അഭാവം, ചര്‍മം ചുവന്നുതടിക്കുക, പൊള്ളലേല്‍ക്കുക, തുടങ്ങിയവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാണ്. ശുദ്ധജലം ധാരാളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക, കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക.
സൂര്യാതപമേറ്റ് പൊള്ളലേറ്റാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ചെയ്യണം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. തണലുള്ള സ്ഥലത്തേക്ക് മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ശരീരമാസകലം തുടയ്ക്കണം. വിദഗ്ധ ചികിത്സക്ക് വിധേയമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
