പയ്യോളി: കെ റെയിൽ അലൈൻമെൻറിനെതിരെ ഇരിങ്ങൽ-മൂരാട് നിവാസികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മൂരാട് സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമുള്ള വലിയ കടവത്ത് പ്രദേശത്ത് നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തെ കീറിമുറിച്ചു കൊണ്ടുള്ള നിർദിഷ്ട കെ റെയിൽ അലൈൻമെൻറ് മാറ്റണമെന്ന് മൂരാട് ചേർന്ന അലൈൻമെൻറ് വിരുദ്ധസമിതി യോഗം ആവശ്യപ്പെട്ടു.
നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായി ബി ക്ലാസ്, സി ക്ലാസ് സ്ഥലങ്ങൾ നിലവിലിരിക്കെ ഈ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന തരത്തിലുള്ള അലൈൻമെൻറ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
കെ.കെ. കണ്ണൻ ചെയർമാനും നടുക്കുടി പത്മനാഭൻ വൈസ് ചെയർമാനും വി.കെ. ബിജു കൺവീനറും പ്രവീൺ നടുക്കുടി, പി.കെ. സനൽ എന്നിവർ ജോ. കൺവീനർമാരും കെ. രാജൻ ട്രഷററായും കെ റെയിൽ വിരുദ്ധ സമരസമിതി രൂപവത്കരിച്ചു.
നേരത്തെ കെ റെയിലിെൻറ അലൈൻമെൻറ് ജനവാസ മേഖലയായ നന്തി, പള്ളിക്കര പ്രദേശത്തുകൂടെയാണ് കടന്നുപോവേണ്ടിയിരുന്നത്. എന്നാൽ, നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയും തുടർന്നുള്ള കടുത്ത ജനകീയ എതിർപ്പുകാരണം അലൈൻമെൻറ് മാറ്റാൻ സർക്കാർ നിർബന്ധിതമാവുകയുമായിരുന്നു.