ഖലീൽ അഹമ്മദിനെ തേടി ഒടുവിൽ നീതിയെത്തി
text_fieldsകൊച്ചി: ഫാക്ടിൽനിന്ന് പിരിച്ചുവിട്ടതിനെതിരെ കാൽനൂറ്റാണ്ട് നീണ്ട നിയമയുദ്ധത് തിനൊടുവിൽ ഖലീൽ അഹമ്മദിനെ തേടി നീതിയെത്തി. ആന്ധ്ര കഡപ്പയിലെ ഫാക്ട് ഡിപ്പോയിൽ ഡിപ്പോ അസിസ്റ്റൻറായിരിക്കെ 1995ൽ ആന്ധ്ര നെല്ലൂർ സ്വദേശിയായ ശൈഖ് ഖലീൽ അഹമ്മദിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് കേരള ഹൈകോടതിയുടെ ഉത്തരവ്.
പിരിച്ചുവിടുേമ്പാൾ 46 വയസ്സുണ്ടായിരുന്ന ഖലീലിന് ഇപ്പോൾ 71 വയസ്സായതിനാൽ ജോലിയിൽ തിരികെ കയറ്റാൻ നിർദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.വി. ആശ, ഇതുവരെയുള്ള ശമ്പള കുടിശ്ശികയും വിരമിക്കൽ ആനുകൂല്യവും രണ്ടു മാസത്തിനകം നൽകാൻ ഉത്തരവിട്ടാണ് ഹരജി തീർപ്പാക്കിയത്. വളത്തിെൻറ സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 1992 നവംബർ 15ന് സസ്പെൻഡ് ചെയ്തതിനെതിരെ ഖലീൽ ആന്ധ്ര ഹൈകോടതിയിൽ ഹരജി നൽകി. ഇയാൾ ആവശ്യപ്പെട്ട വിവരങ്ങൾ ഫാക്ട് നൽകണമെന്ന് നിർദേശിച്ച് ഹരജി തീർപ്പാക്കി.
എന്നാൽ, ഫാക്ട് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി 1995 സെപ്റ്റംബർ 16ന് പിരിച്ചുവിട്ടു. ഇതിനെതിരായ അപ്പീലും തള്ളി. അതേസമയം, പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2002 ഫെബ്രുവരി ഒന്നിന് കഡപ്പ അഡീ. സെഷൻസ് കോടതി ഖലീലിനെ കുറ്റമുക്തനാക്കി. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ടിനെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. വീണ്ടും ആന്ധ്ര ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഖലീലിെൻറ നിവേദനം ഒന്നുകൂടി പരിഗണിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, നിവേദനം വീണ്ടും തള്ളിയതോടെ ഫാക്ടിെൻറ ആസ്ഥാനം കേരളത്തിലാണെന്നത് കണക്കിലെടുത്ത് കേരള ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ക്രമക്കേട് നടക്കുന്ന സമയത്ത് ഖലീലിന് ഡിപ്പോയുടെ ചുമതലയുണ്ടായിരുന്നുവെന്നതിനു നിയമപരമായ തെളിവുകളില്ലെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു. സ്റ്റോക് പരിശോധന നടക്കുമ്പോൾ ഹരജിക്കാരനടക്കം മൂന്നുപേർ ഡിപ്പോയിലുണ്ടായിരുന്നു. സ്റ്റോക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ ഖലീൽ ഒപ്പിട്ടു നൽകി. സീനിയർ ഡിപ്പോ മാനേജർ അവധിയിലായതിനാൽ ഖലീലിനാണ് ചുമതലയെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. സ്റ്റോക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ ഒപ്പിട്ടുവെന്നതു കൊണ്ടുമാത്രമാണ് കുറ്റക്കാരനാക്കിയത്. എന്നാൽ, ഇയാൾ പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്നു എന്നു മാത്രമാണ് ഒപ്പിട്ടു നൽകിയതിലൂടെ തെളിയുന്നതെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് അർബുദബാധിതനായ ഹരജിക്കാരെൻറ ശമ്പള കുടിശ്ശികയും വിരമിക്കൽ ആനുകൂല്യങ്ങളും കണക്കാക്കി രണ്ടു മാസത്തിനുള്ളിൽ നൽകാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
