You are here

രോഗികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം; പരാതിയിൽ ഇടപെട്ട്​ കലക്​ടർ

  • കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽനിന്നാണ് ഭക്ഷണം നൽകുന്നത്

12:22 PM
02/08/2020
കോവിഡ് ബാധിതർക്ക്​ നൽകിയ ഭക്ഷണം ഉപേക്ഷിച്ച നിലയിൽ

കട്ടപ്പന: കട്ടപ്പനയിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ചികിത്സകേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന്​ പരാതി. കുടുംബശ്രീ ജനകീയ ഹോട്ടലിൽനിന്ന്​ രോഗികളുടെ ഭക്ഷണം മാറ്റാൻ കലക്ടറുടെ നിർദേശം. 

രോഗികൾ കലക്ടറോട് പരാതിപ്പെട്ടതോടെ കഴിഞ്ഞദിവസം രാത്രി വില്ലേജ് ഓഫിസ് പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് നൽകുകയായിരുന്നു. കട്ടപ്പനയിലെ കോവിഡ് ഫസ്​റ്റ്​ ലൈൻ ചികിത്സ കേന്ദ്രത്തിൽ 60 പേരാണ് ചികിത്സയിലുള്ളത്. ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽനിന്നാണ് ഭക്ഷണം നൽകുന്നത്.

എന്നാൽ, ആദ്യദിവസം മുതൽ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞദിവസം ചെള്ളുനിറഞ്ഞ ചോറ് നൽകിയതിനെതിരെ രോഗികൾ പ്രതിഷേധമുയർത്തി.

എന്നിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം രാത്രിയിൽ കേടായ ഭക്ഷണം നൽകിയതോടെ രോഗികൾ കലക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് കലക്ടർ കട്ടപ്പന വില്ലേജ് ഓഫിസറോട് രോഗികൾക്ക് വേറെ ഭക്ഷണം നൽകാൻ നിർദേശിച്ചു.

രാത്രി 9.30ന്​ വില്ലേജ് ഓഫിസർ ചികിത്സയിൽ കഴിയുന്നവർക്ക് പകരം ഭക്ഷണം (ബിരിയാണി) എത്തിച്ച് നൽകുകയായിരുന്നു.

Loading...
COMMENTS