തിരൂർ: അഭിനയ ജീവിതത്തിൽ 50 തികച്ച് തിരൂർ ജോയൻറ് ആർ.ടി.ഒ അൻവർ. പ്രദർശനത്തിന് തയാറെടുക്കുന്ന പ്രിയദർശെൻറ മോഹൻലാൽ ചിത്രം 'മരക്കാർ -അറബിക്കടലിെൻറ സിംഹ'ത്തിലൂടെയാണ് സിനിമ ജീവിതത്തിൽ അൻവർ 50 പൂർത്തിയാക്കിയത്.
ഈ സിനിമയിൽ മികച്ചൊരു വേഷം ചെയ്യാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം. കാര്യസ്ഥെൻറ വേഷമാണ് ഈ ചിത്രത്തിൽ അൻവറിന്. നെഗറ്റിവ് കഥാപാത്രമാണ്.
അൻവറിെൻറ പിതാവും കുടുംബാംഗങ്ങളും നാടക നടന്മാരായിരുന്നു. സിനിമയിലേക്കുള്ള ചുവടുവെപ്പ് 1991ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'വക്കീൽ വാസുദേവ്' ചിത്രത്തിലൂടെയായിരുന്നു. നാടകം, മിമിക്രി എന്നിവയിലൂടെയാണ് സിനിമയിലേക്കുള്ള വഴി കണ്ടെത്തിയത്. നിരവധി സീരിയലുകളിലും വേഷമിട്ടു. 'ഹരിചന്ദനം' ആണ് ആദ്യ സീരിയൽ. ഇതിനകം 'ഒപ്പം', 'ഫയർമാൻ', 'ലക്കി സ്റ്റാർ', 'ഹീറോ', 'ദൃശ്യം', 'എന്നുനിെൻറ മൊയ്തീൻ' തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
'റിപ്പോർട്ടർ' സിനിമയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായും അഭിനയിച്ചു. നിരവധി സിനിമകളിൽ പൊലീസ് വേഷവും ചെയ്തു. ഭാര്യ: ലീന ബീവിയും മക്കൾ അൽത്താഫ്, അഫ്താബ്, അഷ്ഫാക്ക് എന്നിവരും ജീവിതയാത്രയിൽ ഒപ്പമുണ്ട്.